Advertisment

വിശക്കുന്നവന് വിഷം വിളമ്പുന്ന കൊട്ടാരക്കരയിലെ ഹോട്ടലുകൾ... നഗരസഭയിലെ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയില്‍ വിവിധ ഹോട്ടലുകളില്‍ നിന്നും കാന്‍റീനില്‍ നിന്നുമായി ക്രമക്കേടുകള്‍ കണ്ടെത്തി

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

publive-image

Advertisment

കൊട്ടാരക്കര: വളരെ ഞെട്ടിക്കുന്ന വാർത്തയാണ് പുറത്തുവരുന്നത്. കൊട്ടാരക്കരയിൽ പോകുന്നവർ വയറു വിശന്നാൽ ഇനി കൂടുതൽ ശ്രദ്ധിക്കണം. കാരണം അവിടുത്തെ ഹോട്ടലുകളിൽ നിന്നും ആഹാരം കഴിച്ചാൽ നിങ്ങൾ ആശുപത്രിയിലാകുമെന്നുറപ്പാണ്.

അങ്ങനെ ആശുപത്രിയിൽ അഡ്മിറ്റാകുന്ന നിങ്ങൾ ആശുപത്രി കാന്റീനിൽ നിന്നും ആഹാരം കഴിക്കുന്നതിനുമുമ്പും പത്തുതവണ ആലോചിക്കണം. കാരണം നിങ്ങൾ ക്കെന്തും ഏതു നിമിഷവും സംഭവിക്കാം. മാറാരോഗങ്ങളാണ് ഇവർ ആഹാരമെന്നപേരിൽ നമുക്ക് മുന്നിൽ വിളമ്പി വയ്ക്കുന്നത്.

കൊട്ടാരക്കരയിൽ എം.സി റോഡരികിലുള്ള 6 ഹോട്ടലുകളിലും നഗരത്തിലെ പ്രസിദ്ധമായ ഹോസ്‌പിറ്റലിന്റെ കാന്റീനിലും നഗരസഭയിലെ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിലാണ് അമ്പരപ്പിക്കുന്ന വിവരങ്ങൾ പുറത്തുവന്നിരിക്കുന്നത്.

ചീഞ്ഞഴുകി ദുർഗന്ധം വമിക്കുന്ന ഇറച്ചി, മാസങ്ങളോളം ഉപയോഗിച്ചുകൊണ്ടിരിക്കുന്ന കരിഓയിൽ പോലുള്ള എണ്ണ, ബിരിയാണിയിൽ നിന്നും മാറ്റിവച്ച ചിക്കൻ കൊണ്ടുണ്ടാക്കിയ ചിക്കൻ ഫ്രൈ, പഴകി പൂപ്പൽ പിടിച്ച് ഉപയോഗിക്കാൻ പാടില്ലാത്ത അച്ചാർ, ദിവസങ്ങൾ പഴക്കമുള്ള ഫ്രൈഡ് റൈസും, ചപ്പാത്തിയും. ദുർ ഗന്ധം വമിക്കുന്ന ബോൺലെസ്സ് ചിക്കൻ, അതുപോലെ മീൻപൊരിക്കുന്ന എണ്ണ മാറ്റിയിട്ട് മാസങ്ങളായിരിക്കുന്നു.അകെ മലീമസമായ അന്തരീക്ഷമാണ് അടുക്കളയിലാകെ.

കൊട്ടാരക്കരയിലെ അമ്പലക്കര, ആര്യനിവാസ്, കുമാർ ഹോട്ടൽ, ആര്യഭവൻ, കോഫീ ഹൗസ് എന്നിവ കൂടാതെ പ്രശസ്തമായ ഹോസ്പ്പിറ്റലിലെ കാന്റീൻ എന്നിവിടങ്ങളിൽ നിന്നുമാണ് അഴുകിയതും പഴകിയതുമായ ഭക്ഷണപദാർത്ഥങ്ങൾ നഗരസഭാ ആരോഗ്യവകുപ്പധികൃതർ പിടികൂടിയത്.

ഇവിടെ പ്രത്യേകം ഓർക്കേണ്ടതായ ഒരു വസ്തുത ഇതിൽപ്പറഞ്ഞിരിക്കുന്ന കോഫീ ഹൗസ്, കൊട്ടാരക്കരയിലെ ഇന്ത്യൻ കോഫീ ഹൗസ് അല്ല എന്നതാണ്. മുൻപ് കോഫീ ഹൗസ് പ്രവർത്തിച്ചിരുന്ന കെട്ടിടത്തിൽ കോഫീ ഹൗസ് എന്ന പേരിൽ ഒരു സ്വകാര്യ വ്യക്തി നടത്തുന്ന ഹോട്ടലിൽ നിന്നാണ് ആരോഗ്യവകുപ്പധികൃതർ പഴകിയ ഭക്ഷണസാധനങ്ങൾ പിടികൂടിയത്.

