ചാൻസലറെ മാറ്റൽ ബില്ലിൽ ഉദ്ദേശകാരണം വ്യക്തമല്ലെന്ന് നോട്ടെഴുതിയ ബി. അശോകിന് മന്ത്രിസഭയുടെ കടുത്ത വിമർശനം; കൃഷി വകുപ്പ്‌ സെക്രട്ടറിയോടുള്ള മന്ത്രിസഭയുടെ അതൃപ്തി നേരിട്ടറിയിക്കാനുള്ള ചുമതല മന്ത്രി പി. പ്രസാദിന്‌; ഉദ്യോഗസ്ഥർ പരിധി വിട്ട് അഭിപ്രായപ്രകടനം നടത്തരുതെന്നും വിഷയത്തിലൊതുങ്ങി നിന്ന് വേണം കുറിപ്പുകളെഴുതാനെന്നും മന്ത്രിമാർ; നാളെ വീണ്ടും മന്ത്രിസഭായോഗം

New Update

publive-image

തിരുവനന്തപുരം: സർവകലാശാലകളുടെ ചാൻസലർ പദവിയിൽ നിന്ന് ഗവർണറെ നീക്കാനുള്ള ഭേദഗതിബില്ലിന്റെ കരടിൽ അതിനുള്ള ഉദ്ദേശകാരണം അവ്യക്തമാണെന്ന് കുറിപ്പെഴുതിയ കൃഷിവകുപ്പ് സെക്രട്ടറി ഡോ.ബി. അശോകിന് മന്ത്രിസഭായോഗത്തിൽ രൂക്ഷവിമർശനം. മന്ത്രിസഭായോഗത്തിനുള്ള അജൻഡാ നോട്ടിൽ വിമർശനക്കുറിപ്പെഴുതി വച്ച കൃഷി സെക്രട്ടറിയോടുള്ള മന്ത്രിസഭയുടെ അതൃപ്തി നേരിട്ടറിയിക്കാൻ കൃഷി മന്ത്രി പി. പ്രസാദിനെയും രേഖാമൂലം അറിയിക്കാൻ ചീഫ്സെക്രട്ടറി ഡോ.വി.പി. ജോയിയെയും മന്ത്രിസഭായോഗം ചുമതലപ്പെടുത്തി. അശോകിന്റെ നിലപാടിനെ കടുത്ത ഭാഷയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും യോഗത്തിൽ വിമർശിച്ചതായറിയുന്നു.

Advertisment

അതേസമയം, നാളെ വീണ്ടും ചേരുന്ന പ്രത്യേക മന്ത്രിസഭായോഗത്തിൽ അശോക് ചൂണ്ടിക്കാട്ടിയ സാങ്കേതികപ്പിഴവും ചർച്ച ചെയ്യുമെന്നാണ് സൂചന.

കരട് ബില്ലിന്റെ ആമുഖത്തിൽ ഗവർണറെ പദവിയിൽ നിന്ന് മാറ്റാനുള്ള കാരണം ചൂണ്ടിക്കാട്ടുന്നില്ലെന്നാണ് ആദ്യവിമർശനം. ബില്ലിന്റെ ഉദ്ദേശ കാരണങ്ങളിലും ഇത് വ്യക്തമാക്കിയിട്ടില്ലെന്നും ഒന്നര പേജോളം വരുന്ന കൃഷി സെക്രട്ടറിയുടെ കുറിപ്പിൽ ചൂണ്ടിക്കാട്ടി.

ഉന്നത വിദ്യാഭ്യാസ വകുപ്പിന് പുറമേ മറ്റ് വിവിധ വകുപ്പുകൾക്ക് കീഴിൽ വരുന്ന സർവകലാശാലകളിലടക്കം ഭേദഗതി ആവശ്യമായതിനാൽ ഓരോ വകുപ്പിന്റെയും മന്ത്രിമാരുടെയും സെക്രട്ടറിമാരുടെയും പരിശോധനസഹിതമാണ് കരട് ബിൽ മന്ത്രിസഭായോഗം മുമ്പാകെയെത്തുക. ഇത് പ്രകാരമാണ് കാർഷിക സർവകലാശാലയുമായി ബന്ധപ്പെട്ട വകുപ്പെന്ന നിലയ്ക്ക് കൃഷിവകുപ്പ് മുമ്പാകെ ഫയലെത്തിയത്. ഇതിന്മേലാണ് സെക്രട്ടറിയായ ഡോ.ബി. അശോക് കരട് ബില്ലിലെ പിഴവുകൾ ചൂണ്ടിക്കാട്ടി കുറിപ്പെഴുതിയത്.

എന്നാൽ ഉദ്യോഗസ്ഥർ പരിധി വിട്ട് അഭിപ്രായപ്രകടനം നടത്തരുതെന്നും വിഷയത്തിലൊതുങ്ങി നിന്ന് വേണം കുറിപ്പുകളെഴുതാനെന്നും മന്ത്രിസഭായോഗത്തിൽ മന്ത്രിമാർ അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രിയും സെക്രട്ടറിയുടെ നിലപാടിലെ അതൃപ്തി യോഗത്തിൽ വ്യക്തമാക്കി. ഇന്നലെ മന്ത്രിസഭായോഗത്തിൽ ഭൂരിഭാഗം സമയവും ഇതേക്കുറിച്ചുള്ള ചർച്ചയായിരുന്നു. വിവിധ സർവകലാശാലകളുമായി ബന്ധപ്പെട്ട വകുപ്പുകൾ കൈകാര്യം ചെയ്യുന്ന മന്ത്രിമാരിലേറെയും ഇക്കാര്യത്തിൽ അഭിപ്രായം രേഖപ്പെടുത്തി.

ഡിസംബർ അഞ്ചിനാരംഭിക്കുന്ന നിയമസഭാസമ്മേളനത്തിന്റെ ആദ്യദിനത്തിൽ തന്നെ ഗവർണറെ നീക്കുന്ന ബിൽ കൊണ്ടുവരാനാണ് ധാരണ. നിയമ സർവകലാശാലയും കലാമണ്ഡലം കല്പിതസർവകലാശാലയും ഒഴിച്ചുള്ളിടത്തെല്ലാം നിലവിൽ ഗവർണറാണ് ചാൻസലർ. .

Advertisment