പാർട്ടി കമ്മിറ്റികളിൽ 75 വയസ് പ്രായപരിധി നടപ്പാക്കുന്നതിന് ഭരണഘടനാ സാധുതയില്ലെന്ന് ചൂണ്ടിക്കാട്ടി കലാപക്കൊടി ഉയര്‍ത്തി ഇസ്മയിലും ദിവാകരനും; പ്രായപരിധി മാനദണ്ഡം നടപ്പാക്കുന്നത് ചോദ്യം ചെയ്ത് സംസ്ഥാന സമ്മേളനത്തിൽ പ്രമേയം കൊണ്ടുവരാനും കാനം വിരുദ്ധ പക്ഷത്തിന്റെ നീക്കം! പ്രമേയം അനുവദിക്കില്ലെന്ന നിലപാടില്‍ ഉറച്ച് കാനം പക്ഷം; സംസ്ഥാന സമ്മേളനത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ പ്രായപരിധി മാനദണ്ഡം നടപ്പാക്കുന്നതിനെ ചൊല്ലി സി.പി.ഐയിൽ പോര് മുറുകുന്നു

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

Advertisment

തിരുവനന്തപുരം: സംസ്ഥാന സമ്മേളനത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ പ്രായപരിധി മാനദണ്ഡം നടപ്പാക്കുന്നതിനെ ചൊല്ലി സി.പി.ഐയിൽ കലാപം. പാർട്ടി കമ്മിറ്റികളിൽ 75 വയസ് പ്രായപരിധി നടപ്പാക്കുന്നതിന് ഭരണഘടനാ സാധുതയില്ലെന്ന് ചൂണ്ടിക്കാട്ടി ദേശിയ എക്സിക്യൂട്ടീവ് അംഗം കെ.ഇ.ഇസ്മയിലും സംസ്ഥാന എക്സിക്യൂട്ടിവ് അംഗം സി.ദിവാകരനുമാണ് കലാപക്കൊടി ഉയർത്തിയത്.


പ്രായപരിധി മാനദണ്ഡം നടപ്പാക്കുന്നത് ചോദ്യം ചെയ്ത് സംസ്ഥാന സമ്മേളനത്തിൽ പ്രമേയം കൊണ്ടുവരാനാണ് കാനം വിരുദ്ധപക്ഷത്തിന്റെ തീരുമാനം. പാർട്ടി ഭരണഘടനയിൽ പ്രായപരിധി സംബന്ധിച്ച് വ്യവസ്ഥ ഇല്ലാത്തതിനാൽ സംസ്ഥാന സമ്മേളനത്തിന് അത് നടപ്പിലാക്കാൻ ബാധ്യതയില്ലെന്നാണ് കാനം വിരുദ്ധപക്ഷത്തിന്റെ നിലപാട്.


സംസ്ഥാന സമ്മേളനത്തിന് നിബന്ധനകളൊന്നും ബാധകമല്ലെന്നും സ്വതന്ത്രമായി തീരുമാനം എടുക്കാമെന്നും കെ.ഇ.ഇസ്മയിൽ പരസ്യമായി പ്രഖ്യാപിച്ചു കഴിഞ്ഞു. ബിഹാർ സംസ്ഥാന സമ്മേളനത്തിൽ പ്രായം മാനദണ്ഡമാക്കാത്തതും കാനം വിരുദ്ധ പക്ഷം ആയുധമാക്കും. ഞായറാഴ്ച അവസാനിച്ച ബിഹാർ സംസ്ഥാന സമ്മേളനം 78 വയസുകാരനായ രാം നരേഷ് പാണ്ഡെയെയാണ് സെക്രട്ടറിയായി തിരഞ്ഞെടുത്തത്.

എന്നാൽ ദേശിയ കൗൺസിൽ നിശ്ചയിച്ച പ്രായപരിധി മാനദണ്ഡം സംസ്ഥാന കൗൺസിലും അംഗീകരിച്ചതിനാൽ പ്രമേയം അനുവദിക്കില്ലെന്നാണ് കാനം പക്ഷത്തിന്റെ നിലപാട്. ഇരുപക്ഷവും അവരവരുടെ നിലപാടുകളിൽ ഉറച്ചുനിന്നാൽ പ്രായപരിധി മാനദണ്ഡവും സംസ്ഥാന സമ്മേളനത്തിൽ തർക്കവിഷയമാകുമെന്ന് ഉറപ്പാണ്.

