തിരുവനന്തപുരം: വിമാനത്തില്‍ വച്ച് മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റും മുന്‍ എംഎല്‍എയുമായ കെ.എസ് ശബരിനാഥന്റെ അറസ്റ്റ് നാടകീയം.
കേസില്‍ ശബരിയെ ചോദ്യം ചെയ്യാനായി വലിയതുറ പോലീസ് സ്‌റ്റേഷനിലേക്ക് വിളിച്ചു വരുത്തി അറസ്റ്റു ചെയ്യുകയായിരുന്നു. ശബരിനാഥന്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നെങ്കിലും അതു പരിഗണിക്കുന്നതിന് മുമ്പ് അറസ്റ്റു ചെയ്തുവെന്നാണ് പോലീസ് കോടതിയെ അറിയിച്ചത്.
ശബരിനാഥന്‍ വലിയതുറ പോലീസ് സ്‌റ്റേഷനിലെത്തിയത് കാവിലെ 10.30ന്. തുടര്‍ന്ന് മാധ്യമങ്ങളുമായി സംസാരിച്ച ശേഷം ഉള്ളിലേക്ക് പോയി. സാക്ഷിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാനുള്ള നോട്ടീസ് പ്രകാരമാണ് ശബരിനാഥന്‍ പോലീസ് സ്‌റ്റേഷനിലെത്തിയത്.
അതിനിടെയാണ് കോടതി ശബരിനാഥന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ചത്. കേസ് പരിഗണിക്കും വരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി വാക്കാന്‍ നിരീക്ഷിച്ചു. എന്നാല്‍ പിന്നീട് കേസ് പരിഗണിച്ചപ്പോള്‍ ശബരിയെ അറസ്റ്റു ചെയ്‌തെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.
അങ്ങനെയെങ്കില്‍ പോലീസ് ഉടന്‍ രേഖകള്‍ നല്‍കണമെന്ന് കോടതി പറഞ്ഞതോടെ സര്‍ക്കാര്‍ വക്കീല്‍ കുടുങ്ങി. രേഖ നേരിട്ടോ ഇ-മെയിലിലോ കോടതിയിലെത്തിക്കണമെന്നാണ് കോടതി പറഞ്ഞത്. ഇതോടെയാണ് ശബരിയെ 10.50ന് അറസ്റ്റു ചെയ്‌തെന്ന് പോലീസ് വ്യക്തമാക്കിയത്.
എന്നാല്‍ ശബരിനാഥനെ അറസ്റ്റ് വിവരം അറിയിച്ചത് 12.20നാണെന്നാണ് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഷാഫി പറമ്പില്‍ പറഞ്ഞത്. ശബരിക്കൊപ്പമുണ്ടായിരുന്ന യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റിന് പോലീസ് അറസ്റ്റ് വിവരം അറിയിക്കുന്നത് 12.30നാണെന്നും രേഖകള്‍ സഹിതം യൂത്ത് കോണ്‍ഗ്രസ് ആരോപിക്കുന്നുണ്ട്.
ശബരിനാഥനെ 3.30ന് കോടതിയില്‍ ഹാജരാക്കുമെന്നാണ് പോലീസ് അറിയിക്കുന്നത്. അതേസമയം പോലീസ് അറസ്റ്റ് സമയമടക്കം വ്യാജ രേഖ തയ്യാറാക്കിയെന്നാണ് യൂത്ത്‌കോണ്‍ഗ്രസ് ആരോപിക്കുന്നത്.