പാലാ: കേരള പര്യടനത്തിലൂടെ മത-സാമുദായിക സംഘടനകളുടെ പിന്തുണ നേടാനുള്ള ശ്രമത്തിന്‍റെ ഭാഗമായി കോട്ടയം സന്ദര്‍ശനത്തില്‍ കത്തോലിക്കാ രൂപതകള്‍ സന്ദര്‍ശിക്കാനൊരുങ്ങി ഡോ. ശശി തരൂര്‍ എംപി.
വരുന്ന മൂന്നിന് പാലായിലും ഈരാറ്റുപേട്ടയിലും പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കാനെത്തുന്ന ശശി തരൂര്‍ പാലാ കാഞ്ഞിരപ്പള്ളി രൂപതകളില്‍ സന്ദര്‍ശനത്തിന് അനുമതി തേടി. പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാടിനെയും കാഞ്ഞിരപ്പള്ളി ബിഷപ്പ് മാര്‍ ജോസഫ് പുളിക്കനെയും സന്ദര്‍ശിച്ച് തരൂര്‍ പിന്തുണ തേടും.
മൂന്നാം തീയതി പാലായില്‍ മുന്‍ കെപിസിസി പ്രസിഡന്‍റും ഗവര്‍ണറുമായിരുന്ന പ്രൊഫ. കെ.എം ചാണ്ടിയുടെ അനുസ്മരണ സമ്മേളനം തരൂര്‍ ഉദ്ഘാടനം ചെയ്യും. അന്നുതന്നെ ഈരാറ്റുപേട്ടയില്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി നടത്തുന്ന സെമിനാറും തരൂര്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും.
അതിനിടയിലാണ് രൂപതാ സന്ദര്‍ശനങ്ങള്‍. പാലായില്‍ കെ.എം ചാണ്ടി അനുസ്മരണ സമ്മേളനത്തിന് മുമ്പ് അദ്ദേഹം മാര്‍ ജോസഫ് കല്ലറങ്ങാടിനെ സന്ദര്‍ശിക്കാനാണ് പരിപാടി. ഈരാറ്റുപേട്ടയിലെ പരിപാടികള്‍ക്കു ശേഷമാണ് കാഞ്ഞിരപ്പള്ളി രൂപതയിലെ ദന്ദര്‍ശന നാടകം.
അതിനു തലേദിവസം പെരുന്നയില്‍ എന്‍എസ്എസ് ആസ്ഥാനത്ത് നടക്കുന്ന മന്നം ജയന്തി സമ്മേളനത്തിന്‍റെ ഉദ്ഘാടനവും ശശി തരൂര്‍ തന്നെ നിര്‍വ്വഹിക്കും. ഇവിടെ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുമായും അദ്ദേഹം ചര്‍ച്ച നടത്തും.
അതേസമയം ശശി തരൂരിനെ രൂപതകളില്‍ സ്വീകരിക്കുന്നതിനെതിരെ വിശ്വാസികള്‍ക്കിടയില്‍ അതൃപ്തിയുണ്ട്. പ്രത്യേക സാഹചര്യങ്ങളിലല്ലാതെ രാഷ്ട്രീയ മുതലെടുപ്പിനായി ഒരു നേതാവ് നടത്തുന്ന സന്ദര്‍ശനങ്ങള്‍ക്ക് ക്രൈസ്തവ മേലധ്യക്ഷന്മാരുടെ ആസ്ഥാനങ്ങള്‍ വേദിയാക്കരുതെന്നാണ് വിമര്‍ശനങ്ങള്‍.
ശശി തരൂരിന് എന്തെങ്കിലും പദവിയോ അംഗീകാരങ്ങളോ ലഭിച്ച ശേഷമുള്ള സന്ദര്‍ശനമല്ല നടക്കുന്നത്. അദ്ദേഹം സ്വന്തം പാര്‍ട്ടിയില്‍ സ്ഥാനമുറപ്പിക്കാനായി നടത്തുന്ന ഗ്രൂപ്പ് / വിഭാഗീയ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടത്തുന്ന സന്ദര്‍ശനങ്ങള്‍ക്ക് ക്രൈസ്തവ സ്ഥാപനങ്ങളോ രൂപതാ കേന്ദ്രങ്ങളോ വേദിയാക്കുന്നത് ശരിയല്ലെന്നാണ് വിലയിരുത്തല്‍.
തരൂര്‍ എംപിയായ കഴിഞ്ഞ 15 വര്‍ഷങ്ങള്‍ക്കിടെ നിരവധി തവണ അദ്ദേഹത്തെ വിവിധ പരിപാടികള്‍ക്കായി സ്വന്തം പാര്‍ട്ടിക്കാര്‍ ഉള്‍പ്പെടെ ക്ഷണിച്ചിരുന്നു. പാര്‍ട്ടി ഇലക്ഷന്‍ പ്രചരണങ്ങള്‍ക്കും പല തവണ ക്ഷണിക്കപ്പെട്ടിട്ടുണ്ട്. അന്നൊക്കെ അസൗകര്യങ്ങള്‍ പറഞ്ഞ് ഒഴിഞ്ഞു മാറിയ അദ്ദേഹം ഇപ്പോള്‍ നടത്തുന്ന സന്ദര്‍ശനങ്ങള്‍ പ്രത്യേക രാഷ്ട്രീയ ലക്ഷ്യങ്ങള്‍ വച്ചുള്ളതാണ്. അതിന് സമ്മതമുള്ള പാര്‍ട്ടിക്കാര്‍ വേദിയൊരുക്കുന്നത് മനസിലാക്കാം. പക്ഷേ മതസ്ഥാപനങ്ങള്‍ അതിനു നിന്നുകൊടുക്കുന്നത് ഉള്‍ക്കൊള്ളാനാകില്ലെന്ന വിമര്‍ശനങ്ങളാണധികവും.