പാലായിലേയ്ക്ക് വരിക... പ്രഖ്യാപനങ്ങൾകൊണ്ട് കോരിത്തരിക്കാം ! കാഞ്ചനയുടെ മൊയ്തീൻമാരെപ്പോലെ പാലാ സെന്റ് തോമസ് സ്കൂൾ മിക്സ്ഡ് ആകുന്നതും കാത്തിരുന്ന ആ കുട്ടികളെന്ത് ചെയ്തു ? പിന്നെ റിവർവ്യൂ റോഡ്, കളരിയാമാക്കൽ പാലം, ബൈപ്പാസിലെ കുപ്പിക്കഴുത്തുക്കൾ... അങ്ങനെ നീളുന്ന ചരിത്രങ്ങൾ

author-image
nidheesh kumar
New Update

publive-image

Advertisment

പാലാ:നൃത്തം ചെയ്യുക സാധാരണഗതിയില്‍ മനുഷ്യരാണ്. പക്ഷേ വാഹനങ്ങളും നൃത്തം ചെയ്യുമെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ ? അങ്ങനുണ്ട് ! പാലാ റിവര്‍വ്യൂ റോ‍ഡില്‍ പോയി നിന്നാല്‍ ആ കാഴ്ചകളും കാണാം.

ഇടം തിരിഞ്ഞ്... വലം തിരിഞ്ഞ്... ഇടത്തേക്ക് ചാഞ്ഞ്... പിന്നെ വലത്തേക്ക് ചാ‍ഞ്ഞ്... ഞെരിഞ്ഞമര്‍ന്ന്... പൊങ്ങിയും താഴ്ന്നും വാഹനങ്ങള്‍ പോകുന്നതു കണ്ടാല്‍ പിന്നെന്ത് പറയാനാണ് !

വിവര്‍വ്യൂ റോഡ് തകര്‍ന്നിട്ട് വര്‍ഷം ഒന്നരയായി. റോഡാകെ കുഴികളാണ് . ടാറിംങ്ങ് എന്നാല്‍ അനിക്സ്പ്രേ പോലാണ്, പൊടിപോലുമില്ല... കണ്ടുപിടിക്കാന്‍.

റോഡിനുവേണ്ടി സമരം ചെയ്യേണ്ടിവന്ന പാരമ്പര്യം പാലാക്കാര്‍ക്കില്ലാത്തതിനാലാകാം നാട്ടുകാര്‍ സമരത്തിനില്ല. ഇതാണെങ്കിലും ധാരാളം .. എന്നതാണ് അവര്‍ക്ക്. പക്ഷേ ജനത്തിന് ഒരു തരത്തിലും സഹിക്കാന്‍ കഴിയുന്നില്ലെങ്കില്‍ പിന്നെ എന്തു ചെയ്യും ?

publive-image

പ്രഖ്യാപനങ്ങള്‍ക്ക് ഒരു പഞ്ഞവുമില്ല. പ്രഖ്യാപനങ്ങള്‍ എന്തെങ്കിലും വേണമെങ്കില്‍ പാലാ എംഎല്‍എ മാണി സി കാപ്പനെ കാണണം. പുതിയ പ്രഖ്യാപനം - (പഴയത് കുറെയധികം ഉണ്ട്... അത് ചുവടെ) നവംബര്‍ 30 -നകം റിവര്‍വ്യൂ റോഡ് റീ ടാറിംങ്ങ് നടത്തി (പഴയ ടാറിംങ്ങ് അവിടെങ്ങുമില്ല...) സഞ്ചാരയോഗ്യമാക്കുമെന്നാണ്.

അപ്പോള്‍ പിന്നെ എന്തിനാണ് കഴിഞ്ഞ ദിവസം ( സത്യം ഓണ്‍ലൈന്‍ ഒരു റിപ്പോര്‍ട്ടെഴുതിയപ്പോഴാണെന്ന് പറയുന്നില്ല...) കുറെ പാറപ്പൊടി കുഴികളില്‍ കൊണ്ടിട്ട് വെട്ടി മൂടിയത് ? ആ പൊടിയൊക്കെ ഇപ്പോള്‍ കുഴികളില്‍ നിന്നും തെന്നിപ്പറന്നു മാറി... എവിടെയോ ഒക്കെയാണ് കിടപ്പ്.

എന്തായാലും കുറച്ച് ചില്ലറ അങ്ങനെയും പൊടിച്ചു. ഇനി നവംബര്‍ 30 ആകാന്‍ പാലായിലെ കണക്കും പ്രകാരം ഒരു 5 ദിവസം കൂടിയുണ്ട്. അതിനുള്ളിലെങ്ങാനും എന്തെങ്കിലും നടക്കുമോ എന്ന് ചോദിച്ചാല്‍ പാലായിലെ നടപ്പുവശം വച്ചു നോക്കിയാല്‍ സാധ്യത കുറവാണ്.

publive-image


2019 സെപ്തംബര്‍ 13 -ന് കളരിയമ്മാക്കല്‍ പാലത്തിലൂടെ വണ്ടി ഓടും എന്ന് പ്രഖ്യാപനം നടന്നതാണ്. ഓടും... ക്രെയിന്‍ ഉപയോഗിച്ച് വണ്ടി പാലത്തില്‍ കയറ്റിവയ്ക്കണം എന്നുമാത്രം.


