/sathyam/media/member_avatars/3BOOvZQnZ8RsaSrghZvE.jpg )
മലപ്പുറം : ഇന്ത്യൻ യൂണിയൻ മുസ്ളീം ലീഗിൽ കെ.എം.ഷാജി ഉയർത്തുന്ന വിമർശനങ്ങൾ ഒതുക്കലിനെതിരായ പ്രതിഷേധമോ ആതോ പി.കെ. കുഞ്ഞാലിക്കുട്ടിയുടെ സി.പി.എം അനുകൂല ലൈനിനെതിരെയുളള കൊട്ടാരവിപ്ളവമോ ?
അണികളെ ത്രസിപ്പിക്കുന്ന പ്രസംഗങ്ങളിലൂടെ പാർട്ടിയിൽ ആവേശം വിതയ്ക്കുന്ന ഷാജിയെ നിയന്ത്രിക്കാൻ കുഞ്ഞാലിക്കുട്ടിയും പാർട്ടിയും കിണഞ്ഞ് ശ്രമിക്കുമ്പോൾ മുസ്ളിം ലീഗിൽ അപ്രതീക്ഷിതമായ പലതും സംഭവിക്കുമെന്ന ഭയാശങ്കയിലാണ് നേതാക്കൾ.
ലോകസഭ തിരഞ്ഞെടുപ്പിൽ പാർട്ടി സ്വീകരിക്കുന്ന നിലപാട് എൽഡിഎഫിന് എതിരായാൽ ലീഗിൽ വീണ്ടുമൊരു പിളിർപ്പിന് വരെ സാധ്യതയുണ്ടെന്നാണ് നേതാക്കളുടെ പ്രവചനം.
പാർട്ടിയണികളിൽ സ്വാധീനമുളള ഷാജിയെയും , ഷാജിയുടെ തീവ്രശൈലിയെ നഖശിഖാന്തം എതിർക്കുന്ന പി.കെ.കുഞ്ഞാലിക്കുട്ടിയേയും തളളാൻ കഴിയാത്ത പ്രതിസന്ധിയിലാണ് പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ.
ഷാജിയോട് വിശദീകരണം ചോദിച്ച് കുഞ്ഞാലിക്കുട്ടിയെ തൃപ്തിപ്പെടുത്താനും വിശദീകരണത്തിന് ശേഷം വിഷയം ഒതുക്കി ഷാജിയേയും ഒപ്പം നിർത്തുന്ന വഴിയാണ് സംസ്ഥാന അദ്ധ്യക്ഷൻ സ്വീകരിച്ചിരിക്കുന്നത്.
യൂത്ത് ലീഗ് സംസ്ഥാന അദ്ധ്യക്ഷനും പാണക്കാട് കുടുംബാംഗവുമായ മുനവറലി ശിഹാബ് തങ്ങൾ പങ്കെടുത്ത മുസ്ലിം ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി യോഗത്തിലാണ് മുൻ എം.എൽ.എയും തീപ്പൊരി പ്രാസംഗികനുമായ കെ.എം.ഷാജിക്കെതിരെ വിമർശനം ഉണ്ടായത്.
ലീഗിനെ കൈയ്യയച്ച് സഹായിക്കുന്ന പാർട്ടിയുടെ ആത്മബന്ധുകൂടിയായ പ്രവാസി വ്യവസായി എംഎ യൂസഫലിയെ അടക്കം പരസ്യമായി വിമർശിക്കുന്ന ഷാജിയുടെ ശൈലിക്കെതിരെയായിരുന്നു വിമർശനം.
മുഖ്യമന്ത്രി പിണറായി വിജയനെയും സിപിഎമ്മിനെയും അതിരൂക്ഷമായി വിമർശിക്കുന്ന ഷാജിയുടെ ശൈലിയിൽ എതിർപ്പുളള പികെ കുഞ്ഞാലിക്കുട്ടിയാണ് വിമർശകർക്ക് പിന്നിലെന്നാണ് ഷാജിയും അനുകൂലികളും സംശയിക്കുന്നത്.
അഴീക്കോട്ടെ സ്കൂൾ മാനേജ്മെന്റിൽ നിന്ന് കൈക്കൂലി വാങ്ങിയെന്ന കേസിന് തെളിവുണ്ടാക്കാൻ വീട് റെയ്ഡ് ചെയ്ത സർക്കാർ നീക്കത്തിന് പിന്നിലും അഴിക്കോട് മണ്ഡലത്തിലെ തോൽവിയിലും കുഞ്ഞാലിക്കുട്ടിയുടെ പങ്ക് സംശയിക്കുന്ന ഷാജി രണ്ടും കൽപ്പിച്ചാണ്.
സിപിഎമ്മിനോടും മുഖ്യമന്ത്രിയോടും മൃദുസമീപനം സ്വീകരിക്കുന്ന കുഞ്ഞാലിക്കുട്ടിയുടെ സമവായ രാഷ്ട്രീയ ലൈനിനെ ശക്തമായി എതിർക്കുന്നയാളാണ് കെ.എം.ഷാജി.
