Advertisment

എന്തിനാണ് നമുക്ക് ഇത്രമാത്രം മന്ത്രിമാർ, വകുപ്പുകൾ, ജീവനക്കാർ ? ഇതിന് രാഷ്ട്രീയമായ കാരണങ്ങൾ കാണും, പക്ഷെ സാമ്പത്തികമായ കാരണങ്ങൾ ഇല്ല ! ഇത് ചിന്തിക്കാനുള്ള ഒരു അവസരമാണ് ഈ ബജറ്റ്-മുരളി തുമ്മാരുകുടി എഴുതുന്നു

New Update

publive-image

Advertisment

കഴിഞ്ഞ ദിവസമാണ് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ സംസ്ഥാന ബജറ്റ് അവതരിപ്പിച്ചത്. ഇന്ധന സെസ്, മദ്യവില, ഭൂമിയുടെ ന്യായവില, വാഹന നികുതി തുടങ്ങിയവയുടെ വര്‍ധനവിനെതിരെ രൂക്ഷവിമര്‍ശനമാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഉയര്‍ത്തുന്നത്. ശക്തമായ പ്രതിഷേധങ്ങളിലേക്ക് കടക്കാനാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ തീരുമാനം.

"2020-21-ല്‍ ശമ്പളവം പെന്‍ഷനും നൽകാനായി വേണ്ടി വന്നത് 46,754 കോടി രൂപയായിരുത്തന്നങ്കില്‍ 2021-22 എത്തിയപ്പോള്‍ അത് 71,393 കോടി രൂപയായി ഉയര്‍ന്നു" എന്നാണ് മന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞത്. ലോകത്തിൽ ഒരു സംവിധാനത്തിനും ഇത്തരത്തിലുള്ള ഒരു ശമ്പള പെൻഷൻ ബാധ്യതയും ആയി മുന്നോട്ട് പോകാൻ കഴിയില്ലെന്ന് വ്യക്തമാക്കുകയാണ് ജി 20 രാജ്യങ്ങള്‍ ആവിഷ്‌ക്കരിച്ച ആഗോള പരിസ്ഥിതി പുനഃസ്ഥാപന പദ്ധതിയുടെ മേധാവിയായ മുരളി തുമ്മാരുകുടി.

മുരളി തുമ്മാരുകുടി എഴുതിയത്‌:

ബജറ്റ് - കാളയെ ആര് പിടിക്കും?

"അപ്പൊ കേരള ബജറ്റിനെ പറ്റി ഒന്നും പറഞ്ഞില്ലല്ലോ?"

"ഇന്നലെ അല്ലെ ബജറ്റ് വന്നത്, വായിക്കാൻ സമയം കിട്ടിയില്ല. വായിക്കാതെ കമന്റ് പറയാൻ ഞാൻ ചാനൽ ചർച്ചക്കാരൻ ഒന്നുമല്ലലോ?"

"എന്നിട്ട് വായിച്ചോ?"

"ഉവ്വ്"

"എന്നിട്ട്"

പൊതുവെ പത്രക്കാരും ചാനൽ ചർച്ചക്കാരും ഒക്കെ പറഞ്ഞത് അപ്പാടെ നികുതി കൂട്ടിയ ബജറ്റ് എന്നാണ്. വില കൂട്ടാത്ത ഏതെങ്കിലും വസ്തു ഉണ്ടെങ്കിൽ അറിയിക്കണം എന്ന് പറഞ്ഞു ധനകാര്യ മന്ത്രിയുടെ അഡ്രസ്സും കൊടുത്തു ട്രോളർമാർ നികുതി വർധനവിന്റെ മൊത്തം തുക ഏതാണ്ട് മൂവായിരം കോടി രൂപ വരുമെന്ന് എവിടെയോ വായിച്ചു. ബജറ്റിൽ അത് പ്രത്യേകം പറഞ്ഞിട്ടില്ല.

പക്ഷെ എൻ്റെ ശ്രദ്ധ ആകർഷിച്ചത് താഴെ പറയുന്നതാണ്

"2020-21-ല്‍ ശമ്പളവം പെന്‍ഷനും നൽകാനായി വേണ്ടി വന്നത് 46,754 കോടി രൂപയായിരുത്തന്നങ്കില്‍ 2021-22 എത്തിയപ്പോള്‍ അത് 71,393 കോടി രൂപയായി ഉയര്‍ന്നു"

ങേ ?

ഒറ്റ വർഷത്തിൽ ശമ്പള പെൻഷൻ ചിലവിൽ ഇരുപത്തി അയ്യായിരം കോടി വർദ്ധനയോ ?, അതായത് അമ്പത്തി രണ്ടു ശതമാനം വർദ്ധന?

