Advertisment

നറുക്കെടുപ്പിന് നാല് ദിവസം മാത്രം, ഓണം ബംപർ ചരിത്രം സൃഷ്ടിച്ചു: വിറ്റുപോയത് 70 ലക്ഷം ടിക്കറ്റുകൾ, കഴിഞ്ഞ വര്‍ഷം സൃഷ്ടിച്ച റെക്കോര്‍ഡ് മറികടന്നു

കഴിഞ്ഞതവണ വിറ്റത് 66.50 ലക്ഷം ടിക്കറ്റുകളായിരുന്നു. അതേസമയം ഇത്തവണ 80 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചത്.

onam bumper record sale

കേരളത്തിൻ്റെ സ്വന്തം ഓണം ബംപർ ഭാഗ്യക്കുറി വിൽപ്പനയിൽ സർവ്വകാല റെക്കോർഡ് സൃഷ്ടിച്ചു. ഏകദേശം 70 ലക്ഷം ടിക്കറ്റുകൾ വിറ്റഴിച്ചു എന്നാണ് കണക്കുകൾ പുറത്തു വരുന്നത്. കഴിഞ്ഞ തവണ സൃഷ്ടിച്ച റെക്കോർഡ് ആണ് ഇത്തവണ ഭാഗ്യക്കുറി വകുപ്പ് മറികടന്നത്. നറുക്കെടുപ്പിന് നാല് ദിവസം ശേഷിക്കേ ഇനിയും ടിക്കറ്റുകൾ വലിയ രീതിയിൽ വിറ്റഴിയും എന്നാണ് പ്രതീക്ഷിക്കുന്നത്.

Advertisment

കഴിഞ്ഞതവണ വിറ്റത് 66.50 ലക്ഷം ടിക്കറ്റുകളായിരുന്നു. അതേസമയം ഇത്തവണ 80 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചത്. പരമാവധി 90 ലക്ഷം ടിക്കറ്റുകൾ അച്ചടിക്കാമെന്നാണ് നിയമം. അവസാന ദിവസങ്ങളിൽ ടിക്കറ്റ് ക്രമാതീതമായ രീതിയിൽ വർദ്ധിക്കും എന്ന് തന്നെയാണ് അധികൃതർ പ്രതീക്ഷിക്കുന്നതും. 

രാജ്യത്ത് ഏറ്റവും ഉയർന്ന ലോട്ടറി സമ്മാനവും ഓണം ബംപറിൻ്റേതാണ്. 25 കോടിയാണ് ഒന്നാം സമ്മാനം. 500 രൂപയാണ് ടിക്കറ്റ് വില. 25 കോടി സമ്മാനത്തുകയിൽ 10 ശതമാനം ഏജൻ്റിന് കമ്മീഷൻ ഇനത്തിൽ പോകും. ശേഷിക്കുന്ന തുകയിൽ 30 ശതമാനം നികുതി കഴിച്ചുള്ള തുകയാണ് വിജയിക്ക് ലഭിക്കുക. 125 കോടി 54 ലക്ഷം രൂപയുടെ സമ്മാനങ്ങളാണ് ഓണം ബംപറിന് ഏർപ്പെടുത്തിയിരിക്കുന്നത്. 

രണ്ടും മൂന്നും സമ്മാനങ്ങൾ കഴിഞ്ഞ തവണത്തേതിനേക്കാൾ വർധിപ്പിച്ചു. രണ്ടാം സമ്മാനം 20 കോടി രൂപയാണ്. ഒരു കോടി രൂപ വീതം 20 പേർക്ക് ഇതു ലഭിക്കും. മൂന്നാം സമ്മാനം 50 ലക്ഷം വീതം 20 പേർക്ക് ലഭിക്കും. ആകെ സമ്മാനങ്ങൾ കഴിഞ്ഞവർഷം 3,97,911 ആയിരുന്നത് ഇക്കുറി 5,34,670 ആയി വർധിപ്പിച്ചു. കഴിഞ്ഞ വർഷത്തെക്കാൾ 1,36,759 സമ്മാനങ്ങളാണ് ഇത്തവണയുള്ളത്. നാലാം സമ്മാനം 5 ലക്ഷം വീതം 10 പേർക്ക്. അഞ്ചാം സമ്മാനം 2 ലക്ഷം വീതം പത്തു പേർക്ക്. ഇതിനു പുറമേ 5000, 2000, 1000, 500 രൂപയുടെ നിരവധി സമ്മാനങ്ങളുമുണ്ട്. 

പാലക്കാടാണ് ടിക്കറ്റ് വിൽപ്പനയിൽ മുന്നിൽ. ഒന്നാം സമ്മാനം 15 കോടിയിൽനിന്ന് 25 കോടി രൂപയായി ഉയർത്തിയ കഴിഞ്ഞ വർഷവും ഓണം ബംപർ വിൽപ്പനയിൽ റെക്കോർഡ് സൃഷ്ടിച്ചിരുന്നു. ആകെ 66,55,914 ടിക്കറ്റുകളാണ് വിറ്റത്. അച്ചടിച്ചത് 67,50,000 ടിക്കറ്റുകൾ. തൊട്ടു മുൻ വർഷത്തേക്കാൾ 12.5 ലക്ഷം ടിക്കറ്റുകൾ കഴിഞ്ഞ വർഷം വിറ്റുപോയി. അതേസമയം കോഴിക്കോട് നിപ്പ ഭീതി പടർന്നു പിടിച്ചതിനെ തുടർന്ന് പ്രദേശങ്ങളിൽ ടിക്കറ്റ് വിൽപ്പനയിൽ ചെറിയ ഇടിവുണ്ടായതായി റിപ്പോർട്ടുകളുണ്ട്.

#latest news #onam-bumper
Advertisment