തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കടയിൽ ബസ് കൺസഷൻ കാര്‍ഡ് പുതുക്കാനെത്തിയ അച്ഛനും മകൾക്കും നേരെ അതിക്രമം നടത്തിയ സംഭവത്തില്‍ അഞ്ചിലേറെ കെഎസ്ആര്‍ടിസി ജീവനക്കാർക്കെതിരെ കേസ്. സംഭവത്തിൽ കെഎസ്ആര്‍ടിസി എംഡിയോട് ഗതാഗതമന്ത്രി ആന്റണി രാജു റിപ്പോര്‍ട്ട് തേടി.
റിപ്പോര്‍ട്ട് ലഭിച്ചശേഷം മുഖംനോക്കാതെ നടപടിയെടുക്കുമെന്നും ഇത്തരം പെരുമാറ്റം ആശാസ്യമല്ലെന്നും മന്ത്രി പറഞ്ഞു. കെ.എസ്.ആര്‍.ടി.സി.ക്ക് കളങ്കമുണ്ടാക്കുന്ന നടപടിയാണ് ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായതെന്നും മന്ത്രി പ്രതികരിച്ചു.
മകളുടെ കൺസഷൻ ടിക്കറ്റ് എടുക്കാൻ വന്ന കാട്ടാക്കട ആമച്ചൽ സ്വദേശി പ്രേമനനെ (53) ആണ് കെഎസ്ആർടിസി ജീവനക്കാർ മകളുടെ മുന്നിലിട്ട് മർദിച്ചത്. ജീവനക്കാർ ചേർന്ന് പ്രേമനന്റെ കഴുത്തിന് കുത്തിപ്പിടിച്ച് തൊട്ടടുത്തുള്ള ഗ്രില്ലിട്ട വിശ്രമമുറിയിലേക്ക് തള്ളിയിട്ടു. ആക്രമണത്തിൽ കോൺക്രീറ്റ് ഇരിപ്പിടത്തിൽ ഇടിച്ച് പ്രേമനന് പരിക്കേറ്റു. സംഭവത്തിൽ കെഎസ്ആർടിസി അന്വേഷണം പ്രഖ്യാപിച്ചു.