കെ എസ് ആർ ടി സി ക്ക് ഉള്ള ആയിരം കോടിക്ക് മുകളിൽ ഉള്ള തുക വേറെ ഇത് കൃത്യമായ കണക്കാണെന്ന് എനിക്ക് ഇനിയും വിശ്വസിക്കാൻ പറ്റിയിട്ടില്ല.

പക്ഷെ ബജറ്റിൽ പറഞ്ഞിരിക്കുന്നത് അങ്ങനെ ആയത് കൊണ്ട് അങ്ങനെ തന്നെ എടുക്കാം. ലോകത്തിൽ ഒരു സംവിധാനത്തിനും ഇത്തരത്തിലുള്ള ഒരു ശമ്പള പെൻഷൻ ബാധ്യതയും ആയി മുന്നോട്ട് പോകാൻ കഴിയില്ല. ഒരു സ്വകാര്യ സംവിധാനം ആയിരുന്നെങ്കിൽ എപ്പോൾ പൂട്ടിക്കെട്ടി എന്ന് ചോദിച്ചാൽ മതി.

ഇത് കണക്ക് ശരിയാണെങ്കിൽ ഞാൻ ധനകാര്യ മന്ത്രി ആകുമ്പോൾ ഇതാണ് ആദ്യം കൈകാര്യം ചെയ്യാൻ പോകുന്ന വിഷയം. ഇത് കൈകാര്യം ചെയ്താൽ മറ്റുള്ള കാര്യങ്ങളിൽ ഒക്കെ കൂടുതൽ സാമ്പത്തിക സ്വാതന്ത്ര്യം ഉണ്ടാകും. അന്തമില്ലാതെ കുതിച്ചു കയറുന്ന ശമ്പള പെൻഷൻ ചിലവുകളെ ചെറുതും വലുതുമായി നികുതികൾ ചുമത്തി നേരിടാൻ സാധിക്കില്ല. കാളയുടെ കൊമ്പിൽ നേരിട്ട് പിടിക്കുകയേ മാർഗ്ഗമുള്ളൂ.

നമ്മുടെ സർക്കാരിന്റെ വലുപ്പം കുറക്കണം. മുൻപ് പറഞ്ഞിട്ടുള്ളതാണ്. കേരളത്തിന്റെ പത്തിരട്ടി ജനസംഖ്യയുണ്ട് അമേരിക്കയിൽ. അവിടുത്തെ സമ്പദ് സർക്കാരിന്റെ ബഡ്ജറ്റ് ഏതാണ്ട് ഏഴു ട്രില്യൺ ഡോളർ ആണ്, കേരളത്തിലെ ബഡ്ജറ്റിന്റെ ഏതാണ്ട് അഞ്ഞൂറ് ഇരട്ടി. എന്നിട്ട് അവിടുത്തെ പ്രസിഡന്റിന്റെ കാബിനറ്റിൽ പതിനഞ്ചു മന്ത്രിമാർ ആണ്.

എന്തിനാണ് നമുക്ക് ഇത്രമാത്രം മന്ത്രിമാർ, വകുപ്പുകൾ, ജീവനക്കാർ ?. ഇതിന് രാഷ്ട്രീയമായ കാരണങ്ങൾ കാണും, പക്ഷെ സാമ്പത്തികമായ കാരണങ്ങൾ ഇല്ല. ഇത് ചിന്തിക്കാനുള്ള ഒരു അവസരമാണ് ഈ ബജറ്റ്. നമുക്ക് രണ്ടായിരത്തി മുപ്പതിനെ പറ്റി ചിന്തിക്കാം (ഇരുപത്തി ഒമ്പതിൽ ഞാൻ പെൻഷൻ ആകും, അപ്പോൾ തന്നെ തിരഞ്ഞെടുപ്പും ഉണ്ടല്ലോ).

അന്ന് നമുക്ക് ഇന്നത്തേതിന്റെ പകുതി മന്ത്രിമാർ മതി. വകുപ്പുകൾ ഇപ്പോഴത്തേതിന്റെ മൂന്നിലൊന്നാക്കാം. ഓരോ വകുപ്പിന്റെയും കീഴിൽ ഉള്ള സ്ഥാപനങ്ങളുടെ എണ്ണം വെട്ടിക്കുറച്ചാൽ നാലിൽ ഒന്ന് പോലും ആക്കാം. യൂണിവേഴ്സിറ്റി ഒന്ന് മതിയെന്ന് ഞാൻ പണ്ടേ പറഞ്ഞിട്ടുണ്ട്. നിർമ്മിത ബുദ്ധിയുടെ സാദ്ധ്യതകൾ നമ്മുടെ സർക്കാർ സംവിധാനങ്ങളിൽ ഉപയോഗിച്ച് തുടങ്ങിയാൽ രണ്ടായിരത്തി മുപ്പതിൽ ആകുമ്പോഴേക്ക് ഇപ്പോൾ ഉള്ളതിന്റെ നാലിൽ ഒന്ന് ആളുകളെക്കൊണ്ട് ഇപ്പോൾ നൽകുന്നതിൽ മെച്ചമായ സേവനം ജനങ്ങൾക്ക് നൽകാം.

