ഡിജെ പാര്‍ട്ടിക്ക് ആണ്‍കുട്ടി തനിച്ചെത്തിയാല്‍ പ്രവേശനത്തിന് 10000 രൂപ ! ഒരു പെണ്‍കുട്ടിയുമായി എത്തിയാല്‍ 5000 ! ഇനി പെണ്‍കുട്ടി തനിച്ചെത്തിയാല്‍ വെറും 1500 രൂപ മാത്രം. ഡിജെ പാര്‍ട്ടിയുടെ ഓഫറുകള്‍ പലവിധം. ഡിജെ പാര്‍ട്ടിക്കായി ലഹരിയൊഴുകുന്നത് ബംഗളുരുവില്‍ നിന്ന് ! കാരിയര്‍മാരായി കെണിയില്‍ വീണ പെണ്‍കുട്ടികളും. ഇടുക്കി ഗോള്‍ഡ് എത്തിക്കുന്ന മാന്യന് തണല്‍ മാധ്യമ വിലാസം ! ന്യൂജെന്‍ സിനിമയുടെ ഓജസും തേജസും ഇടുക്കി സ്വദേശിയായ യുവാവെന്ന് സിനിമാക്കാരുടെ സാക്ഷ്യം. 'ലഹരി പൂക്കുന്ന ഡിജെ രാവുകള്‍' -പരമ്പര അവസാനിക്കുന്നു

New Update

publive-image

കൊച്ചി: യുവാക്കള്‍ക്ക് ആഘോഷം തന്നെ ഒരു ലഹരിയാണ്. അതിനുള്ള ഉപാധികളാണ് പലപ്പോഴും ഡിജെ പാര്‍ട്ടി പോലുള്ള പരിപാടികള്‍. ഡിസ്‌കോ ജോക്കിമാര്‍ക്ക് ഇതൊരു തൊഴിലവസരവും.

Advertisment

ഇതൊക്കെ നിയമപരമായും ഉല്ലാസത്തിനുമായി ചെയ്യുമ്പോള്‍ പുതുതലമുറയ്ക്ക് ഗുണകരമാരും. ദര്‍ഭാഗ്യവശാല്‍ ഇപ്പോഴത്തെ ഡിജെ പാര്‍ട്ടികള്‍ ഇതൊന്നുമല്ല ചെയ്യുന്നതെന്നതാണ് സത്യം. ഇതിന്റെ ഫലമാണ് ഇപ്പോഴത്തെ വിവാദങ്ങള്‍.

ഡിജെ പാര്‍ട്ടികളുടെ സംഘാടകര്‍ ഭൂരിഭാഗവും സിനിമയുമായി ബന്ധപ്പെട്ടവര്‍

സിനിമാക്കാരുമായി ബന്ധമുള്ളവരാണ് കൊച്ചിയിലെ ഇത്തരം പാര്‍ട്ടികളുടെയൊക്കെ പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നത്. കൊച്ചിയിലെ നക്ഷത്ര ഹോട്ടലുകളില്‍ ഇതിനായി സ്ഥിരം ഹാളുകള്‍ വാടകയ്ക്ക് എടുക്കുന്നവരുണ്ട്. പല പ്രമുഖ സിനിമാ താരങ്ങളെയും ഡിജെ പാര്‍ട്ടികളില്‍ കൊണ്ടുവരുന്നത് ഈ ഏജന്റുമാരാണ്.

സിനിമയുടെ ടെന്‍ഷന്‍ അകറ്റാന്‍ താരങ്ങള്‍ക്കൊപ്പം സാങ്കേതിക പ്രവര്‍ത്തകരും ഇതിലെല്ലാം സജീവമാണ്. ഒരു പ്രമുഖ സംവീധായകന്‍ ഇത്തരത്തില്‍ കഴിഞ്ഞ വര്‍ഷം 12 ഡിജെ പാര്‍ട്ടികളാണ് സംഘടിപ്പിച്ചത്. ഇപ്പോള്‍ വിവാദത്തിലായ ഹോട്ടലില്‍ ഈ സംവീധായകനും സുഹൃത്തുക്കളും മുമ്പ് സ്ഥിരമായി മുറിയെടുത്തിരുന്നവരാണ്.

പെണ്‍കുട്ടികള്‍ക്ക് പ്രവേശനം സൗജന്യമായ ഡിജെകളും

കൊച്ചിയിലെ പ്രമുഖ നക്ഷത്ര ഹോട്ടലില്‍ ഒരിക്കല്‍ നടന്ന ഡിജെ പാര്‍ട്ടിയുടെ പ്രവേശന ഫീസ് കണ്ട് പലരും ഞെട്ടി. പുരുഷന്‍മാര്‍ തനിച്ചെത്തിയാല്‍ 10000 രൂപ. പെണ്‍കുട്ടിക്കൊപ്പമാണേല്‍ തുക പകുതി മാത്രം. അയ്യായിരം രൂപയുണ്ടെങ്കില്‍ ഇരുവര്‍ക്കും പ്രവേശനം കിട്ടും.

publive-image

ഇനി ഒരു പെണ്‍കുട്ടി തനിച്ചാണ് വരുന്നതെങ്കില്‍ ഫീസ് 1500 രൂപ മാത്രം. 10000 രൂപ മുടക്കുന്ന പുരുഷന് കിട്ടുന്ന എല്ലാ ഓഫറും 1500 രൂപ മുടക്കുന്ന പെണ്‍കുട്ടിക്ക് കിട്ടും. ഈ ഓഫര്‍ കണ്ട് പെണ്‍കുട്ടികളുടെ തള്ളിക്കയറ്റം ഇവിടെ ഉണ്ടായിയെന്നാണ് ജീവനക്കാര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നത്.