2020 മാര്‍ച്ച് 30 എന്നൊരു തീയതിയുണ്ടെങ്കില്‍ പാലാ ബൈപ്പാസിന്‍റെ കുപ്പിക്കഴുത്തുകള്‍ നിവര്‍ത്തി വാഹനങ്ങള്‍ കടത്തിവിടും എന്നൊരു പ്രഖ്യാപനവും ഉണ്ടായിരുന്നു. ഈ 2022 -ലെത്തിയിട്ടും ബൈപ്പാസില്‍ സിവില്‍സ്റ്റേഷന്‍ കുപ്പിക്കഴുത്തിലൂടെയൊക്കെ വാഹനങ്ങള്‍ പുറത്തുകടക്കുകയെന്നാല്‍ ഒട്ടകം സൂചിക്കുഴയിലൂടെ പ്രവേശിക്കുന്നതിനു തുല്യം.

അങ്ങനെ പ്രഖ്യാപനങ്ങള്‍ പറയാന്‍ തുടങ്ങിയാല്‍ ഒരുപാടുണ്ട്. വായിക്കുന്നവന്‍റെ ക്ഷമകൂടി നോക്കണമല്ലോ.


എന്നാലും പാലായിലെ പാവം സ്കൂള്‍ വിദ്യാര്‍ത്ഥിനികളോടും പ്രൃഥ്വിരാജായ മൊയ്തീനേപ്പോലെ അവരെ പ്രതീക്ഷിച്ചിരുന്ന സെന്‍റ് തോമസ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ പാവപ്പെട്ട പ്ലസ് വണ്‍-ടു ആണ്‍കുട്ടികളോടും എംഎല്‍എ കാണിച്ച ആ ചതി മാത്രം പറയാതിരിക്കാന്‍ കഴിയില്ല.


ചരിത്രത്തിലിന്നുവരെ ആണ്‍കുട്ടികള്‍ക്കു മാത്രം അവകാശപ്പെട്ടിരുന്ന സെന്‍റ് തോമസ് ഹയര്‍സെക്കണ്ടറി സ്കൂള്‍ മിക്സഡ് ആക്കുമെന്ന് എംഎല്‍എ പ്രഖ്യാപിച്ചത് ഈ അധ്യയന വര്‍ഷത്തിന്‍റെ തുടക്കത്തില്‍ നടന്ന പുതിയ ഹയര്‍ സെക്കണ്ടറി ബ്ലോക്കിന്‍റെ ഉദ്ഘാടനത്തിലാണ്.

ചുമ്മാതങ്ങ് പ്രഖ്യാപിക്കുക ആയിരുന്നില്ല, ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ വിളിച്ച് ബുധനാഴ്ച അതിനുള്ള ഓര്‍ഡര്‍ തിരുവനന്തപുരത്ത് എംഎല്‍എ ഹോസ്റ്റലിലെ തന്‍റെ മുറിയില്‍ എത്തിക്കണമെന്നും വ്യാഴാഴ്ച താന്‍ പാലായിലെത്തുമ്പോള്‍ ഓര്‍ഡര്‍ സ്കൂളില്‍ നേരിട്ട് കൊടുത്തുകൊള്ളാമെന്നും അങ്ങ് കാച്ചി... ! വെറുതെ പോസ്റ്റല്‍ ചാര്‍ജ് കളയേണ്ടതില്ലല്ലോ ? കരുതലേ... !!

കേട്ടപാടേ കാഞ്ചനമാരെ കാത്തിരുന്ന മൊയ്തീന്‍മാരേപ്പോലെ കുട്ടികളെല്ലാംകൂടി അങ്ങ് കൈയ്യടിച്ച..ടിച്ച് ബല്ലാണ്ടായി !!

publive-image

പിന്നെ എത്ര ബുധനാഴ്ച കഴിഞ്ഞോ... വ്യാഴാഴ്ച കഴിഞ്ഞോ... എന്ന് ഒരു നിശ്ചയവുമില്ല... സ്കൂള്‍ പഴയപടി തന്നെ. ഇനി അടുത്ത വര്‍ഷമെങ്ങാനും നടന്നാലായി. പാലായിലെ റോഡുകളുടെ പരിഭവങ്ങള്‍ പറഞ്ഞപ്പോള്‍ പ്രഖ്യാപനങ്ങള്‍ ഓര്‍ത്തതാണ്.


രാവിലെ പിഡബ്ല്യുഡി എഞ്ചിനീയറെ വിളിച്ച് 'ഇന്ന് എന്താണ് വര്‍ക്ക് വല്ലതും ഉണ്ടോ' എന്ന് വിളിച്ച് മനസിലാക്കി ' അത് ‍ഞാന്‍ ശരിയാക്കിയതാണെന്ന് ' പത്രക്കുറിപ്പിറക്കുന്ന ഒരു കലാപരിപാടിയും പാലായിലുണ്ട്.


പറയുന്നത് ശരിയായി കേട്ടിട്ട് തള്ളിവിടാന്‍ പറഞ്ഞാല്‍ അത് കേള്‍ക്കില്ല. അവിടെയാണ് ഈ മാസവും വര്‍ഷവുമൊക്കെ മാറിപ്പോകുന്നതെന്ന് തോന്നുന്നു !

കഴിഞ്ഞ ദിവസം രാമപുരത്ത് എവിടെയോ റോഡി പണിക്കായി കുറെ ലോഡ് മെറ്റല്‍ ഇറക്കിയിരുന്നു. അതറിഞ്ഞപാടേ പ്രമുഖന്‍ ഓടിച്ചെന്ന് മെറ്റല്‍ ഇറക്കിയിട്ടിരിക്കുന്ന സ്ഥലം സന്ദര്‍ശിച്ച് 'വിലയിരുത്തി' പോന്നു. ഇനി ടാറിംങ്ങ് നടക്കുമ്പോഴും സൂപ്പര്‍വിഷന്‍ ഉണ്ടാകും എന്ന് പ്രതീക്ഷിക്കാം.

Advertisment