Advertisment

കൊല്ലത്ത് പ്രൈവറ്റ് ആശുപത്രിയിക്കെതിരെ ഗുരുതര ആരോപണം ; ശസ്ത്രക്രിയയ്ക്ക് ശേഷം വയറ്റിൽ സർജിക്കൽ സാമഗ്രി വച്ചു തുന്നിക്കെട്ടി

New Update

publive-image

Advertisment

കൊല്ലം: ഇഎസ്ഐ ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയയ്ക്കു വിധേയയായ, ഇതേ ആശുപത്രിയിലെ ജീവനക്കാരിയുടെ വയറ്റിൽ ശസ്ത്രക്രിയ സാമഗ്രി വച്ചു തുന്നിക്കെട്ടിയെന്നു പരാതി. ആശുപത്രിയിലെ കരാർ നഴ്സായ കൊല്ലം ഇടയ്ക്കോട് കാർത്തികയിൽ ചിഞ്ചു രാജിന്റെ (31) ശസ്ത്രക്രിയയിലാണു ഗുരുതര പിഴവ്. യുവതിക്കു വേദന കടുത്തതിനാൽ പരിശോധന നടത്തുകയും കട്ടപിടിച്ച രക്തം നീക്കാനെന്ന പേരിൽ വീണ്ടും ശസ്ത്രക്രിയ നടത്തി വസ്തു നീക്കുകയും ചെയ്തു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ചിഞ്ചുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അടുത്ത ദിവസം ശസ്ത്രക്രിയയിലൂടെ പെൺകുഞ്ഞിനു ജന്മം നൽകി. എന്നാൽ പിന്നീട് കടുത്ത വേദനയുണ്ടായതോടെ എക്സ്റേ എടുത്തു. ബന്ധുക്കൾ വേദനയുടെ കാരണം ചോദിച്ചെങ്കിലും ഡോക്ടർ എക്സ്‌റേ വിവരങ്ങൾ പങ്കുവച്ചില്ല.

തിങ്കളാഴ്ച ഡോക്ടർമാർ ചിഞ്ചുവിനെ കൊട്ടാരക്കരയിലെ സ്വകാര്യ സെന്ററിലെത്തിച്ചു സിടി സ്കാൻ എടുത്തു. ഭർത്താവ് വിപിൻ 5500 രൂപ ഇതിനായി അടച്ചു. ഇതിനുശേഷം യുവതിക്ക് അടിയന്തര ശസ്ത്രക്രിയ നടത്തി. ഉള്ളിൽ രക്തം കട്ടപിടിച്ചതു നീക്കാനാണിതെന്ന് അധികൃതർ പറഞ്ഞതിൽ സംശയം തോന്നിയ വിപിൻ സ്കാൻ സെന്ററിനോട് ഫലം ആവശ്യപ്പെട്ടെങ്കിലും അതു ഡോക്ടർക്കു കൊടുത്തെന്ന് പറഞ്ഞ് അവർ കയ്യൊഴിഞ്ഞു.

ഇന്നലെ ചിഞ്ചുവിനെ പരിശോധിച്ച മറ്റൊരു ഡോക്ടർ ന്യുമോണിയയുടെ തുടക്കം, വയറ്റിൽ അണുബാധ എന്നിവ ഉണ്ടെന്നു പറഞ്ഞു. തുടർന്ന് യുവതിയെ മറ്റൊരു ആശുപത്രിയിലേക്കു മാറ്റാൻ ശ്രമിച്ചെങ്കിലും എക്സ്റേയും മറ്റു ചികിത്സാരേഖകളും സമയത്തു കൈമാറിയില്ലെന്നും ആരോപണമുണ്ട്.

ഒടുവിൽ വിപിന്റെ പരാതിയിൽ എഴുകോൺ പൊലീസ് ആശുപത്രിയിൽ എത്തിയതോടെയാണ് രേഖകൾ കിട്ടിയത്. എക്സ്റേയിൽ നൂലു പോലുള്ള വസ്തു ചുറ്റിപ്പിണഞ്ഞു കിടക്കുന്നതു ബന്ധുക്കൾ കണ്ടു. രക്തം തുടയ്ക്കാനുള്ള സർജിക്കൽ മോപ്പാണിതെന്ന് സൂചനയുണ്ട്.

യുവതിയെ ഉടൻ തന്നെ തിരുവനന്തപുരത്തെ ഒരു ആശുപത്രിയുടെ തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റി. ഇപ്പോൾ സുഖം പ്രാപിച്ചു വരുന്നു. വീഴ്ച സംഭവിച്ചത് ബോധ്യപ്പെട്ടിട്ടുണ്ടെന്ന് മെഡിക്കൽ സൂപ്രണ്ട് പ്രതികരിച്ചു. ഉള്ളിൽ കുടുങ്ങിയ വസ്തു ശ്രദ്ധയിൽപെട്ട ഉടൻതന്നെ നീക്കം ചെയ്തു.

തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റണം എന്നു ബന്ധുക്കൾ ആവശ്യപ്പെട്ടപ്പോൾ ഇവിടെ ശസ്ത്രക്രിയ നടത്തിയ ഡോക്ടർ ഉൾപ്പെടെ മെഡിക്കൽ സംഘം കൂടെപ്പോയി. സംഭവത്തിൽ അന്വേഷണം തുടങ്ങി– മെഡിക്കൽ സൂപ്രണ്ട് പറഞ്ഞു.

Advertisment