Advertisment

കാട്ടാക്കടയിലെ ആനവണ്ടി ആപ്പീസിലെ കാട്ടാക്കടിയൻമാരായ സാറൻമാർക്ക് ഗുഡ് സർവീസ് എൻട്രി കൊടുക്കണേ സർക്കാരേ.!

author-image
ജൂലി
Updated On
New Update

publive-image

Advertisment

കെഎസ്ആർടിസി ബസ് ഓരോ മലയാളിയ്ക്കും ഗൃഹാതുരത്വം ഉണർത്തുന്ന ഓർമ്മകൾ ആണ്. യാത്രക്കാരുമായി നല്ല സൗഹൃദം പുലർത്തിയിരുന്ന കുറെയധികം കണ്ടക്ടർമാരും ഡ്രൈവർമാരും കോർപറേഷന്റെ മുതൽക്കൂട്ടായിരുന്ന ഒരു കാലമുണ്ടായിരുന്നു.

സ്ഥിരമായി ആനവണ്ടിയിൽ കയറാൻ  ഒട്ടേറെ യാത്രക്കാർ ഇഷ്ടം കാണിച്ചിരുന്നത് ഈ ജീവനക്കാരുടെ മാന്യമായ പെരുമാറ്റം കൊണ്ടായിരുന്നു. ഗ്രാമങ്ങളിലൂടെ കെഎസ്ആർടിസി ബസ് പൊടിപറപ്പിച്ച് പറന്നു പോകുന്നത് കാണാൻ ജനപ്രതിനിധികളുടെയും പള്ളീലച്ചൻമാരുടെയും ഒക്കെ ശുപാർശകൾ വകുപ്പ് മന്ത്രിയുടെ ഓഫീസിൽ നടപടികൾ കാത്ത് കിടന്നിരുന്നു. അന്നൊക്കെ എല്ലാവർക്കും കൊടുക്കാൻ ബസ് തികയത്തില്ലായിരുന്നു.

കണ്ടക്ടർക്കും ഡ്രൈവർക്കും രാത്രി കഴിച്ചു കൂട്ടാൻ പള്ളിവക മുറികളോ നാട്ടുപ്രമാണിമാരുടെ വക കവലകളിലെ മുറികളോ ഒക്കെ സൗജന്യമായി കൊടുത്ത് ബസ് സർവ്വീസ് നേടിയെടുത്തിട്ടുണ്ട്. ചിലയിടങ്ങളിൽ ഭക്ഷണം പോലും സൗജന്യമായി നൽകിയിരുന്നു എന്ന് പറയുന്നതിൽ അതിശയോക്തി ഇല്ല. എങ്ങനെ എങ്കിലും ഈ വണ്ടി ഇതിലേ ഓടണം എന്ന ഒറ്റ ആഗ്രഹമേ ആ പാവങ്ങൾക്ക് ഉണ്ടായിരുന്നുള്ളു.

എന്നാൽ, അന്നും കോർപറേഷൻ വക ചില കാട്ടാക്കടിയൻമാർ ഈ ഗ്രാമവണ്ടികൾക്ക് അള്ള് വയ്ക്കുമായിരുന്നു. ശക്തമായ രാഷ്ട്രീയ ഇടപെടലുകൾ മൂലം പലയിടങ്ങളിലും ആ സർവ്വീസ് നിലനിർത്താൻ സാധിച്ചിട്ടുണ്ട്.

ശരീരമാകെ ചുവപ്പും ചന്ദനവും നിറം ചാർത്തി, ഇരുവശങ്ങളിലും, തുമ്പിക്കൈ ഉയർത്തി അഭിവാദ്യം ചെയ്യുന്ന, രണ്ട് കൊമ്പനാനകളുടെ ചിത്രവുമായി ആനവണ്ടികൾ ഓടിയെത്തുമ്പോൾ നാട്ടുകാർക്ക് എന്തൊരു നിർവൃതിയായിരുന്നു.

