Advertisment

ഭിന്നശേഷിക്കാര്‍ക്ക് ഡിജിറ്റല്‍ ലോകത്ത് തൊഴില്‍ കണ്ടെത്തുന്നതിന് ഫെയ്‌സ് ഫൗണ്ടേഷനും ഇഡാപ്റ്റ് ലേണിങ് ആപ്പും സംയുക്തമായി കോഡിങ്/പ്രോഗ്രാമിങ് പരിശീലനമൊരുക്കുന്നു

New Update

publive-image

Advertisment

മലപ്പുറം: ഭിന്നശേഷിക്കാര്‍ക്ക് ഡിജിറ്റല്‍ ലോകത്ത് തൊഴില്‍ കണ്ടെത്തുന്നതിന് ഫെയ്‌സ് ഫൗണ്ടേഷനും ഇഡാപ്റ്റ് ലേണിങ് ആപ്പും സംയുക്തമായി കോഡിങ്/പ്രോഗ്രാമിങ് പരിശീലനമൊരുക്കുന്നു. പ്രോഗ്രാമിങിന്റെ ബാലപാഠങ്ങളില്‍ തുടങ്ങി ഇന്ന് വിപണിയില്‍ ഏറെ സാധ്യതകളുള്ള 10 കോഡിങ് പ്ലാറ്റ്‌ഫോമുകളെ പരിചയപ്പെടുത്തുകയും തൊഴില്‍ നൈപുണ്യം ആര്‍ജിക്കാന്‍ അവസരം ഒരുക്കുന്നതുമാണ് പദ്ധതി.

ഗെയിം, വെബ്‌സൈറ്റുകള്‍, ഇന്റര്‍നെറ്റിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്ന മറ്റു സേവനങ്ങള്‍, ഉല്‍പന്നങ്ങള്‍ എന്നിവയെല്ലാം ഈ സാങ്കേതിക വിദ്യയില്‍ അധിഷ്ടിതമാണെന്നിരിക്കേ വലിയ തൊഴില്‍ സാധ്യതയുള്ള മേഖല ഭിന്നശേഷിക്കാര്‍ക്ക് സൗജന്യമായി പരിചയപ്പെടാനാകും.

ആദ്യഘട്ടത്തില്‍ രജിസ്റ്റര്‍ ചെയ്യുന്നവരില്‍ നിന്നും അഭിരുചി പരീക്ഷ നടത്തി തെരഞ്ഞെടുക്കുന്ന നൂറ് പേര്‍ക്കായിരിക്കും പരിശീലനം നല്‍കുക. മൂന്ന് മാസമാണ് പരിശീലനം. അഞ്ച് മണിക്കൂര്‍ മുതല്‍ 25 മണിക്കൂര്‍ വരെ ദൈര്‍ഘ്യമുള്ള കോഴ്‌സ് ഓണ്‍ലൈന്‍ വഴിയായിരിക്കും. 10 ലക്ഷം രൂപയുടെ സ്‌കോളര്‍ഷിപ്പാണ് ഈ പദ്ധതിയിലൂടെ വിതരണം ചെയ്യുക. വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കും. കൂടാതെ ഇവര്‍ക്ക് തൊഴില്‍ ലഭ്യമാക്കാനുള്ള സംവിധാനവും ഒരുക്കും.

ശാരീരികമായി പ്രയാസം അനുഭവിക്കുന്നവര്‍ക്ക് ആശ്വാസം നല്‍കുന്നതിനും വിദ്യാഭ്യാസ സാമൂഹ്യ ശാക്തീകരണത്തിനുമായി പരപ്പനങ്ങാടി കേന്ദ്രീകരിച്ച് 2014 ല്‍ പ്രവര്‍ത്തനമാരംഭിച്ച സന്നദ്ധ സംഘടനയാണ് ഫെയ്‌സ് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ.

ഭിന്നശേഷി സമൂഹത്തിന് ഉപകാരപ്പെടുന്നതും ഏറെ ആവശ്യമുള്ളതുമായ പദ്ധതികളാണ് ഫൗണ്ടേഷന്‍ നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായി നേരത്തെ ഫെയ്‌സ് അക്കാദമി, കെയര്‍ ആന്റ് ക്യൂയര്‍ എന്നീ പേരുകളില്‍ വിവിധ പദ്ധതികള്‍ നടപ്പിലാക്കിയിട്ടുണ്ട്.

ഭിന്നശേഷിക്കാര്‍ക്ക് തൊഴില്‍ പരിശീലനവും ജോലിയും നല്‍കുക എന്നതാണ് അക്കാദമിയുടെ ലക്ഷ്യം. കമ്പ്യൂട്ടര്‍ ഗ്രാഫിക് ഡിസൈനിങ്, ബേസിക് കമ്പ്യൂട്ടര്‍, മൊബൈല്‍ ഫോണ്‍ ടെക്‌നോളജി, ഫാഷന്‍ ഡിസൈനിങ് തുടങ്ങിയ കോഴ്‌സുകളില്‍ നൂറോളം വിദ്യാര്‍ത്ഥികള്‍ ഇതിനകം പഠിച്ചിറങ്ങിയിട്ടുണ്ട്. ഇവര്‍ സ്വദേശത്തും വിദേശത്തുമായി ജോലി ചെയ്യുകയും ചെയ്യുന്നുണ്ട്. കൂടാതെ സ്വയം തൊഴില്‍ കണ്ടെത്താനും ഇവര്‍ക്കായി കോഡിങ്, ആര്‍ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ബ്ലോക്ക് ചെയിന്‍ തുടങ്ങിയ നൂതന മേഖലകളില്‍ പ്രാഗത്ഭ്യം നേടാന്‍ വഴിയൊരുക്കിയ ഇന്റര്‍നാഷണല്‍ ലേണിങ് പ്ലാറ്റ്‌ഫോം ആണ് ഇഡാപ്റ്റ്.

വാര്‍ത്താസമ്മേളനത്തില്‍ ഫെയ്‌സ് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ പി.കെ അന്‍വര്‍ നഹ, ഇഡാപ്റ്റ് സി.ഇ.ഒ ഉമര്‍ അബ്ദുസലാം, ഫെയ്‌സ് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ ജനറല്‍ സെക്രട്ടറി എം അബ്ദുസമദ്, ട്രഷറര്‍ സി.ടി അബ്ദുനാസര്‍, വൈസ് പ്രസിഡന്റ് അബ്ദുല്‍ കരീം എന്നിവര്‍ പങ്കെടുത്തു.

malappuram news
Advertisment