/sathyam/media/post_attachments/MIlc7f5OkYvjFdJkiY3W.jpg)
കോഴിക്കോട് : കോണ്‍ഗ്രസ് ചിന്തന്‍ ശിബിരത്തില്‍ ഏറ്റവും ഉയര്‍ന്നു കേട്ട ആവശ്യമായിരുന്നു തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് പ്രായപരിധിയും തവണയും നിശ്ചയിക്കണമെന്നത്. എന്നാല്‍ കോഴിക്കോട് പ്രഖ്യാപനം കെപിസിസി അധ്യക്ഷന്‍ നടത്തിയിട്ടും അതിനെ കുറിച്ച് മൗനം തുടര്‍ന്നു. ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം വേണ്ട രീതിയില്‍ താല്‍പര്യം എടുത്തു കണ്ടതുമില്ല.
മൂന്നു തവണ മത്സരിച്ചവര്‍ പാര്‍ലമന്ററി രംഗത്ത് നിന്നും മാറി അടുത്തയാളിന് അവസരം നല്‍കണമെന്ന ചര്‍ച്ച ചിന്തന്‍ ശിബിരത്തില്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ മൂന്നു തവണ പ്രായോഗികമല്ലെന്നും അത് നാലായി ഉയര്‍ത്തണമെന്നും ആവശ്യമുയര്‍ന്നിരുന്നു.
എന്നാല്‍ മിഷന്‍ 2024 ലേക്ക് പോകുമ്പോഴും അക്കാര്യത്തില്‍ ഒരു തീരുമാനവും ഉണ്ടായില്ല. മത്സരിക്കാനുള്ള ഉയര്‍ന്ന പ്രായപരിധിയിലും തീരുമാനമുണ്ടായില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പിലും ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകില്ലെന്നു ഉറപ്പായതോടെ പഴയ പടക്കുതിരകള്‍ തന്നെ മത്സര രംഗത്ത് ഉണ്ടാകുമെന്ന് ഉറപ്പാണ്.
സംഘടനാ തലത്തിലെ മാറ്റങ്ങള്‍ ശിബിരത്തില്‍ കാര്യമായി ചര്‍ച്ച ചെയ്തിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്ക് പ്രത്യേക ഒരുക്കങ്ങള്‍ തുടങ്ങാനാണ് തീരുമാനം. തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ തൃക്കാക്കര മാതൃകയില്‍ നടത്തണം.
18 മാസങ്ങള്‍ നീണ്ട ഒരുക്കങ്ങൾക്കാണ് തെരഞ്ഞെടുപ്പിന് വേണ്ടി തയ്യാറെടുക്കാനുള്ളത്. ആറു മാസങ്ങള്‍ വീതമുള്ള മൂന്നു ഘട്ടങ്ങളാണ് ഇത്. സ്ഥാനാര്‍ത്ഥി നിര്‍ണയമടക്കം ആദ്യ ഘട്ടത്തില്‍ പൂര്‍ത്തിയാക്കാനും തീരുമാനമുണ്ട്.
ഇത്തരത്തില്‍ കൃത്യമായ ഒരുക്കം നടത്തിയില്ലെങ്കില്‍ ഗുണമുണ്ടാകില്ലെന്നാണ് ചിന്തന്‍ ശിബിരത്തിലുണ്ടായ പൊതുവിലയിരുത്തല്‍.