ആനവണ്ടി എന്നവിളിപ്പേരിലും ഓമനപ്പേരിലും മലയാളി താലോലിച്ച് പോറ്റിവളർത്തിയ ഈ ആനവണ്ടി കോർപറേഷന്റെ ഇന്നത്തെ തകർച്ചയ്ക്ക് കാരണം കോർപറേഷനിലെ ചില "കാട്ടാക്കടിയൻമാർ" ആണന്ന് പൊതുസമൂഹം വിലയിരുത്തുന്നു.

കാട്ടാക്കട കെഎസ്ആർടിസി ഡിപ്പോയിൽ മകളുടെ യാത്രാ കൺസൻഷനുവേണ്ടി മകളോടും മകളുടെ കൂട്ടുകാരിയോടൊപ്പവും ചെന്ന കുട്ടിയുടെ അച്ഛനെ കെഎസ്ആർടിസി ജീവനക്കാർ  മർദ്ദിയ്ക്കുന്ന ദൃശ്യം വളരെ വേദനയോടെയാണ് "മനുഷ്യർ" കണ്ടത്.

നിർഭാഗ്യകരമായ ആ സംഭവം നടന്നിട്ട് ദിവസങ്ങൾ കഴിഞ്ഞിട്ടും, പലരുടെയും മനസ്സിൽ ആ ദയനീയമായ കാഴ്ച വേദനയോടെ തെളിഞ്ഞു തെളിഞ്ഞു വന്നുകൊണ്ടിരിയ്ക്കുന്നു.

അച്ഛനെ മർദ്ദിയ്ക്കാനായി ഷർട്ടിന്റെ കോളറിൽ പിടിച്ചു വലിച്ച് കൊണ്ട് പോകുന്ന കാക്കിക്കാരൻ. അവന് കൂട്ടായി കള്ളിഷർട്ടിട്ട ചിലർ. കൗണ്ടറിനു പുറത്ത് നിന്ന് കൊണ്ട്, അകത്തിരുന്ന് അഹന്തയോടെയും ധിക്കാരത്തോടെയും ധാർഷ്ട്യത്തോടെയും ജൽപനം ചെയ്തവനോട്, "വെറുതെ അല്ല കെഎസ്ആർടിസി നന്നാവാത്തത്" എന്ന് പ്രതികരിയ്ക്കേണ്ടിവന്ന ആ പാവം അച്ഛനോട് തട്ടിക്കയറി ഒരു ഏമാൻ (ഈ ഏമാന്റെ സ്തുത്യർഹസേവനത്തിന് പ്രത്യേക പുരസ്കാരമായി പുതുപുത്തൻ കെഎസ്ആർടിസി ബസ് കൊടുക്കുന്നത് നന്നായിരിക്കും) അന്നം തരുന്ന പ്രസ്ഥാനത്തെയും പൊതുജനങ്ങളെയും തുരന്നുതിന്നുന്നവന്റെ നേരെ പൊതുജനം പ്രതികരിയ്ക്കുമ്പോൾ കുറ്റബോധം കൊണ്ടുള്ള കൊഞ്ഞനം കുത്തൽ.!

ആ ഏമാനാണ്, സത്യത്തിൽ ആ അച്ഛനെ മർദ്ദിയ്ക്കുന്നതിന് കാരണക്കാരൻ. അടിയുടെ വെടിമരുന്നിന് തീ കൊളുത്തിയിട്ട് അയാള് മുങ്ങുന്നത് ദൃശ്യത്തിൽ വ്യക്തമാണ്. പിന്നെ, മറ്റൊരു ഡിപ്പോയിൽ നിന്ന് കുശലം പറയാനെത്തിയ ഒരാപ്പീസറും ഈ സംഭവം കൊഴുപ്പിച്ചു.

