/sathyam/media/post_attachments/LLUjuWjNKoty8QJ0OUzh.jpg)
കൊച്ചി: മുന്‍ മിസ് കേരള അന്‍സി കബീറും റണ്ണറപ്പ് അഞ്ജന ഷാജനും വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ സംസ്ഥാനത്തെ ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥനും ആരോപണ നിഴലില്‍. നിശാപാര്‍ട്ടി നടന്ന നമ്പര്‍ 18 ഹോട്ടലിലെ 208ആം നമ്പര്‍ മുറിയില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥനും ഉണ്ടായിരുന്നെന്നാണ് പുറത്തുവരുന്ന വിവരം. സംസ്ഥാന ഇന്റലിജെന്‍സും ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
ഹോട്ടലില്‍ രാത്രി വൈകിയാണ് ഉദ്യോഗസ്ഥന്‍ എത്തിയതെന്നാണ് വിവരം. ഹോട്ടലില്‍ ഉണ്ടായ തര്‍ക്കങ്ങളെ കുറിച്ചുള്ള സിസിടിവി ദൃശ്യങ്ങളില്‍ ഈ ഉന്നത ഉദ്യോഗസ്ഥനും ഉണ്ടായിരുന്നു. ഇതോടെ പോലീസ് ഉദ്യോഗസ്ഥനാണ് സിസിടിവി ദൃശ്യങ്ങള്‍ മാറ്റാന്‍ ആവശ്യപ്പെട്ടതെന്നാണ് സൂചന.
കൊച്ചി സിറ്റി പോലീസില്‍ ഉന്നത പദവി വഹിച്ചിരുന്ന സമയം മുതല്‍ നമ്പര്‍ 18 ഹോട്ടലിലെ ലഹരിപാര്‍ട്ടികളെ കുറിച്ച് ഈ ഉന്നതന് അറിയാമായിരുന്നു. ഇത്തരം നടപടികള്‍ക്ക് എല്ലാം സംരക്ഷണം ഹോട്ടലുടമയ്ക്ക് നല്‍കിയിരുന്നത് ഇദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരമായിരുന്നു.
അതിനിടെ ഡിജെ പാര്‍ട്ടിക്കിടെ യുവതികളില്‍ ആരുടെയെങ്കിലും സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തിയോ എന്ന് പരിശോധിക്കണമെന്നു പോലീസ് കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ഇതു ഗൗരവതരമാകുകയാണ്. അപകടം നടന്ന ദിവസം ഹോട്ടലില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് 50-ഓളം പേര്‍ ഒത്തുചേരുകയും രാത്രി ഏറെവൈകിയും മദ്യസല്‍ക്കാരം നടത്തുകയും ചെയ്തിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്.
കേസിലെ നിര്‍ണായക സാക്ഷിയായിരുന്ന അപകടമുണ്ടാക്കിയ വാഹനം ഓടിച്ച അബ്ദുള്‍ റഹ്മാന്റെ ചോദ്യം ചെയ്യലില്‍ പോലീസ് വലിയ വീഴ്ച വരുത്തിയെന്നും ആക്ഷേപമുണ്ട്. അപകടത്തില്‍ കാര്യമായ പരുക്കില്ലാതിരുന്ന അബ്ദുള്‍ റഹ്മാനനെ ആദ്യ 10 ദിവസം പോലീസ് അന്വേഷിച്ചതേയില്ല. പിന്നീട് വാഹനാപകടത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ അറസ്റ്റു ചെയ്ത് വിട്ടയച്ചു.
ഇതെല്ലാം വെളിവാക്കുന്നത് അന്വേഷണം ആദ്യഘട്ടത്തില്‍ തന്നെ അട്ടിമറിക്കപ്പെട്ടു എന്നാണ്. അതിനിടെ യുവതികളെ ഔഡി കാറില്‍ പിന്തുടര്‍ന്ന സൈജു തങ്കച്ചനെ കുറിച്ച് പോലീസ് കാര്യമായി അന്വേഷിച്ചില്ല എന്നു തന്നെയാണ് സത്യം. ഒരുതവണ ചോദ്യം ചെയ്ത ശേഷം സൈജുവിനെ പോലീസ് വിട്ടയിച്ചിരുന്നു.
സൈജു തങ്കച്ചന്‍ ലഹരിമാഫിയായുടെ മുഖ്യകണ്ണിയാണെന്ന് വിവരവും പുറത്തുവരുന്നുണ്ട്. സൈജുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയുടെ പരിഗണനയിലാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us