തിരുവനന്തപുരം: രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്നുള്ള മുഴുവന്‍ വോട്ടും പ്രതിപക്ഷ സ്ഥാനാര്‍ത്ഥി യശ്വന്ത് സിന്‍ഹയ്ക്ക് ലഭിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചതെങ്കിലും ഫലം വന്നപ്പോള്‍ എല്ലാവരും അമ്പരന്നു. എന്‍ഡിഎ സ്ഥാനാര്‍ത്ഥി ദ്രൗപദി മുര്‍മുവിന് ഒരു വോട്ട് കേരളത്തില്‍ നിന്നും കിട്ടി. സംസ്ഥാനത്തെ എംഎല്‍എമാരിലൊരാളുടെ വോട്ടാണ് ദ്രൗപദി മുര്‍മുവിന് കിട്ടിയത്.
സംസ്ഥാനത്തെ ഞെട്ടിച്ചാണ് ക്രോസ് വോട്ട് നടന്നിരിക്കുന്നത്. നേരത്തെ പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയായ യശ്വന്ത് സിന്‍ഹയ്ക്ക് മുഴുവന്‍വോട്ടും കേരളത്തില്‍ നിന്നും പ്രതീക്ഷിച്ചിരുന്നു. അതിനെയൊക്കെ തകര്‍ത്താണ് ഒരു വോട്ട് ദ്രൗപദി മുര്‍മു നേടിയത്.
ഇടതുവലതു ക്യാമ്പുകളെ ഒരുപോലെ ഞെട്ടിച്ചാണ് ക്രോസ് വോട്ട്. രഹസ്യബാലറ്റ് ആയതിനാല്‍ വോട്ട് ചെയ്തത് ആരെന്ന് കണ്ടുപിടിക്കാനാവില്ല. എങ്കിലും ഇരു മുന്നണികളും ഇപ്പോള്‍ തന്നെ ആരാണ് കാലുവാരിയതെന്ന ചര്‍ച്ച തുടങ്ങിയിട്ടുണ്ട്.
ഇടതുപക്ഷത്തെ ഏകാംഗ പാര്‍ട്ടികളായ രണ്ടു പേരെയും യുഡിഎഫിലെ ഒരാളെയുമാണ് പലരും സംശയിക്കുന്നത്. ഇടതുമായി ഇടഞ്ഞു നില്‍ക്കുന്ന രണ്ടു എംഎല്‍എമാരെയാണ് സംശയമുള്ളത്. ഇവരിലൊരാളാകും കാലുവാരിയതെന്നും സംശയമുണ്ട്.
അതിനിടെ യുഡിഎഫിലെ ടിക്കറ്റില്‍ വിജയിച്ച് ബിജെപിയിലേക്ക് പോകാന്‍ ചര്‍ച്ച നടത്തുന്ന നേതാവാണോ കളം മാറ്റിയതെന്ന സംശയം ഉയര്‍ന്നിട്ടുണ്ട്. വ്യക്തിപരമായ ചില കാര്യങ്ങള്‍ക്കായി മുന്നണി വിടാന്‍ ഇദ്ദേഹം ശ്രമം നടത്തിയിരുന്നു.
നേരത്തെ ജനതാദള്‍ എസ് ദേശീയ നേതൃത്വം ദ്രൗപദി മുര്‍മുവിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കേരള ഘടകം യശ്വന്ത് സിന്‍ഹയെ പിന്തുണയ്ക്കാനാണ് തീരുമാനിച്ചിരുന്നത്.