കോഴിക്കോട്: കെപിസിസി-ഡിസിസി പുനസംഘടന ഒരുമാസത്തിനകം പൂര്‍ത്തിയാക്കാന്‍ ചിന്തന്‍ ശിബിരത്തില്‍ തീരുമാനം. ഡിസിസി അധ്യക്ഷന്‍മാരെ മാറ്റാതെ താഴെത്തട്ടില്‍ അഴിച്ചു പണിയാണ് പാര്‍ട്ടി ഉദ്ദേശിക്കുന്നത്. ഡിസിസി അധ്യക്ഷന്‍മാരുടെ കാര്യത്തില്‍ മൂന്നു മാസത്തിന് ശേഷം തീരുമാനം ഉണ്ടാകും.
ഡിസിസി തലത്തിലെ പുനസംഘടന വേഗത്തിലാക്കും. പോഷക സംഘടനകളുടെ പുനസംഘടനയും ഉടനെ നടക്കും. കെഎസ്‌യു പുനസംഘടന രണ്ടാഴ്ചയ്ക്കകം നടത്തും. വിടി ബല്‍റാമിനാണ് ചുമതല.
കെ എസ് യു തെരഞ്ഞെടുപ്പ് തല്‍ക്കാലം സാധ്യമാകാത്തതിനാല്‍ നിലവിലെ ജില്ലാ അധ്യക്ഷന്‍മാരിലൊരാള്‍ക്കാകും പുതിയ അധ്യക്ഷ പദവിയിലേക്ക് നറുക്ക് വീഴുക. എല്ലാ ജില്ലാ കമ്മറ്റി അധ്യക്ഷന്‍മാരെയും മാറ്റും.
പ്രായ പരിധി കഴിഞ്ഞ സംസ്ഥാന-ജില്ലാ ഭാരവാഹികളെ പൂര്‍ണമായും ഒഴിവാക്കാനും ധാരണയായി. യൂത്ത് കോണ്‍ഗ്രസ് പുനസംഘടനയും വൈകാതെ നടക്കും. സംസ്ഥാന അധ്യക്ഷ പദവിയില്‍ നിന്നും ഷാഫി പറമ്പില്‍ ഉടന്‍ മാറും.
സംഘടനാ തെരഞ്ഞെടുപ്പ് യൂത്ത് കോണ്‍ഗ്രസില്‍ നടക്കുമോയെന്നത് പരിശോധിക്കുമെന്നും തീരുമാനിച്ചിട്ടുണ്ട്. വിവിധ മേഖലകളിലെ സംഘടനാ തെരഞ്ഞെടുപ്പ് നടത്താന്‍ അഞ്ചു നേതാക്കളെയും ചിന്തന്‍ ശിബര്‍ ചുമതലപ്പെടുത്തി.