Advertisment

'ഏഴഴകുള്ള മഴവില്ലിൻ ചാരുത' ; സുധാകരൻ മണ്ണാർക്കാട് എഴുതിയ 'കാവ്യമഴവില്ലുകൾ' പ്രകാശിതമായി

New Update

publive-image

Advertisment

ഓരോ വീടും,

ഓരോ കവിതയാണ്.

വൃത്തവും അലങ്കാരവും

പ്രാസവും ഒത്തുചേർന്നാൽ

വായിക്കാൻ സുഖമുള്ള കവിത

കാവ്യ കൈരളിക്ക് അഴകായി,കവിയും മലയാളം അധ്യാപകനും ഓർമ്മ കലാസാഹിത്യവേദി പ്രസിഡന്റുമായ സുധാകരൻ മണ്ണാർക്കാട് എഴുതിയ ‘കാവ്യ മഴവില്ലുകൾ’ പ്രകാശിതമായി.സാഹിത്യകാരൻ മുണ്ടൂർ സേതുമാധവൻ കവിയുടെ സഹോദരൻ വി. വിജയകുമാരന് പുസ്തകം നൽകി പ്രകാശനം ചെയ്തു.തസ്റാക്ക് ഒ.വി.വിജയൻ സ്മാരക സമിതി സെമിനാർ ഹാളിൽനടന്ന അക്ഷരദീപം സാംസ്കാരിക സമിതി സംസ്ഥാന സമ്മേളനത്തിലായിരുന്നു പ്രകാശനം.ചുറ്റുമുള്ള ജീവിത കാഴ്ചകളും മനുഷ്യന്റെ വൈകാരിക ഭാവങ്ങളും പങ്കുവെക്കുന്ന 40 കവിതകളാണ് സമാഹാരത്തിലുള്ളത്.ഗൗരവാർഹമായ ഉത്തമ ആലോചനകളിലേക്ക് നയിക്കുന്ന ചിന്താശകലങ്ങൾ.

നല്ല കവിതകളുടെ ഭംഗി കവിയുടെ തൂലികത്തുമ്പിലാണ്. കവിയുടെ ഭാവനയിലും ഹൃദയത്തിലുമാണ്. അനുഭവങ്ങളിൽ നിന്നാണ് ഓരോ രചനയും പിറക്കുന്നത്.അനുഭവം എന്നത് ജീവിതത്തിൽ നിന്നാകാം. കണ്ട ജീവിത കാഴ്ചകളിൽ നിന്നും,കേൾക്കുന്ന,അറിയുന്ന ജീവിത പരിസരങ്ങളിൽ നിന്നുമാകാം.കവിത ഉണ്ടാകേണ്ടത് ആത്മാവിൽ നിന്നാണ്.നല്ല കഥയും കവിതയും സർഗ്ഗ രചനയും പിറക്കുമ്പോൾ മാത്രമേ സഹൃദയത്വമുള്ള സമൂഹമുണ്ടാവൂ.ഓരോ കവിതയിലും ഉള്ള വർണ്ണഭംഗി കവിയുടെ ഹൃദയത്തിൽ ചാലിച്ച് ചിട്ടപ്പെടുത്തിയതാണെന്ന് അവതാരികയിൽ ആശാ രാജീവ് സാക്ഷ്യപ്പെടുത്തുന്നു.

നല്ല എഴുത്തുകാർ നന്മയുടെ കാവൽക്കാരാണ്. പ്രകാശമാനമായ ഒരു ഭാവിയാണ് നല്ല എഴുത്തുകാർ സമൂഹത്തിന് നൽകുന്ന സംഭാവന എന്ന് പ്രകാശന സദസ്സിൽ സംസാരിച്ചവർ പറഞ്ഞു.

മാതൃഭൂമി ആഴ്ചപ്പതിപ്പിൽ കുട്ടേട്ടൻ എന്ന പേരിൽ കുഞ്ഞുണ്ണി മാസ്റ്റർ നേതൃത്വം കൊടുത്ത ബാല പംക്തിയിലൂടെ രചനകൾ എഴുതി തുടങ്ങിയ അറിവനുഭവമാണ് സുധാകരന്റേത്.51 കഥകളുടെ ഒരു സമാഹാരം 'ജീവിതക്കാഴ്ചകൾ' എന്ന പേരിൽ മുമ്പ് പ്രസിദ്ധീകൃതമായിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ എഴുതുമ്പോൾ കിട്ടുന്ന ഗുണകരമായ പ്രോത്സാഹന പ്രതികരണമാണ് ഈ കാവ്യ സമാഹാരത്തിന്റെ പ്രചോദനമെന്നും ഈ കവിതാ പുസ്തകം സഫലമാക്കാൻ പിന്തുണച്ചത് അക്ഷരദീപം പബ്ലിക്കേഷൻസ് ആണെന്നും സുധാകരൻ മുഖമൊഴിയിൽ കുറിച്ചിട്ടുണ്ട്.

അക്ഷര ദീപം സംസ്ഥാന പ്രസിഡന്റ് ആശരാജീവ് പ്രകാശന സദസ്സിൽ അദ്ധ്യക്ഷത വഹിച്ചു.പാലക്കാട്‌ ജില്ലാ ജനറൽ സെക്രട്ടറി ജെമിൽ കുമാർ പി.കെ,അക്ഷരദീപം സ്ഥാപകൻ വിജയൻ,സംസ്ഥാന ജനറൽ സെക്രട്ടറി സ്യമന്ത കുമാരി, തുറന്ന കത്ത് പത്രാധിപർ സുബ്രഹ്മണ്യൻ എ,സംസ്ഥാന വൈസ് പ്രസിഡന്റുമാരായ സുശീലൻ,മുസ്തഫ ടി കെ,ഖജാൻജി സാബു എ എൻ, ലൂഷിതരാജൻ,ശങ്കരൻ കുട്ടി എം തുടങ്ങിയവർ സംസാരിച്ചു.

Advertisment