കോട്ടയം: മധ്യകേരളത്തിലെ ഒരു പ്രധാന ജില്ലയിലെ ഘടകകക്ഷി നേതാവിനെതിരെ പ്രധാന കക്ഷി നേതാവിൻ്റെ പൂരപ്പാട്ട്. ഘടകകക്ഷി നേതാവിനെ ഫോണിൽ വിളിച്ചാണ് നേതാവ് അഴിഞ്ഞാടിയത്. അതേ സമയം തെറി കേട്ട നേതാവാകട്ടെ കോൾ റെക്കോർഡ് ചെയ്ത് നേതൃത്വത്തിന് പരാതി നൽകി. സ്വന്തം പാര്‍ട്ടിയിലും മുന്നണിയിലും സ്ഥാനചലന ഭീഷണി നേരിടുന്ന 'തെറി ഇരയായ' നേതാവ് ഇത് വീണു കിട്ടിയ അവസരമായി മാറ്റിയിരിക്കുകയാണ്.
കഴിഞ്ഞ ദിവസമാണ് ജില്ലയിലെ പ്രതിപക്ഷ നേതൃത്വത്തിലെ മുന്നണിയിൽ വിവാദമായ ഈ സംഭവം നടന്നത്. മുന്നണിയിലെ പ്രബല കക്ഷിയുടെ നേതാവിൻ്റെ ഡ്രൈവറുടെ ഫോണിൽ നിന്നുമാണ് ഘടകകക്ഷി നേതാവിൻ്റെ ഫോണിലേക്ക് കോൾ വന്നത്. ഫോണെടുത്തതിന് പിന്നാലെ തെറിയുടെ പൂരമായിരുന്നു.
കോൾ കേട്ട് അമ്പരന്ന നേതാവിന് തിരിച്ച് ഒന്നുംപറയാൻ കഴിഞ്ഞില്ല. അതിനുള്ള ഗ്യാപ്പ് കിട്ടിയില്ലെന്ന് പറയുന്നതാകും ശരി. വിളിച്ചത് ആരാണെന്നു ചോദിക്കും മുമ്പേ മറുഭാഗത്തു നിന്നും കൊടുങ്ങല്ലൂര്‍ ഭരണിപ്പാട്ട് മോഡലില്‍ അസഭ്യ വർഷം തുടങ്ങിയിരുന്നു.
പിന്നാലെ മറുതലയ്ക്കൽ കോൾ മറ്റൊരാൾക്ക് കൈമാറി. സാക്ഷാൽ നേതാവിനായിരുന്നു ഫോൺ കൈമാറിയത്. ഇദ്ദേഹം മദ്യലഹരിയിലായിരുന്നുവെന്നാണ് സൂചന. തലസ്ഥാനത്തെത്തി സ്വന്തം നേതാവില്‍ നിന്നും ശകാരം കേട്ട് മടങ്ങും വഴിയായിരുന്നതിനാല്‍ ആ കലിപ്പ് മുഴുവന്‍ ജില്ലയിലെ തന്‍റെ മുന്നണി ശത്രുവിനോട് അദ്ദേഹം തീര്‍ത്തു.
എന്തായാലും വർത്തമാനം പിന്നീട് തല്ലും കൊല്ലും എന്ന തരത്തിലേക്ക് മാറി. ഇതെല്ലാം ഘടകകക്ഷി നേതാവ് റെക്കോർഡ് ചെയ്യുന്നുണ്ടായിരുന്നു. ഫോൺ നമ്പർ പിന്നീട് ട്രൂ കോളർ വഴിയും നേരിട്ടും അന്വേഷിച്ചപ്പോഴാണ് നേതാവിൻ്റെ ഡ്രൈവറിലേക്ക് എത്തിയത്.
ഈ ഓഡിയോയും ഫോൺ നമ്പരും വച്ച് പാർട്ടിയുടെ ഉന്നത നേതാക്കൾക്ക് ഘടകകക്ഷി നേതാവ് പരാതി നൽകിയിട്ടുണ്ട്. സമീപകാലത്ത് വിവാദനായകനാണ് ഈ നേതാവ്.
എന്തായാലും ഫോൺവിളി വിവാദം നേതൃത്വം ഗൗരവമായി എടുത്തിട്ടുണ്ട്. ഇക്കാര്യത്തിൽ ഉടൻ നേതാവിനോട് വിശദീകരണം ചോദിക്കുമെന്നാണ് പുറത്തുവരുന്ന വിവരം. നേരത്തേ ചോദിച്ചിരുന്ന വിശദീകരണത്തിന് പിന്നാലെയായിരിക്കും ഈ വിശദീകരണം കൂടി നല്‍കേണ്ടത്.
അതോടെ അടുത്ത കാലത്ത് മൂക്കാതെ പഴുക്കാന്‍ അവസരം കിട്ടിയ നേതാവിന്‍റെ കാര്യത്തില്‍ ഏതാണ്ട് തീരുമാനം ആകും. അപ്പുറത്ത് കായ്ക്കും മുമ്പേ പഴുത്ത മറ്റേ ഉന്നതന്‍ തല്‍ക്കാലം അവസരം വീണുകിട്ടിയ സന്തോഷത്തിലാണെങ്കിലും കക്ഷിക്കുള്ള പണിയും അണിയറയില്‍ തയ്യാറാണ്.