ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന് മാനവരാശിയെ പഠിപ്പിച്ച ശ്രീ നാരായണ ഗുരുദേവന്റെ ഒരു പ്രധാനപ്പെട്ട ശിഷ്യൻ പറഞ്ഞത് കേട്ടപ്പോൾ കേരളം നാണിച്ചു പോയി. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയുടെ വാക്കുകളെക്കുറിച്ചാണ് പറയുന്നത്.
ഭാരത് ജോഡോ യാത്ര വർക്കല വഴി കടന്നുപോയപ്പോൾ രാഹുൽ ഗാന്ധി ശിവഗിരി ആശ്രമം സന്ദർശിക്കുകയും സന്യാസിമാരുമായി സംവദിക്കുകയും ചെയ്തിരുന്നു. ഈ സംഭാഷണ മധ്യേയാണ് കേരളം ലജ്ജിച്ച് തല താഴ്ത്തിയ വാക്കുകൾ സ്വാമി സച്ചിദാനന്ദയുടെ നാവിൽ നിന്ന് ഉതിർന്ന് വീണത്.
യു.ഡി.എഫിൽ ഈഴവ പ്രാതിനിധ്യം വളരെ കുറവാണെന്നും ഈഴവർക്ക് മത്സരിക്കാൻ യുഡിഎഫ് അവസരം നൽകുന്നില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ പരിദേവനം. സ്വാമി അത്രയും പറഞ്ഞ് നിർത്തും എന്ന് കരുതിയവർക്ക് തെറ്റി.
സ്വാമി ഒരു പടികൂടി കടന്ന് പറഞ്ഞു.. ഈഴവർക്ക് ഇടത് മുന്നണിയിൽ വളരെ സ്വീകാര്യത ഉണ്ടെന്നും തൽസ്ഥിതി തുടർന്നാൽ മൂന്നാമതും പിണറായി അധികാരത്തിൽ വരുമെന്നുമായിരുന്നു സ്വാമി പറഞ്ഞ് വച്ചത്. ഇത് ഭീഷണിയാണോ ? പരിഭവമാണോ? പിണക്കമാണോ ? നീരസമാണോ ? സ്വാമിയുടെ ബോഡി ലാംഗ്വേജിൽ ഭീഷണിയാണ് കാണുന്നത്.
ശ്രീനാരായണ ഗുരുദേവൻ സ്ഥാപിച്ച ശിവഗിരി മഠത്തിലെ പ്രധാന സന്യാസിയാണ് ഇത് പറഞ്ഞത് എന്നത് ഇതിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു. വെള്ളാപ്പള്ളി കുറേ നാൾ ഇത് പറഞ്ഞ് നടന്നതാണ്.
ശ്രീനാരായണീയന്റെ ഒരു ഗുണവും കൈവശമില്ലാത്ത വെള്ളാപ്പള്ളി ഇത് പറയുമ്പോൾ ആരും ശ്രദ്ധിക്കില്ല. കാരണം അദ്ദേഹത്തിന്റെ നിലവാരം എല്ലാവർക്കുമറിയാം. അതു പോലെയാണോ ശിവഗിരി മഠത്തിലെ പ്രധാന സന്യാസിവര്യൻ ഇത് പറയുന്നത് . ഇവർക്ക് ശ്രീ നാരായണഗുരു ആരാണ് ?
പച്ചയ്ക്ക് ജാതി പറഞ്ഞ് വിലപേശി കാര്യം സാധിക്കുക. അല്ലെങ്കിൽ ജാതി കാർഡ് കാണിച്ച് ബ്ലാക് മെയിൽ ചെയ്യുക. എൽ.ഡി.എഫിലും യു.ഡി.എഫിലും പരമാവധി ഈഴവരെ മത്സരിപ്പിച്ച് ജയിപ്പിക്കുക എന്നതാണ് സ്വാമിയുടെ ഉദ്ദേശം. അടുത്ത തിരഞ്ഞെടുപ്പിൽ ആര് അധികാരത്തിൽ വന്നാലും ഈഴവരുടെ ആവശ്യങ്ങൾ വിലപേശി മേടിക്കുക എന്നതാണ് സ്വാമിയുടെ തന്ത്രം.
കാഷായം ഊരി വച്ചിട്ട് സച്ചിദാനന്ദ രാഷ്ട്രീയത്തിൽ ഇറങ്ങട്ടെ. ഇത് എൻ.എസ്.എസ് ജനറൽ സെക്രട്ടറിയാണ് പറഞ്ഞിരുന്നതെങ്കിൽ ഇപ്പോൾ വെള്ളാപ്പള്ളി തന്റെ നാവിൽ നിന്ന് സരസ്വതീകടാക്ഷം നടത്തിയേനെ .
