/sathyam/media/post_attachments/AvLem2FCOXp3DeYWRVVr.jpg)
തിരുവനന്തപുരം: നഗരസഭയിലെ കത്ത് വിവാദം അന്വേഷിക്കാൻ രണ്ട് പേരെ ചുമതലപ്പെടുത്തിയെന്ന ജില്ലാ സെക്രട്ടറിയുടെ പ്രസ്താവനയിൽ അന്തംവിട്ട് ജില്ലയിലെ സി.പി.എം നേതാക്കൾ. ജില്ലാ സെക്രട്ടേറിയേറ്റിനോ ജില്ലാ കമ്മിറ്റിയ്‌ക്കോ ഒരു അറിവും ഇല്ലാത്ത കാര്യമാണ് സെക്രട്ടറി ആനാവൂർ നാഗപ്പൻ പറഞ്ഞതെന്നാണ് നേതാക്കളുടെ പ്രതികരണം. കത്ത് വിവാദം ഗൗരവമുളള പ്രശ്നമാണെന്നും അന്വേഷിക്കുമെന്നും ജില്ലാ കമ്മിറ്റിയിൽ സെക്രട്ടറി പറഞ്ഞെങ്കിലും അന്വേഷണം ഏത് രീതിയിലാണെന്നോ ആരെയെങ്കിലും ചുമതലപ്പെടുത്തിയതായോ അറിയിച്ചിട്ടില്ല.
അതുകൊണ്ടു തന്നെ മൊഴി കൊടുത്തില്ലെന്ന് നിരവധി തവണ പറഞ്ഞശേഷം പിന്നീട് ക്രൈംബ്രാഞ്ചിന് മൊഴി കൊടുത്തെന്ന് പ്രഖ്യാപിച്ചതുപോലെ പൊയ് വെടിയാകാനാണ് സാധ്യത എന്നാണ് നേതാക്കൾക്കിടയിലെ അടക്കം പറച്ചിൽ.
കത്ത് എഴുതിയവരെ കുറിച്ചും അത് പുറത്തുവിട്ടവരെക്കുറിച്ചും പാർട്ടിക്ക് വ്യക്തതയുളളതിനാൽ അന്വേഷണത്തിൻെറ ആവശ്യമില്ല. എന്നാൽ കുറ്റക്കാർക്ക് എതിരെ ഇപ്പോൾ നടപടിയെടുത്താൽ സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ചിന് പ്രതിയെ ചൂണ്ടിക്കാട്ടി കൊടുക്കുന്നത് പോലെയാകും. ആ കരുതലിലാണ് അന്വേഷണം സംബന്ധിച്ച് പരസ്പര വിരുദ്ധമായ പ്രതികരണങ്ങൾ നടത്തി
ആശയക്കുഴപ്പം ഉണ്ടാക്കുന്നതെന്നാണ് സൂചന.
മുഖ്യമന്ത്രിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ കത്ത് വിവാദത്തെ കുറിച്ച് വസ്തുതാന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ച് എങ്ങുമെത്താതെ തപ്പിത്തടയുകയാണ്. മേയറുടെ പേരിലുളള കത്ത് വ്യാജമാണെന്ന് മൊഴിയുളളതിനാൽ കേസ് എടുത്ത് അന്വേഷണം വേണ്ടിവരുമെന്ന നിഗമനത്തിലാണ് ക്രൈംബ്രാഞ്ച്. എന്നാൽ മറ്റ് വ്യാജരേഖക്കേസുകളിലെ ഉത്സാഹമില്ലെന്ന് മാത്രം.
നഗരസഭയിലെ അരോഗ്യ വിഭാഗത്തിലെ 295 തസ്തികകളിലേക്ക് നിയമനത്തിനായി മുൻഗണന പട്ടിക ആവശ്യപ്പെട്ടുകൊണ്ടുളള മേയറുടെ പേരിലുളള കത്തും എസ്.എ.ടി ആശുപത്രിയിലെ നിയമനത്തിന് കുടുംബശ്രീ പ്രവർത്തകരുടെ പട്ടിക ആവശ്യപ്പെട്ടുളള കത്തും പുറത്തായതാണ് സി.പി.എം ജില്ലാ നേതൃത്വത്തെ ഊരാക്കുടുക്കിലാക്കിയത്. കത്ത് പുറത്തായത് നഗരസഭാ ഭരണത്തിൻെറയും ശോഭകെടുത്തി.
