പണി തുടങ്ങാത്ത റോഡിന്റെ പണി കഴിഞ്ഞെന്ന് മന്ത്രിയോട് കള്ളം പറഞ്ഞു, ചോദ്യങ്ങൾക്ക് വിരുദ്ധമായ മറുപടി ! ആരോടാണ് സംസാരിക്കുന്നതെന്ന ബോധം വേണമെന്നും, എന്തും പറഞ്ഞ് രക്ഷപ്പെടാമെന്നും കരുതരുതെന്നും ഉദ്യോഗസ്ഥരോട് മന്ത്രി മുഹമ്മദ് റിയാസ്; വാക്കു പറഞ്ഞാൽ വാക്കായിരിക്കണം, മാറ്റിപറയേണ്ട സാഹചര്യം ഉണ്ടാക്കരുതെന്ന് ഉന്നത ഉദ്യോഗസ്ഥർക്ക് മന്ത്രിയുടെ താക്കീത്; ഉദ്യോഗസ്ഥരുടെ വാക്കിൽ വിശ്വാസമില്ല, പ്രവർത്തനം വിലയിരുത്താൻ ശബരിമല റോഡുകളിലൂടെ മന്ത്രിയുടെ യാത്ര

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

Advertisment

തിരുവനന്തപുരം : പണി ആരംഭിക്കാത്ത റോഡിന്റെ നിർമ്മാണം പൂർത്തീകരിച്ചെന്ന് മന്ത്രിയുടെ മുഖത്ത് നോക്കി കള്ളം പറഞ്ഞ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരോട് പൊട്ടിത്തെറിച്ച് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ആരോടാണ് സംസാരിക്കുന്നതെന്ന ബോധം വേണമെന്നും എന്തും പറഞ്ഞ് രക്ഷപ്പെടാമെന്ന് കരുതരുതെന്നും മന്ത്രി താക്കീത് നൽകി.

ശബരിമല തീർത്ഥാടന സീസണിന് മുന്നോടിയായി തിരുവനന്തപുരത്ത് മന്ത്രിയുടെ അദ്ധ്യക്ഷതയിൽ ഇന്നലെ ചേർന്ന യോഗത്തിലായിരുന്നു സംഭവം. മുണ്ടക്കയം - കുമളി റോഡിൽ പണി ആരംഭിച്ചെന്നായിരുന്നു ഉദ്യോഗസ്ഥരുടെ വാദം.


എന്നാൽ ടെൻഡർ എടുത്തയാൾ ഉപേക്ഷിച്ച് പോയതായി യോഗത്തിൽ പങ്കെടുത്ത എം.എൽ.എ മാരായ വാഴൂർ സോമനും ഡോ. ജയരാജും പറഞ്ഞതോടെ ഉദ്യോഗസ്ഥർ വെട്ടിലായി. ഉദ്യോഗസ്ഥർ തന്നെ വിഢിയാക്കിയതായി മന്ത്രിയ്ക്ക് ബോധ്യമായി. ഇതോടെയാണ് റിയാസ് കടുത്തഭാഷയിൽ സംസാരിച്ചത്.


കൂടാതെ റോഡുകളുടെ പേരെടുത്ത് മന്ത്രി പുരോഗതി അന്വേഷിക്കുമ്പോൾ ഉദ്യോഗസ്ഥർ പരസ്പര ബന്ധമില്ലാത്ത മറുപടിയാണ് നൽകിയത്. പീരുമേട് എം.എൽ.എ വാഴൂർ സോമന് വണ്ടിപ്പെരിയാർ - ശബരിമല സത്രം റോഡിന്റെ പോരായ്മകൾ പരിഹരിക്കുമെന്ന് ആറുമാസം മുമ്പ് മന്ത്രി നിയമസഭയിൽ ഉറപ്പ് നൽകിയിരുന്നു. എന്നാൽ ഇന്നലെ യോഗത്തിൽ ഈ റോഡിന്റെ വിഷയം വീണ്ടും എം.എൽ.എ ഉന്നയിച്ചതോടെ റോഡിന്റെ പരിപാലന ചുമതലയുള്ള കെ.എസ്.ടി.പി ചീഫ് എൻജിനിയറോട്‌ മന്ത്രിയുടെ വിവരങ്ങൾ ആരാഞ്ഞെങ്കിലും മറുപടിയുണ്ടായില്ല.

