/sathyam/media/post_attachments/EXLfw7FaBtjAvvceYHcb.jpg)
തിരുവനന്തപുരം: സംസ്ഥാനത്തെ കോൺഗ്രസിൽ ശശി തരൂരിൻെറ നേതൃത്വത്തിൽ പുതിയ കൂട്ടായ്മ രൂപപ്പെടുന്നു. വിശ്വ പൗരനായ തരൂരിനെ ഉയർത്തിക്കാട്ടി കൊണ്ട് കോൺഗ്രസിനെയും യു.ഡി.എഫിനെയും പുനരുജ്ജീവിപ്പിക്കുകയാണ് ലക്ഷ്യം. നേരത്തെ വിവിധ ഗ്രൂപ്പുകളുടെ ഭാഗമായിരുന്നവരാണ് തരൂരിന് പിന്നിൽ അണിനിരക്കുന്നത്. എം.കെ.രാഘവൻ എം.പി, മാത്യു കുഴൽനാടൻ എം.എല്‍.എ, യൂത്ത് കോൺഗ്രസ് സംസ്ഥാന ഭാരവാഹികളായ കെ.എസ്. ശബരിനാഥൻ, റിജിൽ മാക്കുറ്റി, വി.പി. ദുൽക്കിഫിൽ തുടങ്ങിയവരാണ് തരൂരിന് കീഴിലുളള കൂട്ടായ്മയിൽ അണിനിരന്നിരിക്കുന്നു.
കോഴിക്കോട്ട് കോൺഗ്രസ് ജില്ലാ നേതൃത്വം വിലക്കിയ യൂത്ത് കോൺഗ്രസ് സെമിനാറിൽ പങ്കെടുത്ത് കൊണ്ട് എം.കെ. രാഘവൻ നടത്തിയ വിമർശനം പുതിയ കൂട്ടായ്മയുടെ നയ പ്രഖ്യാപനമാണ്.
ശശി തരൂരിൻെറ സാന്നിധ്യത്തിനായി ലോകം കാത്തിരിക്കുകയാണെന്നും കൊന്ന മുറിച്ചാൽ വിഷു മുടങ്ങില്ലെന്നുമായിരുന്നു സംസ്ഥാന നേതൃത്വത്തെ ഉന്നം വെച്ചുകൊണ്ടുളള എം.കെ.രാഘവൻെറ വിമർശനം. യൂത്ത് കോൺഗ്രസ് പിന്മാറിയതിനെ തുടർന്ന് ജവഹർ യൂത്ത് ഫൗണ്ടേഷനാണ് പരിപടി ഏറ്റെടുത്ത് നടത്തിയത്. നേതാക്കളുടെ വിലക്ക് ലംഘിച്ച് ശശി തരൂരിന് സ്വീകരണം നൽകാനും പദ്ധതിയുണ്ട്.
സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമാകാനുളള ശശി തരൂരിൻെറ നീക്കത്തിലും അദ്ദേഹത്തിന് കീഴിൽ പുതിയ കൂട്ടായ്മ രൂപപ്പെടുന്നതിലും കോൺഗ്രസിലെ ദേശിയ-സംസ്ഥാന നേതാക്കൾക്ക് കടുത്ത അതൃപ്തിയുണ്ട്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി അധികാരത്തിൽ വന്നാൽ മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യമിടുന്നവരാണ് തരൂരിൻെറ നീക്കത്തോടെ ഭയപ്പാടോടെ കണ്ട് ചെറുക്കാൻ ശ്രമിക്കുന്നത്. മലബാർ പര്യടനം നടത്താനുളള തരൂരിൻെറ നീക്കത്തെ വിലക്കില്ലെന്ന് പറഞ്ഞ് സ്വാഗതം ചെയ്തെങ്കിലും കെ.മുരളീധരനെ പോലുളള നേതാക്കൾ രഹസ്യമായി അദ്ദേഹത്തെ എതിർക്കുകയാണ്.