ലീഗിനെ സിപിഎം പാളയത്തിൽ എത്തിക്കാനുളള നീക്കത്തെയാണ് പാർട്ടിയ്ക്കകത്തും പുറത്തും വിമർശിക്കുന്നതെന്നാണ് ഷാജിയെ അനുകൂലിക്കുന്നവർ പറയുന്നത്.
ജെൻഡർ ന്യൂട്രൽ യൂണിഫോമിനെതിരെ എംകെ മുനീർ പതിവ് ശൈലി വിട്ട് തീവ്രമായി പ്രതികരിച്ചതും കുഞ്ഞാലിക്കുട്ടിയുടെ സമീപനത്തിന് എതിരായ നീക്കമായിരുന്നു എന്ന് അവർ ചൂണ്ടിക്കാട്ടുന്നു. ആണിനും പെണ്ണിനും ഒരേ യൂണിഫോം എന്ന നിർദ്ദേശത്തെ സമസ്ത അടക്കമുളളവർ എതിർത്തിട്ടും കുഞ്ഞാലിക്കുട്ടി ഒരക്ഷരം പോലും മിണ്ടിയില്ല.
നിയമസഭയിലും സിപിഎമ്മിനെയും മുഖ്യമന്ത്രിയെയും വിമർശിക്കാതെ തണുപ്പൻ സമീപനം സ്വീകരിക്കുന്ന കുഞ്ഞാലിക്കുട്ടി ലീഗിനെ ഇടതിലേക്ക് അടുപ്പിക്കാനാണ് ശ്രമിക്കുന്നുവെന്നാണ് മുനീർ-ഷാജി വിഭാഗത്തിന്റെ സംശയം.
ഇതിനെ എതിർത്തുപോയില്ലെങ്കിൽ ലോകസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി പേടി പറഞ്ഞ് എൽ.ഡി.എഫിനെ സഹായിക്കുന്ന നിലപാട് എടുക്കുമോയെന്നും ആശങ്കയുണ്ട്. അതുകൊണ്ടാണ് പാർട്ടിയിലും പുറത്തും ഷാജി ശക്തമായ വിമർശനം ഉയർത്തുന്നത്. ഈ നീക്കം തിരിച്ചറിഞ്ഞാണ് കുഞ്ഞാലിക്കുട്ടി കെഎം ഷാജിക്കെതിരെ അച്ചടക്കത്തിന്റെ വാളോങ്ങുന്നത്.
വിമർശനം വന്നെങ്കിലും ഒതുങ്ങില്ലെന്ന ശക്തമായ സന്ദേശമാണ് കെ.എം.ഷാജി നൽകുന്നത്. "'വിമർശനം ഭയന്ന് ശത്രു പാളയത്തിൽ പോകുമെന്ന മോഹം ആർക്കും വേണ്ട. അവസാന ശ്വാസം വരെ പാർട്ടിക്കൊപ്പം" മസ്കറ്റിലെ കെ.എം.സി.സി യോഗത്തിൽ ഷാജി പറഞ്ഞു.
പുകച്ചു പുറത്തുചാടിക്കാനുളള നീക്കമാണ് ആസൂത്രിതമായി വിമർശനം നടത്തുന്നവരുടെ ലക്ഷ്യമെന്ന സന്ദേശമാണ് ഷാജി ഈ വാക്കുകളിലൂടെ നൽകുന്നത്.
എന്നാൽ ഷാജിയ്ക്കുളള പരോക്ഷ മറുപടിയുമായി യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി.കെ. ഫിറോസും രംഗത്തെത്തി.
" മുസ്ളിം ലീഗ് ഒരു വടവൃക്ഷമാണ്. വടവൃക്ഷത്തിന്റെ കൊമ്പിൽ നമ്മൊളൊക്ക ഇരിക്കുന്നുണ്ട്. കൊമ്പിൽ കയറി വല്ലാതെ കസർത്ത് കാട്ടിയാൽ ചിലപ്പോൾ തെന്നിവീഴും. രണ്ടായാലും വീഴുന്നവർക്ക് മാത്രമാകും കുഴപ്പം, വൃക്ഷത്തിന് ഒന്നും സംഭവിക്കില്ല" ഇതായിരുന്നു പി.കെ.ഫിറോസിന്റെ പ്രതികരണം.
പ്രസിഡന്റ് സ്ഥാനം എറ്റെടുത്ത ശേഷമുളള ഏറ്റവും വലിയ സംഘടനാ വെല്ലുവിളി നേരിടുന്ന സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങൾ എങ്ങനെ പ്രശ്നം പരിഹരിക്കുമെന്നാണ് ലീഗ് ഒന്നാകെ ഉറ്റുനോക്കുന്നത്.