സംസ്ഥാന സെക്രട്ടറി ഉൾപ്പെടെയുളള പാർട്ടി പദവികളിൽ 75 വയസ് പ്രായപരിധി വെച്ചതോടെ സംസ്ഥാന മുതിർന്ന നേതാക്കളായ കെ.ഇ.ഇസ്മയിലും സി.ദിവാകരനും പാർട്ടി കമ്മിറ്റികളിൽ നിന്ന് പുറത്താകും. ഇസ്മയിലും ദിവാകരനും 80 വയസ് കടന്നവരാണ്. പാർട്ടിയിലെ ശക്തരായ നേതാക്കളായ ഇരുവരും കമ്മിറ്റികളിൽ നിന്ന് പുറത്താവുമെന്ന് വന്നതോടെ മൂന്നാമതും സംസ്ഥാന സെക്രട്ടറിയാകാനുളള കാനം രാജേന്ദ്രന് കാര്യങ്ങൾ എളുപ്പമാകുകയും ചെയ്തു.


കാനത്തിനെതിരായ നീക്കത്തിൽ പ്രായപരിധി മാനദണ്ഡം കൂടി ചേർത്ത് പോരാടാനാണ് ഇപ്പോൾ കാനം വിരുദ്ധപക്ഷം എന്ന ഒറ്റച്ചേരിയിൽ അണിനിരക്കുന്ന കെ.ഇ. ഇസ്മയിലിന്റെയും സി. ദിവാകരന്റെയും നീക്കം. പ്രായപരിധി നടപ്പാക്കുന്നതിന് എതിരെ പ്രമേയം കൊണ്ടുവന്ന് കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങൾക്ക് ശക്തമായ സന്ദേശം നൽകുകയാണ് കാനം വിരുദ്ധപക്ഷം ലക്ഷ്യമിടുന്നത്.


പ്രായമല്ല ആരോഗ്യമാണ് കണക്കിലെടുക്കേണ്ടതെന്നും ഇസ്മയിലും ദിവാകരനും വിവിധ മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. പരസഹായമില്ലാതെ എവിടെയും സഞ്ചരിക്കാനുളള ആരോഗ്യം തങ്ങൾക്കുണ്ടെന്നും ഇരുവരുടെയും പ്രതികരണങ്ങളിലുണ്ട്.


ഇത് ആരോഗ്യപ്രശ്നങ്ങൾ അലട്ടുന്ന കാനം രാജേന്ദ്രനും കാനം പക്ഷത്തെ പ്രമുഖനായ കെ.ആർ. ചന്ദ്രമോഹനനും എതിരായ ഒളിയമ്പാണ്.


പ്രായപരിധി 75 വയസാക്കുന്നത് സംബന്ധിച്ച് ദേശിയ കൗൺസിൽ തീരുമാനം എടുത്തിട്ടില്ലെന്നും ഇപ്പോഴത്തേത് നിർദ്ദേശം മാത്രമാണെന്നും കെ.ഇ.ഇസ്മയിലും സി,ദിവാകരനും ചൂണ്ടിക്കാട്ടുന്നുണ്ട്. ഭരണഘടനാ ഭേദഗതി നടക്കാത്തതിനാൽ ഇപ്പോൾ അങ്ങനെ തീരുമാനം എടുക്കാൻ പാർട്ടിക്ക് കഴിയില്ലെന്നും അവർ ചൂണ്ടിക്കാട്ടുന്നു. പാർ്ട്ടി കോൺഗ്രസിൽ ഔദ്യോഗിക ഭേദഗതി കൊണ്ടുവരികയും അത് അംഗീകരിക്കുകയും ചെയ്താൽ മാത്രമേ തീരുമാനമാകു .ഇപ്പോഴുളളത് മാർഗരേഖ മാത്രമാണെന്ന് ചൂണ്ടിക്കാട്ടുന്ന കാനം വിരുദ്ധ പക്ഷം പോരാട്ടത്തിന് ഉറച്ചുതന്നെയെന്ന്‌
വ്യക്തം.

Advertisment