കൂടാതെ ചേറ്റുപാറ- ഏലപ്പാറ റോഡിന്റെ ശോച്യാവസ്ഥ, വണ്ടിപ്പെരിയാറിൽ പാറമടക്ക് ഇടത്താവളത്തിന്റെ ഭാഗത്തെ കലുങ്ക് തകർന്നത്, കൊല്ലം- തേനി ദേശീയപാതയിൽ മുണ്ടക്കയം- കുമളി ഭാഗത്തെ റോഡ് നിർമ്മാണം തുടങ്ങിയ ചോദ്യങ്ങളിൽ പലതിനും കൃത്യമായ മറുപടികൾ ലഭിക്കാതായതോടെയാണ് മന്ത്രി ക്ഷുഭിതനായത്.


വണ്ടിപ്പെരിയാർ എച്ച്.എസിന് മുന്നിലെ ഗർത്തത്തിൽ നാട്ടുകാർ വാഴവച്ചതും എം.എൽ.എയായ തനിക്ക് അത് മാറ്റേണ്ടിവന്ന അനുഭവവും വിവരിച്ച എം.എൽ.എയോട് എൻജിനിയറെ വിളിച്ചുവരുത്തി മാറ്റിക്കണമെന്നായിരുന്നു മന്ത്രി പ്രതികരിച്ചത്. കാര്യങ്ങൾ കർശനമായി വിലയിരുത്താൻ ചീഫ് എൻജീനീയർമാരോടും കളക്ടർമാരോടും നിർദേശിച്ചു.


മണ്ഡലകാലത്തിന് മുന്നോടിയായി ശബരിമലയിലേക്കുള്ള റോഡുകളുടെ അറ്റകുറ്റപ്പണി വേഗത്തിലും സമയബന്ധിതമായും പൂർത്തിയാക്കാനും ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. 19 റോഡുകളുടെ സ്ഥിതി വിലയിരുത്തുകയും ഉദ്യോഗസ്ഥർക്ക് പ്രത്യേക ചുമതല നൽകുകയും ചെയ്തു. ശബരിമലയിലേക്കുള്ള റോഡുകളെ 19 പ്രധാന റോഡുകളായും 7 സപ്‌ളിമെന്ററി റോഡുകളായും ലീഡിംഗ് റോഡുകളായും തിരിച്ചു.

ഓരോ റോഡിന്റെയും അറ്റകുറ്റപ്പണിയുടെ ചുമതല ഓരോ ഉദ്യോഗസ്ഥർക്ക് നൽകി. ചിലരുടെ ഭാഗത്ത് നിന്ന് ഗുരുതരമായ അലംഭാവവും ഉത്തരവാദിത്വം വേണ്ട വിധം നിർവഹിക്കാത്തതും ബോദ്ധ്യപ്പെട്ടിട്ടു. ഇത്തരത്തിലുള്ള അലസതകൾ അവസാനിപ്പിച്ച് സർക്കാർ നിശ്ചയിച്ച സമയപരിധിയിൽ ജോലികൾ പൂർത്തിയാക്കണമെന്ന് മന്ത്രി നിർദേശിച്ചു. ഇക്കാര്യം പരിശോധിക്കാൻ ഒക്ടോബർ 5ന് ചീഫ് എൻജിനീയർ ശബരിമല റോഡുകളിലൂടെ സഞ്ചരിക്കണം.

ഒക്ടോബർ 19, 20 തീയതികളിൽ മന്ത്രി റോഡുകളിലൂടെ സഞ്ചരിച്ച് നിർമ്മാണ പുരോഗതി നേരിട്ട് വിലയിരുത്തും. റോഡുകളുടെ അവസ്ഥ തൃപ്തികരമല്ലെങ്കില്‍ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്താൻ ഒക്ടോബർ 19ന് പത്തനംതിട്ടയിൽ റിവ്യൂ മീറ്റിംഗ് ചേരാനും മന്ത്രി നിർദ്ദേശം നൽകി.

Advertisment