നഗരസഭയെ സ്തംഭിപ്പിപ്പിച്ച് ആഴ്ചകളായി നടക്കുന്ന സമരപരമ്പര എങ്ങനെ അവസാനിപ്പിക്കുമെന്നറിയാതെ കുഴങ്ങുകയാണ് ഭരണനേതൃത്വം.
മേയറുടെ രാജി ആവശ്യപ്പെട്ടാണ് പ്രതിപക്ഷ സമരമെങ്കിലും കുറ്റക്കാരെ കണ്ടുപിടിച്ച് നടപടിയെടുത്താൽ സമരം അവസാനിച്ചേക്കും. മേയറല്ലെങ്കിൽ നഗരസഭാ ഭരണത്തിലെ അപ്രഖ്യാപിത രണ്ടാമനായ സി.പി.എം പാർലമെന്ററി പാർട്ടി സെക്രട്ടറി ഡി.ആർ. അനിലിനെയാണ് സമരത്തിൻെറ മുൻനിരയിലുളള ബി.ജെ.പി ലക്ഷ്യമിടുന്നത്. കത്ത് വിവാദത്തിൽ അനിലിൻെറ പങ്കിനെക്കുറിച്ച് സി.പി.എം ജില്ലാ നേതൃത്വത്തിന് ബോധ്യമുണ്ടെങ്കിലും ഇപ്പോൾ നടപടിയെടുത്താൽ ദോഷം ചെയ്യുമെന്ന വിലിയിരുത്തലിൽ മൗനം പാലിക്കുകയാണ്.
ക്രൈം ബ്രാഞ്ച് അന്വേഷണത്തിനൊപ്പം പാർട്ടിതല അന്വേഷണവും പ്രഖ്യാപിച്ചതോടെ വിവാദം തണുക്കുമെന്നായിരുന്നു ജില്ലാ നേതൃത്വത്തിൻെറ കണക്കൂകൂട്ടൽ. എന്നാൽ വീണുകിട്ടിയ അവസരം ഫലപ്രദമായി ഉപയോഗിച്ച ബി.ജെ.പിയും യു.ഡി.എഫും സമരം കടുപ്പിക്കുകയാണ് ചെയ്തത്.
പ്രതിപക്ഷ സമരം തീർക്കാൻ നടത്തിയ എല്ലാ ഇടപടലുകളും പരാജയപ്പെട്ടതോടെ ഏതാണ്ട് ഊരാക്കുടുക്കിൽ അകപ്പെട്ട സ്ഥിതിയിലാണ് നഗരസഭാ നേതൃത്വവും സി.പി.എം ജില്ലാ നേതൃത്വവും.
വസ്തുതാന്വേഷണം നടത്തുന്ന വിജിലൻസും ക്രൈംബ്രാഞ്ചും എന്തെങ്കിലും തുമ്പുണ്ടാക്കാതെ കത്ത് വിവാദം അവസാനിക്കാൻ സാധ്യതിയില്ല. യഥാർത്ഥ കത്ത് നശിപ്പിച്ചെന്ന് വ്യക്തമായെങ്കിലും അതിലേക്ക് കടന്നുളള അന്വേഷണം നടത്താൻ ക്രൈം ബ്രാഞ്ച് തയാറാകുന്നില്ല. കേസ് എടുത്ത് അന്വേഷണം നടത്താൻ ക്രൈം ബ്രാഞ്ച് മേധാവി ഷേഖ് ദർവേഷ് സാഹിബ് അനുമതി നൽകിയാൽ ഒരുപക്ഷേ ഗൗരവതരമായ അന്വേഷണത്തിലേക്ക് പ്രത്യേക അന്വേഷണ സംഘം കടന്നേക്കും. അതുകൊണ്ടുതന്നെ കത്ത് വിവാദത്തേക്കുറിച്ചുളള അന്വേഷണത്തിൽ ഈയാഴ്ച ഏറെ നിർണായകമാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us