ഇങ്ങനെ പെണ്‍കുട്ടികള്‍ക്ക് പ്രത്യേക ഓഫര്‍ കൊടുക്കണമെങ്കില്‍ എന്താകും അതിന്റെ ലാഭമെന്ന് ചിന്തിക്കാവുന്നതേയുള്ളൂ. ഫ്രീയായി പെണ്‍കുട്ടികള്‍ക്ക് പ്രവേശനം നല്‍കുന്ന ഡിജെകളും ഉണ്ടെന്നാണ് സ്ഥിരമായി പങ്കെടുക്കുന്നവര്‍ പറയുന്നത്. (മൂന്നു പെണ്‍കുട്ടികള്‍ ഒരുമിച്ചെത്തിയാല്‍ ഒരാള്‍ക്ക് പ്രവേശനം സൗജന്യം-എന്ന തരത്തിലുള്ള ഓഫറുകളൊക്കെയുണ്ട്)

ഡിജെയ്ക്ക് ലഹരി മരുന്ന് എത്തുന്നത് ബാംഗളുരു വഴി; കാരിയര്‍മാര്‍ കെണിയില്‍ വീണവര്‍

ഡിജെ പാര്‍ട്ടികളില്‍ സൗജന്യമായി പങ്കെടുത്ത് പിന്നീട് ലഹരി മാഫിയയ്ക്ക് ഒപ്പം ചേര്‍ന്ന നിരവധിപ്പേരുണ്ട്. ഇത്തരത്തില്‍ കെണിയില്‍ വീണവരെ ഉപയോഗിച്ചാണ് ബംഗളുരുവില്‍ നിന്നും മയക്കുമരുന്ന് എത്തിക്കുന്നത്. സിനിമകളില്‍ ചെറിയ വേഷമൊക്കെ ചെയ്ത പലരെയും ഇത്തരത്തില്‍ ലഹരി കടത്തിന് ഉപയോഗിക്കുന്നുണ്ട്.

publive-image

ഇതിന് സംഘം പ്രതിഫലവും നല്‍കും. ആര്‍ഭാടമായ ജീവിതവും ഉന്നത ബന്ധങ്ങളുമൊക്കെ വാഗ്ദാനം ചെയ്താണ് പലപ്പോഴും ഈ കെണിയില്‍ പാവപ്പെട്ട പെണ്‍കുട്ടികള്‍ വീഴുന്നത്.

സിനിമാ സെറ്റുകളില്‍ ലഹരിയെത്തിക്കുന്ന ഇടനിലക്കാരന്‍

ഇടുക്കി സ്വദേശിയായ ഒരു യുവാവാണ് ന്യൂജെന്‍ സിനിമാക്കാരുടെ ഓജസിനും തേജസിനും പിന്നിലെന്ന് സിനിമാക്കാരുടെ ഇടയില്‍ തന്നെ സംസാരമുണ്ട്. ഒറിജിനല്‍ ഇടുക്കി ഗോള്‍ഡ് എന്ന പേരില്‍ പല സെറ്റുകളിലും സാധനമെത്തിച്ചു കൊടുക്കുന്ന ഈ യുവാവ് പക്ഷേ ഇതുവരെ പിടിക്കപ്പെട്ടിട്ടില്ല.

ചില ഉന്നത ബന്ധങ്ങളും മാധ്യമപ്രവര്‍ത്തനമെന്ന വിലാസവുമൊക്കെയാണ് ഇയാളുടെ മറ. അതുകൊണ്ടുതന്നെ ഇടുക്കിയില്‍ നിന്നും ലഹരി കൊച്ചിയിലേക്ക നിര്‍ബാധം ഒഴുകുകയാണ്. ഡിജെ പാര്‍ട്ടികള്‍ക്കും ഇയാള്‍ ലഹരിയെത്തിക്കുന്നുണ്ടെന്നാണ് വിവരം.

ഡിജെ പാര്‍ട്ടികളെല്ലാം മോശമാണെന്ന് അഭിപ്രായമില്ല. നല്ല രീതിയില്‍ നടക്കുന്ന പരിപാടികളും കൊച്ചിയിലെ വിവിധ ഹോട്ടലുകളിലുണ്ട്. പക്ഷേ ഇത്തരം മയക്കുമരുന്ന് നിശാപാര്‍ട്ടികള്‍ നടക്കുന്നത് നല്ല രീതിയില്‍ സംഘടിപ്പിക്കുന്ന പരിപാടികള്‍ക്ക് കൂടി ദോഷമാണ്.

അതുപോലെതന്നെയാണ് സിനിമാ സംഘങ്ങളുടെ കാര്യവും. മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന സിനിമാ താരങ്ങളും സാങ്കേതിക പ്രവര്‍ത്തകരും ഉണ്ടെന്ന കാര്യം വിസ്മരിക്കുന്നില്ല. പക്ഷേ ഇത്തരം ചതിയന്‍ കണ്ണുകളോടെ ലാഭേശ്ചമാത്രം പ്രതീക്ഷിച്ച് ലഹരിയുടെ വഴിയേ നടക്കുന്നവര്‍ അവര്‍ക്കു കൂടി മോശം പേര് സൃഷ്ടിക്കുകയാണ്.

(പരമ്പര അവസാനിച്ചു)

Advertisment