പൊതുജനങ്ങളുമായി നിരന്തരം ഇടപെടുന്ന കെഎസ്ആർടിസി പോലുള്ള സ്ഥാപനങ്ങളിൽ, മര്യാദയോടെ മറുപടി പറയുന്നവരെയും മാന്യമായി ഇടപെടുന്നവരെയും വേണം നിയമിയ്ക്കാൻ എന്ന ആദ്യ പാഠം കാട്ടാക്കടയിൽ നിന്നും ഇനിയെങ്കിലും  പഠിക്കേണ്ടതുണ്ട് അധികൃതർ.

അച്ഛനെ മർദ്ദിയ്ക്കുന്നത് കണ്ട് പകച്ച്പോയ മകളും കൂട്ടുകാരിയും ബലിഷ്ടരായ അക്രമികളെ പ്രതിരോധിച്ചെങ്കിലും നിസ്സഹായരാകുന്നത് വേദനയോടെയാണ് "മനുഷ്യർ"  കണ്ടുകൊണ്ടിരുന്നത്.

ഈ ദൃശ്യം പകർത്തിയത് ആരായാലും അയാൾ അഭിനന്ദനാർഹനാകുന്നു. ഇത് ലോകമെമ്പാടും എത്തിയ്ക്കുന്ന, മറ്റൊരു തരത്തിലുള്ള, ഈ പ്രതികരണമായിരുന്നു ഉശിരൻ. ദൈവത്തിന്റെ അദൃശ്യ കരങ്ങൾ.! ആരോരുമില്ലാത്തവർക്ക് ദൈവം തുണയുണ്ടാകും എന്ന് പറയുന്നത് വെറുതെയല്ല.

അടിയേറ്റ് അവശനായി കിടന്ന അച്ഛനെ കണ്ടിട്ട് ഹൃദയം തകർന്ന് ആ മകൾ അലറിവിളിച്ചു പറഞ്ഞു, " കാണിച്ചുതരാമടാ.." ആ മകളുടെ തീഷ്ണവും ജ്വലിക്കുന്നതും ആയ മുഖം കണ്ടിട്ട് ഭയപ്പെട്ട് നിൽക്കുന്ന കാക്കിക്കാരനെ കണ്ട് "മനുഷ്യർ" അഭിനന്ദിച്ചു, എന്നിട്ട് പറഞ്ഞു. " കൊള്ളാം കുഞ്ഞേ..! മിടുക്കിയാണ് നീ.!"

നാളെ, അച്ഛനും മകൾക്കും കൂട്ടുകാരിയ്ക്കും എതിരെ കെഎസ്ആർടിസി ഡിപ്പൊ ആക്രമിച്ചു എന്ന ഒരു കേസ് വന്നാലും ആരും അത്ഭുതപ്പെടില്ല, കാരണം ഇത് കേരളമാണ്.

ആ അച്ഛനും മകളും ഉൾപ്പെടെയുള്ള ആളുകളുടെ വിയർപ്പിന്റെ പങ്കാണ് തങ്ങൾക്ക് കിട്ടുന്ന വേതനം എന്ന് തിരിച്ചറിയാൻ ഉള്ള സാമാന്യ വിവരം പോലും ഈ സാറൻമാർക്ക് ഇല്ലാതെ പോയല്ലോ.

ഓരോ മലയാളിയുടെയും പൊതുകടം കൂട്ടുന്ന കെഎസ്ആർടിസി നിർത്തലാക്കി, സ്വകാര്യവത്കരിയ്ക്കുന്നതായിരിയ്ക്കും ഇനി അങ്ങോട്ട് ജനങ്ങൾക്ക് വേണ്ടി സർക്കാരിന് ചെയ്യാൻ കഴിയുന്ന നല്ല കാര്യം.