കെ. മുരളീധരൻെറ വിശ്വസ്ത അനുയായി പ്രസിഡൻറായ കോഴിക്കോട് ഡി.സി.സിയാണ് തരൂർ പങ്കെടുക്കുന്ന സെമിനാറിൽ നിന്ന് യൂത്ത് കോൺഗ്രസിനെ ആദ്യം വിലക്കിയത്. കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനും ശശി തരൂരിനെ പരസ്യമായി എതിർക്കുന്നില്ലെങ്കിലും നീക്കങ്ങളെ ചെറുക്കാൻ അദ്ദേഹത്തിൻെറ മേൽ കനത്ത സമ്മർദ്ദമുണ്ട്.
യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിലാണ് തരൂരിൻെറ നീക്കങ്ങളെ തകർക്കാനുളള ദൗത്യം ഏറ്റെടുത്തിരിക്കുന്നത്. യൂത്ത് കോൺഗ്രസിലെ നല്ലൊരു വിഭാഗം തരൂരിനൊപ്പമാണെന്ന തിരിച്ചറിവിലാണ് വിരുദ്ധ നീക്കത്തിൻെറ ചുമതല ഷാഫി പറമ്പിലിനെ ഏൽപ്പിച്ചിരിക്കുന്നത്. തുടക്കത്തിൽ തന്നെ ഔദ്യോഗിക നേതൃത്വത്തിൽ നിന്ന് ശക്തമായ പ്രതിരോധം ഉളളതിനാൽ തരൂർ അനുകൂല കൂട്ടായ്മയുടെ മുന്നോട്ടുളള പ്രയാണം എളുപ്പമാകില്ല.
നിലവിലുളള നേതൃത്വത്തിൻെറ പ്രവർത്തനത്തിൽ അതൃപ്തിയുളളവരാണ് ശശി തരൂരിന് കീഴിലുളള പുതിയ കൂട്ടായ്മയുടെ ഭാഗമായിരിക്കുന്നത്.നേരത്തെ പ്രൊഫഷണൽ കോൺഗ്രസിൻെറ ഭാഗമായുളള നേതാക്കൾ മാത്രമാണ് ശശി തരൂരിനോട് ആഭിമുഖ്യം പുലർത്തിയിരുന്നത്. എന്നാൽ ദേശിയ അദ്ധ്യക്ഷ തെരഞ്ഞെടുപ്പിൽ ഗാന്ധി കൂടുംബത്തിൻെറ പിന്തുണയുളള മല്ലികാർജുൻ ഖാർഗേയ്ക്കെതിരെ മത്സരിക്കാൻ ധൈര്യം കാണിയ്ക്കുകയും പ്രചാരണ രംഗത്ത് ശക്തമായി നിലകൊളളുകയും ചെയ്തതോടെ തരൂരിന് കോൺഗ്രസിനകത്ത് സ്വീകാര്യത കൂടിയിട്ടുണ്ട്.
ഇതിൻെറ പ്രതിഫലനം കേരളത്തിലെ കോൺഗ്രസിലുമുണ്ട്. അതാണ് പുതിയ കൂട്ടായ്മ രൂപീകരണത്തിൽ എത്തിനിൽക്കുന്നത്. സംഘപരിവാറിനെതിരെ കർശന സമീപനം സ്വീകരിക്കുന്ന തരൂരിന് മുന്നണിയിലെ മുസ്ളീം ലീഗ് അടക്കമുളള ഘടകകക്ഷികൾക്ക് ഇടയിലും നല്ല സ്വീകാര്യതയുണ്ട്. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും ആകർഷിക്കാനാകുന്ന വ്യക്തിത്വവും തരൂരിൻെറ സവിശേഷതയാണ്. ഈ ആത്മവിശ്വാസത്തിലാണ് ശശി തരൂരിന് കീഴിൽ പുതിയ കൂട്ടായ്മ രൂപപ്പെട്ടത്.
