Advertisment

മുംബൈ മഹാനഗരത്തിലെ മയക്കുമരുന്ന് മാഫിയകളുടെ പേടിസ്വപ്നം... രാജ്യത്താകമാനം 17000 കോടി രൂപയുടെ ലഹരിമരുന്ന് വേട്ട നടത്തിയ എൻസിബിയിലെ റിയൽ സിങ്കം, ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാനെ വരെ പൂട്ടിയ സമീർ വാങ്കഡെ. ആരാണ് ഈ സമീര്‍ വാങ്കഡെ?

author-image
admin
New Update

publive-image

Advertisment

മുംബൈ: ബോളിവുഡ് സൂപ്പർ സ്റ്റാർ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാനെ പൂട്ടിയ ഉദ്യോഗസ്ഥൻ. രഹസ്യ നീക്കത്തിലൂടെ ആഡംബര കപ്പലിൽ മിന്നൽ റെയ്ഡ് നടത്തി ലഹരി പാർട്ടി പിടികൂടിയതിന് പിന്നിലെ ബുദ്ധികേന്ദ്രം. മുംബൈ മഹാനഗരത്തിലെ മയക്കുമരുന്ന് മാഫിയകളുടെ പേടിസ്വപ്നം. രാജ്യത്താകമാനം 17000 കോടി രൂപയുടെ ലഹരിമരുന്ന് വേട്ട നടത്തിയ എൻസിബിയിലെ റിയൽ സിങ്കം, സമീർ വാങ്കഡെ...

അധോലോകവും ലഹരി മരുന്ന് മാഫിയക്കാരും അരങ്ങ് വാഴുന്ന മുംബൈ മഹാനഗരത്തെ ശുദ്ധീകരിക്കാൻ അരയും തലയും മുറുക്കി ഇറങ്ങിയിരിക്കുകയാണ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ സോണൽ ഡയറക്ടറായ സമീർ വാങ്കഡെ. ഹിന്ദി സിനിമയിലെ സൂപ്പർ സ്റ്റാർ ഷാറൂഖ് ഖാന്റെ മകനെ അടക്കമുള്ളവരെ അഴിക്കുള്ളിലാക്കിയ ചടുല നീക്കങ്ങൾക്ക് ചുക്കാൻ പിടിച്ച സമീറിനെ കുറിച്ചുള്ള വാർത്തകൾ മാദ്ധ്യമങ്ങളിൽ നിറയുകയാണ്.

പ്രവർത്തിച്ച പദവികളുടെ അന്തസ്സ് കളയാത്ത ഉദ്യോഗസ്ഥൻ എന്നാണ് സമീറിനെ കുറിച്ച് പൊതുവെ പറയാറുള്ളത്. പ്രലോഭനങ്ങൾക്കും ഭീഷണികൾക്കും വഴങ്ങാത്ത പ്രകൃതം. ഏത് ഉന്നതനായാലും നിയമം ലംഘനം നടത്തിയാൽ മുഖം നോക്കാതെ നടപടിയെടുക്കുന്ന സമീർ പല വമ്പൻമാരുടെയും കണ്ണിലെ കരടാണ്.

ബോളിവുഡിൽ പിടിമുറിക്കിയിരുന്ന ലഹരി മരുന്ന് മാഫിയയുടെ നട്ടെല്ലൊടിക്കാനുള്ള തീവ്രമത്തിലാണിപ്പോൾ സമീർ വാങ്കഡെ. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ, ദീപിക പദുക്കോൺ, അർജുൻ രാംപാൽ, ശ്രദ്ധ കപൂർ, സാറ അലി ഖാൻ എന്നിവരുൾപ്പെടെയുള്ള താരങ്ങൾക്ക് മയക്കുമരുന്ന് വാങ്ങുന്നതിൽ പങ്കുണ്ടെന്ന് ആരോപിച്ച് അന്വേഷണം നടന്നിരുന്നു.

അതിനുമുമ്പ് നടൻ സുശാന്ത് സിംഗ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ടും മയക്കുമരുന്ന് കേസുകൾ ഉയർന്നിരുന്നു. കേസിൽ നടി റിയ ചക്രബർത്തി അറസ്റ്റ് ബോളിവുഡിനെ ഞെട്ടിച്ചിരുന്നു. ഈ കേസുകളിൽ എല്ലാം ഉയർന്ന് കേട്ട പേരാണ് മുംബൈയിലെ നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോയുടെ സോണൽ ഡയറക്ടർ സമീർ ഡി വാങ്കഡെയുടേത് .

ഇന്ത്യൻ റവന്യൂ സർവീസസിലെ 2004 ബാച്ച് ഉദ്യോഗസ്ഥനായ ഇദ്ദേഹം മുംബൈയിലെ ഛത്രപതി ശിവജി ഇന്റർനാഷണൽ എയർപോർട്ടിൽ 2007 ൽ ഡെപ്യൂട്ടി കസ്റ്റംസ് കമ്മീഷണറായി നിയമിതനായി. കസ്റ്റംസ് ഓഫീസറായിരിക്കെ സിനിമാതാരങ്ങൾ ഉൾപ്പെടെയുള്ള സെലിബ്രിറ്റികൾക്ക് യാതൊരു ഇളവും നൽകാത്ത ഉദ്യോഗസ്ഥനായിരുന്നു സമീർ വാങ്കെഡെ

എയർപോർട്ടിൽ അഭിനേതാക്കളുടെ പിന്നിൽ ഓട്ടോഗ്രാഫുകൾക്കായി തന്റെ ജൂനിയർ ഓഫീസർമാർ നിരന്ന് നിൽക്കുന്നത് വാങ്കഡെയാണ് അവസാനിപ്പിച്ചത്. താരങ്ങളുടെ ലഗേജ് പരിശോധിക്കുക മാത്രമല്ല കസ്റ്റംസ് ഏരിയയിൽ താരങ്ങളെയും കർശനമായി പരിശോധനയ്‌ക്ക് വിധേയരാക്കി.

നികുതി വെട്ടിപ്പ് നടത്തിയ 200 ഓളം പ്രമുഖർ അടക്കം 2500 ഓളം പേരെ വാങ്കഡെ നിയമത്തിനു മുന്നിൽ എത്തിച്ചു. സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ആദ്യമായിരുന്നു അത്. ഖജനാവിന് രണ്ട് വർഷത്തിനുള്ളിൽ 87 കോടിയുടെ വരുമാനം അദ്ദേഹം കൂട്ടിച്ചേർത്തു. മുംബൈയിലെ മറ്റൊരു റെക്കോർഡായി മാറിയ സംഭവമാണിത് .

എയർ ഇന്റലിജൻസ് യൂണിറ്റ് ഡെപ്യൂട്ടി കമ്മീഷണർ, നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി അഡീഷണൽ എസ്പി, ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് ജോയിന്റ് കമ്മീഷണർ, എൻസിബിയുടെ സോണൽ ഡയറക്ടർ എന്നീ നിലകളിൽ സേവനം അനുഷ്ടിച്ചു . ‘ഗംഗാജൽ’ എന്ന സിനിമയിൽ അജയ് ദേവ്ഗണിനൊപ്പം പ്രവർത്തിച്ച മറാത്തി നടി ക്രാന്തി റെഡ്കറെയാണ് വാങ്കഡെയുടെ ഭാര്യ. ഇന്ന് രാജ്യത്ത് നടക്കുന്ന വൻമയക്കുമരുന്നു വേട്ടകൾക്ക് നേതൃത്വം നൽകുന്ന ഉദ്യോഗസ്ഥൻ കൂടിയാണ് സമീർ.

 

NEWS
Advertisment