സർക്കാരിന്റെ ഭാഗത്തുനിന്ന് മർദ്ദനത്തിന് ഇരയായവർക്ക് അനുകൂലമായി യാതൊരു നടപടിയും ഉണ്ടാകില്ല എന്ന് അന്നേതന്നെ എല്ലാവർക്കും അറിയാമായിരുന്നു. കൂടിവന്നാൽ, മർദ്ദിച്ചവർക്ക് കുറച്ചുകൂടി സൗകര്യപ്രദമായ സ്ഥലത്തേക്ക് ഒരു സ്ഥലമാറ്റം, സ്നേഹശിക്ഷ.

സർക്കാർ ജീവനക്കാരനായ പ്രേമനൻ എന്ന ആ അച്ഛൻ ജോലിചെയ്യുന്ന ഡിപ്പാർട്ട്മെന്റോ, സഹപ്രവർത്തകരോ അദ്ദേഹത്തിന് വേണ്ടി രംഗത്ത് വരാതിരുന്നത് ഈ മർദ്ദനത്തേക്കാളും ഭീകരമാകുന്നു.

കെഎസ്ആർടിസി എംഡി മാപ്പുപറഞ്ഞത് എന്തിനാണ് എന്ന് മനസ്സിലാകുന്നില്ല. എംഡി മാപ്പുപറഞ്ഞാൽ തല്ല് കിട്ടിയ ആളും മകളും ഏറ്റുവാങ്ങിയ വേദനയ്ക്കും അപമാനത്തിനും പരിഹാരം ആകുമോ.?

തല്ലിയവൻമാർക്ക്, ഇതുവരെ കൊടുക്കാനും കിട്ടാനും വല്ലതും ഉണ്ടെങ്കിൽ അതൊക്കെ തീർപ്പാക്കി പെരേലേയ്ക്ക് പറഞ്ഞ് വിടണം. അപ്പികൾ വീട്ടിലിരുന്ന് വണ്ടി ഓടിച്ച് കളിയ്ക്കട്ടെ. അല്ലാതെ വല്ലവനും വേണ്ടി മാപ്പ് പറയുകയല്ല വേണ്ടത്.

ഒറ്റപ്പെട്ട സംഭവമാണന്ന് പറഞ്ഞ് വകുപ്പ് മന്ത്രിയെപ്പോലുളവർ ഈ സംഭവത്തെ നിസ്സാരവത്ക്കരിയ്ക്കുന്നത് ആണ് "വ്യത്യസ്തമായ ഒറ്റപ്പെട്ട സംഭവങ്ങൾ" കേരളത്തിൽ ആവർത്തിയ്ക്കുന്നത്. (കോഴിക്കോട് മെഡിക്കൽ കോളജിലെ സെക്യൂരിറ്റി ജീവനക്കാരനെ പുറത്ത് നിന്ന് എത്തിയവർ മർദ്ദിച്ചതും "മനുഷ്യർ" വേദനയോടെ ഓർക്കുന്നുണ്ടാകും) ആരോട് പറയാൻ.! ആര് കേൾക്കാൻ.!

മനുഷ്യന്റെ ജീവനും സ്വത്തിനും യാതൊരു സുരക്ഷിതത്വവും ഉറപ്പും കേരളത്തിൽ ഇല്ലാതാകുന്നു എന്ന് തോന്നലും ഭയവും ജനങ്ങളെ ബാധിച്ചു തുടങ്ങിയിട്ടുണ്ട് എന്ന്  ആർക്കെങ്കിലും ഒക്കെ തോന്നുന്നുണ്ടെങ്കിൽ അവരെ കുറ്റം പറയരുത്.

സംഘടിച്ച് ശക്തരാകുന്നത്, അസംഘടിതരായ "മനുഷ്യരുടെ" കൂമ്പ് നോക്കി ഇടിയ്ക്കാനാണന്ന് പോകെപ്പോകെ ജനത്തിന് മനസ്സിലാകുന്നുണ്ട്. ഭയം കാരണം ജനങ്ങളുടെ പ്രതികരണശേഷി നഷ്ടപ്പെട്ടുപോകുന്നു.

Advertisment