എന്നാൽ ഇത് സമാന്തര പ്രവർത്തനമോ ഗ്രൂപ്പ് പ്രവർത്തനമോ അല്ലെന്നാണ് തരൂർ അനുകൂല നേതാക്കളുടെ വിശദീകരണം. നിയമസഭ തെരഞ്ഞെടുപ്പിന് മുൻപ് ഗ്രൂപ്പുകൾക്ക് അതീതമായി വി.ഡി.സതീശൻെറ നേതൃത്വത്തിൽ രൂപപ്പെട്ട യുവജന നേതാക്കൾക്ക് മുൻതൂക്കമുളള 'വി ഗ്രൂപ്പ്" മാതൃകയിൽ കൂട്ടായ്മയെ കണ്ടാൽ മതിയെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവിയോട് ചലനമറ്റ് കിടക്കുന്ന സംസ്ഥാന കോൺഗ്രസിൽ തരൂരിൻെറ നീക്കങ്ങളോടെ ചെറിയ തിരയനക്കങ്ങൾ കണ്ടുതുടങ്ങിയിട്ടുണ്ട്. ദേശിയ തലത്തിൽ കോൺഗ്രസിന് ഭീഷണിയായ സംഘപരിവാർ രാഷ്ട്രീയത്തിന് എതിരായ രാഷ്ട്രീയ പ്രചാരണത്തിനാണ് തരൂർ അനുകൂല കൂട്ടായ്മ മുൻകൈയ്യെടുക്കുക. ലോകസഭാ തിരഞ്ഞെടുപ്പ് അടുത്ത രാഷ്ട്രീയ സാഹചര്യത്തിൽ ഇത് ഏറെ ഗുണം ചെയ്യുമെന്നാണ് കണക്കൂകൂട്ടൽ. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് എതിരെ കാര്യമായ പ്രക്ഷോഭം നടത്താൻ പാർട്ടി നേതൃത്വം തയാറാകുന്നില്ലെന്ന വിമർശനം ശക്തമായിരിക്കെയാണ് തരൂർ കൂട്ടായ്മയുടെ നീക്കം എന്നതാണ് ശ്രദ്ധേയമായി കാര്യം.
മുൻകാലത്തേത് പോലെ ഗ്രൂപ്പ് പ്രവർത്തനം ശക്തമല്ലെങ്കിലും പ്രബല ഗ്രൂപ്പുകൾക്ക് ഇപ്പോഴും സംസ്ഥാന കോൺഗ്രസിൽ വലിയ സ്വാധീനമുണ്ട്. തുടക്കത്തിൽ ഗ്രൂപ്പ് പ്രവർത്തനത്തിന് എതിരെ വാളെടുത്ത കെ. സുധാകരനും യാഥാർത്ഥ്യം മനസിലാക്കി പിൻവാങ്ങിയ മട്ടാണ്. സ്ഥാനമാനങ്ങളുടെ വീതം വെയ്പിലും തീരുമാനങ്ങളിലും എല്ലാം ഗ്രൂപ്പ് നേതൃത്വത്തോടെ ആശയവിനിമയം നടത്തിയാണ് സുധാകരൻെറ നീക്കം.
പുതിയ അധികാര കേന്ദ്രങ്ങൾ ഉദയം ചെയ്തതോടെ അവർക്ക് പിന്നിലും പുതിയ ഗ്രൂപ്പുകൾ രൂപപ്പെട്ടിട്ടുണ്ട്. ഇതിനെയെല്ലാം വകഞ്ഞ് മാറ്റിവേണം ശശിതരൂരിനും അനുകൂലികൾക്കും മുന്നോട്ട് നീങ്ങാൻ. സംഘടാന തലത്തിൽ കാര്യമായ സ്വാധീനമില്ലാതെ പാർട്ടിയിൽ വലിയ ഇളക്കം ഉണ്ടാക്കുക അസാധ്യമാണ്. എന്നാൽ സാധാരണ പ്രവർത്തകരെയും വലത് മുന്നണിയോട് താൽപര്യമുളള വിഭാഗങ്ങളിലും ചലനം ഉണ്ടാക്കാൻ തരൂർ അനുകൂല കൂട്ടായ്മക്ക് കഴിഞ്ഞേക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us