/sathyam/media/post_attachments/XBjumMCPyekkqgukkSxY.jpg)
കോഴിക്കോട് : മുന്നണി വിട്ടവരെ തിരികെ കൊണ്ടുവരാന്‍ കോണ്‍ഗ്രസ് മുന്‍കൈയെടുക്കണമെന്ന് ചിന്തന്‍ ശിബിരത്തിലെ രാഷ്ട്രീയ പ്രമേയം മുമ്പോട്ടു വയ്ക്കുമ്പോഴും ആരെയാണ് തിരികെ കൊണ്ടുവരാന്‍ ശ്രമിക്കുക എന്നതില്‍ ഇപ്പോഴും അവ്യക്തത. കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തെയാണ് കോണ്‍ഗ്രസ് ഉദ്ദേശിക്കുന്നതെങ്കില്‍ ഭരണം വിട്ട് അവര്‍ എത്തുമോയെന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്.
കേരളാ കോണ്‍ഗ്രസ് മുന്നണി വിട്ട രാഷ്ട്രീയ സാഹചര്യമല്ല നിലവിലുള്ളത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതു മുന്നണിയില്‍ അര്‍ഹമായ പ്രാതിനിധ്യം ജോസ് വിഭാഗത്തിന് കിട്ടി. അഞ്ചു നിയമസഭാ സീറ്റില്‍ വിജയിക്കാനുമായി. അതേസമയം കേരളാ കോൺഗ്രസിന് ചില 'അസഹ്യ സാഹചര്യങ്ങൾ' എൽഡിഎഫിൽ ഉണ്ടെന്നതു കോൺഗസ് നേതൃത്വത്തിന് അറിയാം.
അത് പരിഹരിക്കാൻ സിപിഎം നേതൃത്വത്തിനു കഴിഞ്ഞില്ലെങ്കിൽ യു ഡി എഫ് ദൗത്യം എളുപ്പമാകും എന്ന വിലയിരുത്തൽ നേതാക്കൾക്കുണ്ട്. അതേസമയം മുന്നണിയിൽ പ്രൊബേഷൻ പീരീഡാണെങ്കിലും ഇനി ലോക്‌സഭാ തെരഞ്ഞെടുപ്പിലും നിയമസഭയിലേതുപോലെ സിപിഎം കേരളാ കോണ്‍ഗ്രസിനെ മാന്യമായി പരിഗണിക്കുമെന്ന് ഉറപ്പാണ്.
അതുകൊണ്ടു തന്നെ സംസ്ഥാനത്തോ കേന്ദ്രത്തിലോ ഭരണമോ ഭരണത്തിന് വിദൂര സാധ്യതയുമോ ഇല്ലാത്ത കോണ്‍ഗ്രസിനൊപ്പം എന്തിന് ചേരണം എന്ന ചോദ്യം ജോസ് കെ മാണിയും കേരളാ കോണ്‍ഗ്രസും ചോദിക്കുമെന്ന് ഉറപ്പാണ്. എല്‍ജെഡിയായാലും ഇതു തന്നെയാണ് സ്ഥിതി.
അതിനാൽ തന്നെ ഭരണത്തിനൊപ്പം നില്‍ക്കുന്ന ഈ കക്ഷികളെ തിരികെ കൊണ്ടുവരിക എന്നത് യുഡിഎഫ് തല്‍ക്കാലം ചിന്തിക്കേണ്ടതില്ല. എന്നാൽ നിയമസഭയുടെ കാലാവധി അവസാനിക്കുന്ന വർഷം അപ്രതീക്ഷിത രാഷ്ട്രീയ നീക്കങ്ങൾക്കുള്ള സാധ്യത തള്ളിക്കളയാനുമാകില്ല. എന്നാൽ യുഡിഎഫിലെ പല ഘടകകക്ഷികളും തുടര്‍ന്നും കൂടെ നില്‍ക്കുമോ എന്നതാണ് കോണ്‍ഗ്രസ് ഇപ്പോൾ ഉറപ്പു വരുത്തേണ്ടത്.
ഇപ്പോള്‍ തന്നെ യുഡിഎഫിലെ രണ്ടാം കക്ഷിയായ മുസ്ലീംലീഗിലെ ഒരു വിഭാഗത്തിന് യുഡിഎഫ് വിടണമെന്ന ചിന്തയുണ്ട്. ചില പരമ്പരാഗത സിപിഎം വൈരികളായ നേതാക്കള്‍ കാരണമാണ് ലീഗ് ഇപ്പോഴും യുഡിഎഫില്‍ തുടരുന്നത്. യുഡിഎഫിനൊപ്പമുള്ള പല ഏകാംഗ കക്ഷികളും മുന്നണി വിടാനുള്ള അവസരമുണ്ടായാല്‍ അത് മുതലാക്കുന്നവരാണ്.
അതുകൊണ്ടുതന്നെ കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം ഏറ്റവും വെല്ലുവിളി നേരിടുന്ന കാര്യമാണ് മുന്നണി വിപുലീകരണം. തന്നെയുമല്ല കോണ്‍ഗ്രസിന് നിലവില്‍ കേന്ദ്രത്തില്‍ ബിജെപിക്ക് കാര്യമായ വെല്ലുവിളി ഉയര്‍ത്താന്‍ കഴിയില്ലെന്ന ചിന്ത എല്ലാ കക്ഷികള്‍ക്കും ഉണ്ട്. ഇതും യുഡിഎഫ് എന്ന ചിന്ത മറ്റ് കക്ഷികള്‍ക്ക് തോന്നാന്‍ ഇടയുണ്ടാകില്ല.