ഇക്കാര്യത്തിൽ തൊഴിലാളി സഹകരണപ്രസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ കോഫീ ഹൗസ് വലിയ മാതൃകയാണ്. വൃത്തിയിലും, ശുചിത്വത്തിലും അവരെന്നും മുൻപന്തിയിലാണ്. പഴയതോ കേടായതോ ആയ ഒരു സാധനങ്ങളും അവർ ആളുകൾക്ക് നൽകില്ല എന്നതിലുപരി നിറം മങ്ങിയ ഗ്ലാസുകളും പാടുകളുള്ള പ്ളേറ്റുകളും വരെ അവർ സമയാസമയം നശിപ്പിക്കുകയും ചെയ്യാറുണ്ട്. അതാണവരുടെ ക്വാളിറ്റി. കേരള മൊട്ടുക്ക് കൂടാതെ മദ്ധ്യപ്രദേശിലെ ജബൽപൂർ മേഖലയിലും ഛത്തീസ്‌ ഗഢിലെ കോർബ, റായ്പ്പൂർ മേഖലകളിലും വിജയകരമായി പ്രവർത്തിക്കുന്ന ഇന്ത്യൻ കോഫീ ഹൗസുകൾ മികച്ച മാതൃകകളാണ്.

അക്കാരണങ്ങൾ ഒന്നുകൊണ്ടുമാത്രമാണ് ഇന്ത്യയൊട്ടാകെ അവർ വിജയഗാഥ രചിച്ചതും നമ്മുടെ ഇന്ത്യൻ പാർലമെന്റിലെ കാന്റീന്റെ ഉത്തരവാദിത്വം ലോക്‌സഭാ സ്പീക്കർ ഇന്ത്യൻ കോഫീ ഹൗസിനെ ഏൽപ്പിച്ചിരിക്കുന്നതും. ഇത് സ്വകാര്യ ഹോട്ടലുടമകൾ പ്രത്യേകം ശ്രദ്ധിക്കുകയും അനുകരിക്കുകയും ചെയ്യേണ്ടതു തന്നെയാണ്.

വിശപ്പിന് ആഹാരമാണ് മരുന്ന്. ആഹാരം ഒരു വിലപേശലുമില്ലാതെ വാങ്ങി കഴിക്കുന്ന വ്യക്തികൾക്ക് അത് ശുചിയായും ഉന്നതനിലവാരത്തിലും വിളമ്പുക എന്നത് ഹോട്ടലുടമകളുടെ മനുഷ്യത്വപരമായ കടമയാണ്. ക്യാൻസർ പോലെയുള്ള മാരകരോഗങ്ങൾ വരാനിടയാക്കുന്ന പഴകിയ എണ്ണകളും അഴുകിയ മാംസവും കഴിക്കാൻ വിധിക്കപ്പെടുന്ന കൊച്ചുകുട്ടികൾ വരെയുള്ളവരുടെ അവസ്ഥ ഒന്നോർത്തുനോക്കുക. പണത്തിനുവേണ്ടി എന്ത് നീചത്വവും ചെയ്യാൻ മടിക്കാത്ത മാനസിക അവസ്ഥയുള്ളവർക്കുമാത്രമേ ഇതുപോലെ വിഷം വിളമ്പാൻ കഴിയുകയുള്ളു.

ഉത്തരേന്ത്യൻ ഹോട്ടലുകളിൽ മിക്കവയിലും അടുക്കളഭാഗം ആളുകൾക്ക് കാണത്തക്കവിധം ഹോട്ടലിന്റെ മുൻവശത്താണ് പണിതിരിക്കുന്നത്. അതുമൂലം ചൂടോടെ ആഹരം ലഭിക്കുമെന്ന് മാത്രമല്ല, ആഹാരസാധന ങ്ങളുടെ ഗുണനിലവാരം ഉപഭോക്താവിന് നേരിട്ടുകണ്ടു ബോദ്ധ്യപ്പെടാനും കഴിയുന്നതാണ്.

ആ രീതി കേരളത്തിലും നടപ്പാക്കാവുന്നതാണ്. കാരണം ഓണത്തിനും വാവിനും ചങ്ക്രാന്തിക്കും നടക്കുന്ന പരിശോധനകൾ കൊണ്ട് വലിയ കാര്യമൊന്നുമില്ലെന്ന് ഹോട്ടൽ ഉടമകൾക്കും നന്നയി അറിയാം. പിഴ ചുമത്തിയാൽ അതടക്കും. അതോടെ വീണ്ടും ശങ്കരൻ തെങ്ങിൽ എന്നുപറഞ്ഞ അവസ്ഥയാണ്. കൂടുതൽ നടപടികളുണ്ടായാൽ രാഷ്ട്രീയ സമ്മർദ്ദമുണ്ടാകാം ഉദ്യോഗസ്ഥർക്ക് സ്ഥാനചലനവും സംഭവിക്കാം. അതാണ് കണ്ടുവരുന്നത്.

ഇതിൽ ഏറ്റവും ഗുരുതരമായത് ആശുപത്രിയുടെ കാന്റീനിലെ ക്രമക്കേടുകളാണ്. അവിടുത്തെ രോഗികൾക്ക് പഴകിയ ഭക്ഷണം വിളമ്പുന്ന ആളുകളുടെ മാനസിക അവസ്ഥ എത്ര ഹീനമാണെന്ന് ഓർത്തുനോക്കുക. പണത്തിനുവേണ്ടി രോഗശമനത്തിനു വരുന്നവർക്ക് മരണക്കിടക്കതന്നെയല്ലേ അവർ സമ്മാനിക്കുന്നത് ?

അല്ലെങ്കിൽ ക്യാൻസർ പോലുള്ള തീരാദുരിതത്തിലേക്ക് അവരെ അവർപോലുമറിയാതെ തള്ളിവിടുന്നു. താൽക്കാലിക നേട്ടത്തിനുവേണ്ടി ആളെ കൊള്ളയടിക്കുന്ന ഈ ക്രൂരത കാലം പോലും മാപ്പാക്കില്ല എന്നോർത്താൽ നന്ന്..

Advertisment