വെള്ളാപ്പള്ളിയോടും സച്ചിദാനന്ദയോടും ഒരു അഭ്യർത്ഥന. നിങ്ങൾ ദയവായി ഗുരുദേവന്റെ പേര് ഉച്ചരിച്ച് അദ്ദേഹത്തിന്റെ ബ്രാൻഡ് അംബാസിഡർമാർ ആകരുത്. സ്വാമിക്കെന്താണ് രാഷ്ട്രീയത്തിൽ കാര്യം ? ആശ്രമ കാര്യങ്ങൾ നോക്കി നടത്തിയാൽ പോരേ ?
സമൂഹത്തിൽ ജാതി വിഭജനം ഉണ്ടാക്കുന്ന ഇത്തരം ഹീന പ്രവൃത്തികൾ സന്യാസിമാർ ചെയ്യരുത്. അടുത്തത് കേരളത്തിൽ ഒരു ഈഴവ മുഖ്യമന്ത്രി വേണം എന്ന് സ്വാമി ആവശ്യപ്പെടും. വി.എസിനേയും പിണറായിയേയും ഇടത് മുന്നണി മുഖ്യമന്ത്രി ആക്കിയില്ലേ ? നിങ്ങൾക്ക് എന്തുകൊണ്ട് ആക്കിക്കൂടാ ? യു ഡി എഫിനോടാണ് സ്വാമിയുടെ ചോദ്യം.
ഏതാനും ദിവസങ്ങൾക്ക് മുമ്പ് ശിവഗിരിയിൽ പ്രസംഗിക്കാനെത്തിയ പിണറായി വിജയനെ സ്വാമി വാനോളം പുകഴ്ത്തി. ഇപ്പോൾ രാഹുൽ ഗാന്ധിയോട് വിലപേശുന്നു. ബി.ജെ.പി രാഷ്ട്രീയത്തിൽ ഹൈന്ദവ സന്യാസിമാർ ഇടപെട്ട് ജാതി സ്പർദ്ധ ഉണ്ടാക്കുന്നുവെന്ന് ആരോപിക്കുന്ന സി പി എമ്മിന് ഇക്കാര്യത്തിൽ ഒന്നും പറയാനുള്ള ചങ്കുറപ്പില്ലേ ?
പരിപാവനമായ ശിവഗിരി മഠത്തിന്റെ അന്തസ്സ് സ്വാമി സച്ചിദാനന്ദ കളഞ്ഞ് കുളിച്ചു. തിരഞ്ഞെടുപ്പിൽ ഓരോ പാർട്ടിയും മുന്നണിയും ജയസാധ്യത കണക്കാക്കിയാണ് സ്ഥാനാർത്ഥികളെ നിർത്തുന്നത്. അതിൽ ഒളിഞ്ഞും തെളിഞ്ഞും ജാതി കടന്ന് വരാറുണ്ട്. എന്നാൽ ഇത്രയും പച്ചയ്ക്ക് ജാതി കാർഡ് കളിച്ച് കാണാറില്ല.
പിണറായി ഭരണത്തിനെതിരെ രോഷം പടർന്നാൽ ഒരു ജാതിയും നോക്കാതെ വോട്ട് ചെയ്ത് ജനം എതിർപക്ഷത്തെ അധികാരത്തിൽ കൊണ്ടുവരും. തുത്തു കുണുക്കി പക്ഷിയുടെ ചിന്തയാണ് സ്വാമിക്ക്.
ലോകം മുഴുവൻ ഇരിക്കുന്നത് തന്റെ വാലിലാണെന്നും താൻ വാൽ കുടഞ്ഞാൽ ലോകം താഴെ വീഴുമെന്നുമാണ് തുത്തു കുണുക്കിയുടെ ധാരണ.. ഇതേ ചിന്തയാണ് സച്ചിദാനനക്കും .
യുഡിഎഫ് ജയിക്കണമെങ്കിൽ താൻ പറയുന്ന ഈഴവർക്ക് സീറ്റ് നൽകണമെന്ന് പറഞ്ഞ് വയ്ക്കുകയാണ് ഈ ശിവഗിരി മഠാധിപൻ. ഇതിൽ പരം ലോകത്തെ ശ്രീ നാരായണീയർക്ക് എന്തപമാനമാണ് വരാൻ ഉള്ളത് ?