യുവാക്കളുടെ തൊഴിലില്ലായ്മ എന്നൊക്കെ പറഞ്ഞു സർക്കാരിന്റെ വലിപ്പം നില നിർത്തേണ്ട കാര്യമൊന്നുമില്ല. കേരളത്തിൽ ഒരു വർഷം ഇരുപതിനായിരം സർക്കാർ ജോലികൾ ആണ് ഉണ്ടാകുന്നത്. ഇരുപത് വർഷം മുൻപ് ഓരോ വർഷവും സ്‌കൂളിൽ എത്തിയത് അഞ്ചു ലക്ഷം പേരാണ്. അപ്പോൾ യുവജനങ്ങളുടെ അഞ്ചു ശതമാനത്തിന് പോലും സർക്കാർ ജോലിയില്ല. സർക്കാർ ജോലി ഉണ്ടെങ്കിലും ഇല്ലെങ്കിലും ഇവിടെ തൊഴിലില്ലായ്മയുടെ കണക്കിൽ അതൊരു ചെറിയ ശതമാനം മാറ്റമേ ഉണ്ടാക്കൂ. തൊഴിലില്ലായ്മക്കുള്ള പരിഹാരം സർക്കാർ ജോലിയിൽ അല്ല കിടക്കുന്നത്.

സർക്കാർ ജോലികളുടെ എണ്ണം മാത്രമല്ല ശമ്പളവും മാറ്റണം.

രണ്ടായിരത്തി മുപ്പത് ആകുമ്പോഴേക്ക് നമ്മുടെ സർക്കാർ സംവിധാനത്തിൽ ലഭിക്കുന്ന ശമ്പളം കേരളത്തിലെ തൊഴിൽ കമ്പോളത്തിൽ ലഭിക്കുന്ന ശമ്പളവുമായി നേരിട്ട് ബന്ധിപ്പിക്കണം. ഉദാഹരണത്തിന് സ്വകാര്യ സ്‌കൂളുകളിൽ അധ്യാപകർക്ക് ലഭിക്കുന്ന ശരാശരി ശമ്പളത്തിന്റെ തുല്യമോ കുറച്ചു താഴെയോ ശമ്പളം മാത്രമേ സർക്കാർ അധ്യാപകർക്ക് കൊടുക്കേണ്ടതുള്ളൂ (കാരണം സർക്കാരിൽ ജോലി സ്ഥിരതയും പെൻഷൻ സംവിധാനങ്ങളും ഒക്കെ ഉണ്ടല്ലോ).

പഞ്ചായത്തിലെ ക്ലർക്ക് മുതൽ യൂണിവേഴ്സിറ്റി മെഡിക്കൽ കോളേജിലെ പ്രൊഫസറുടെ വരെ ശമ്പളം ഇത്തരത്തിൽ മാർക്കറ്റുമായി ബന്ധിപ്പിക്കണം.

അപ്പോൾ ഏറെ സർക്കാർ ജോലികളുടെ ശമ്പളം കുറയും, സർക്കാർ ജോലികളോടുള്ള ഭ്രമം പോകും, പിൻവാതിലൂടെ കയറിപ്പറ്റാൻ ഉള്ള ശ്രമം ഇല്ലാതാകും, പി എച്ച് ഡി കഴിഞ്ഞവർ ഗുമസ്തരാകാൻ ശ്രമിക്കുന്ന സാമ്പത്തിക സാഹചര്യം ഒഴിവാകും, മാനുഷിക നൈപുണ്യത്തിന്റെ ദുരുപയോഗം അവസാനിക്കും.

അതേ സമയം തന്നെ ഏറെ നൈപുണ്യം ഉള്ളവർക്ക് കമ്പോളനിലവാരത്തിലും ഏറെ കുറഞ്ഞ ശമ്പളം ആണ് സർക്കാർ സംവിധാനങ്ങളിൽ ഉള്ളത്. സ്പെഷ്യാലിറ്റി ഡോക്ടർമാർ, എയർപോർട്ട് മേധാവികൾ, യൂണിവേഴ്സിറ്റി വൈസ് ചാൻസലർമാർ, ഓരോ പ്രസ്ഥാനങ്ങൾ നടത്തി കൊണ്ട് പോകുന്നവർ എന്നിങ്ങനെ. കേരളത്തിൽ സ്വകാര്യ എഞ്ചിനീയറിങ്ങ് കോളേജ് പ്രിൻസിപ്പലിന് കിട്ടുന്ന ശമ്പളം യൂണിവേഴ്സിറ്റി വൈസ് ചാൻസലർക്ക് കിട്ടുന്നില്ല !

