Advertisment

സ്വന്തം ഇൻഷുറൻസ് തട്ടാൻ ‘ഉത്ര മോഡൽ’ കൊല; മാനസികാസ്വാസ്ഥ്യമുള്ളയാളെ മൂർഖൻ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊന്നു; അഞ്ച് പേർ അറസ്റ്റിൽ

New Update

publive-image

Advertisment

മുംബൈ : സ്വന്തം ഇൻഷുറൻസ് തുക നേടിയെടുക്കാൻ മാനസിക അസ്വാസ്ഥ്യമുള്ളയാളെ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ അഞ്ച് പേർ അറസ്റ്റിൽ. മഹാരാഷ്‌ട്രയിലെ അഹമ്മദ് നഗറിലാണ് സംഭവം. 54 വയസ്സുകാരനായ പ്രഭാകർ ഭിമാജി വാഗ്ചൗരെ ഉൾപ്പെടെയുള്ളവരാണ് പോലീസിന്റെ പിടിയിലായത്.

മൂർഖൻ പാമ്പിനെയാണ് ഇയാൾ കൊലപാതകത്തിനായി ഉപയോഗിച്ചത്. 50 ലക്ഷം യുഎസ് ഡോളറിന്റെ (ഏകദേശം 37.5 കോടി രൂപ) ഇൻഷുറൻസ് തുക നേടിയെടുക്കുകയായിരുന്നു പ്രതിയുടെ ലക്ഷ്യം. കേരളത്തിൽ നടന്ന സുകുമാരക്കുറുപ്പ് സംഭവവുമായും ഉത്ര വധക്കേസുമായും സാമ്യമുളള കേസാണിത്.

20 വർഷമായി യുഎസിൽ താമസിക്കുന്ന ഇയാൾ അവിടെ നിന്ന് തന്നെയാണ് ലൈഫ് ഇൻഷുറൻസ് എടുത്തത്. ഇത് ലഭിക്കാനായി പാമ്പിനെ ഉപയോഗിച്ച് സ്വന്തം മരണം ചിത്രീകരിക്കുകയായിരുന്നു. എന്നാൽ മരണത്തേക്കുറിച്ച് അന്വേഷിക്കാൻ ഇൻഷുറൻസ് കമ്പനി തീരുമാനിച്ചതോടെ സംഭവം പൊളിഞ്ഞു.

കഴിഞ്ഞ ജനുവരിയിലാണ് പ്രഭാകർ ഇന്ത്യയിലെത്തിയത്. അഹമ്മദ്‌നഗറിലെ രജൂർ ഗ്രാമത്തിലായിരുന്നു താമസം. കഴിഞ്ഞ ഏപ്രിൽ 22 ന് പ്രഭാകർ മരിച്ചതായി പ്രദേശത്തെ സർക്കാരിന് വിവരം ലഭിച്ചു. പ്രഭാകറിന്റെ ബന്ധുവെന്ന് അവകാശപ്പെട്ടയാളും ഗ്രാമത്തിലെ മറ്റൊരാളുമാണ് മൃതദേഹം തിരിച്ചറിഞ്ഞത്.

പാമ്പുകടിയേറ്റാണ് മരിച്ചതെന്ന് പിന്നീട് വ്യക്തമായി. തുടർന്ന് ഇയാളുടെ അനന്തരവൻ പ്രവീണിന് സംസ്‌കാര ചടങ്ങുകൾക്കായി മൃതദേഹം വിട്ടുകൊടുത്തു. എന്നാൽ പിന്നീട് പ്രവീണിനെക്കുറിച്ച് പോലീസ് അന്വേഷിച്ചെങ്കിലും ഇയാൾ കൊറോണ ബാധിച്ച് മരിച്ചു എന്നാണ് അറിയാൻ സാധിച്ചത്.

തുടർന്ന് പ്രഭാകറിന്റെ ഫോൺ രേഖകൾ പരിശോധിച്ചപ്പോഴാണ് ഇയാൾ ജീവിച്ചിരിക്കുന്നതായി കണ്ടെത്തിയത്. പ്രതിയെ സഹായിച്ച നാലു പേരും അറസ്റ്റിലായിട്ടുണ്ട്. കുറ്റകൃത്യം നടത്തുന്നതിനായി പ്രതികൾ വ്യക്തമായി ആസൂത്രണം ചെയ്തിരുന്നു എന്ന് പോലീസ് കണ്ടെത്തി.

പാമ്പു പിടിത്തക്കാരനിൽ നിന്ന് ഇവർ മൂർഖൻ പാമ്പിനെ വാങ്ങി. തുടർന്ന് പ്രഭാകറുമായി സാമ്യമുള്ള ഒരാളെ കണ്ടെത്തി, അയാളെ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തി. 50 വയസുകാരനായ നവ്‌നാഥ് യശ്വന്താണ് (50) മരിച്ചത്. ഇത് നടപ്പിലാക്കുന്നതിനായി കൂട്ടാളികൾക്ക് 35 ലക്ഷം രൂപയാണ് പ്രഭാകർ വാഗ്ദാനം ചെയ്തത് എന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

NEWS
Advertisment