പ്രത്യേക കഴിവുകളും പ്രസ്ഥാനങ്ങൾ നയിക്കാനുള്ള അറിവും പരിചയവും ഉളളവരുടെ ശമ്പളം കൂടും. ഉദാഹരണത്തിന് നിർമ്മിത ബുദ്ധിയുടെ ഉപയോഗം അറിയുന്നവർക്ക് ലോകോത്തര ശമ്പളം നൽകേണ്ടി വരും, അവർ സർക്കാർ സംവിധാനങ്ങളിൽ എത്തും. പരിചയം ഉള്ളവർ പ്രസ്ഥാനങ്ങളെ നയിക്കാൻ എത്തും.

കേരളത്തിലെ സമ്പദ്‌വ്യവസ്ഥ നന്നാകുമ്പോൾ പൊതുകമ്പോളത്തിലെ ശമ്പളം കൂടും. അപ്പോൾ സർക്കാർ ഉദ്യോഗസ്ഥരുടെ ശമ്പളം സ്വാഭാവികമായി കൂടുമല്ലോ. ഈ സംവിധാനത്തിന് ഒരു ഗുണമുണ്ട്. കേരളത്തിലെ പൊതു സമ്പദ്‌വ്യവസ്ഥ നന്നാകണം എന്നൊക്കെ സർക്കാർ ഉദ്യോഗസ്ഥർമാർക്ക് ഒരു ആഗ്രഹം വരും. ഇപ്പോഴത്തെ കണക്കിന് ഒരു പ്രസ്ഥാനം വരുന്നതിൽ സർക്കാർ ഉദ്യോഗസ്ഥർക്ക് പ്രത്യേകിച്ച് താല്പര്യമൊന്നുമില്ല. അത് മാറും. മാറണം

ഇതൊന്നും അത്ര എളുപ്പമുള്ള കാര്യമല്ല എന്നെനിക്കറിയാം. കേരളത്തിലെ ഏറ്റവും ശക്തമായ യൂണിയൻ സംവിധാനങ്ങൾ സർക്കാർ ഉദ്യോഗസ്ഥരുടെ ആണ്. പക്ഷെ ജനാധിപത്യം എന്നുള്ളത് അക്കങ്ങളുടെ അങ്കം കൂടി ആണല്ലോ.

കേരളത്തിലെ ജനസംഖ്യയുടെ രണ്ടു ശതമാനത്തിൽ താഴെയാണ് നമ്മുടെ സർക്കാർ ഉദ്യോഗസ്ഥരുടെ എണ്ണം. ഒരു വർഷം ഇരുപതിനായിരം പേർക്കാണ് പി എസ് സി നിയമനം നൽകുന്നത്, നമ്മുടെ യുവാക്കളുടെ അഞ്ചു ശതമാനത്തിലും താഴെ.

ഈ ആളുകൾ വിചാരിച്ചാൽ സർക്കാർ സംവിധാനത്തെ കുറച്ചു നാൾ ഒക്കെ സ്തംഭിപ്പിക്കാൻ കഴിഞ്ഞേക്കും. പക്ഷെ ജനാധിപത്യത്തിൽ അവരുടെ എണ്ണത്തിന്റെ ബലമേ അവർക്കുള്ളൂ.

കേരളത്തിന്റെ പൊതു താല്പര്യവും ബഹുഭൂരിപക്ഷത്തിന്റെ ആഗ്രഹവും സർക്കാരിന്റെ വലിപ്പം കുറയണം, നികുതി വരുമാനം കൂടുതൽ വികസന പ്രവർത്തനങ്ങൾക്ക് കൂടുതൽ പണം ചിലവാക്കണം എന്നുമാണ്. ഓരോ വർഷവും എത്ര നികുതി കൂട്ടുന്നുവോ അത്രയും സർക്കാർ ഉദ്യോഗസ്ഥരുടെ ശമ്പള ചിലവ് കുറക്കും എന്നൊരു നയം എടുത്താൽ തന്നെ അതൊരു മുന്നോട്ടുള്ള കാൽ വയ്പ്പ് ആയിരിക്കും.

തൽക്കാലം ബജറ്റിൽ അതൊന്നും കാണുന്നില്ല.

അതുകൊണ്ട് തന്നെ കൂടുതൽ പറയുന്നുമില്ല.

രണ്ടായിരത്തി മുപ്പതാകട്ടെ !

Advertisment