ശ്രീനഗർ: 2024ൽ ബിജെപിയെ താഴെയിറക്കി ഭരണം പിടിക്കുമെന്ന പ്രഖ്യാപിച്ച പ്രതിപക്ഷ പാർട്ടികളുടെ യോഗത്തെ പരിഹസിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പ്രതിപക്ഷ പാർട്ടികളുടെ ഐക്യം അസാധ്യമായ ഒന്നാണെന്നും പട്നയിൽ നടന്ന യോഗം ഫോട്ടോ സെഷൻ മാത്രമാണെന്നും 2024ലും മോദി തന്നെ അധികാരത്തിലെത്തുമെന്നും അമിത് ഷാ പറഞ്ഞു.
'പട്നയിൽ ഒരു ഫോട്ടോ സെഷൻ അരങ്ങേറുകയാണ്. 2024ൽ മോദിയേയും എൻഡിഎയേയും എതിരിടുമെന്ന സന്ദേശം കൈമാറാനായി എല്ലാ പ്രതിപക്ഷ കക്ഷികളും ഒരേ തട്ടിൽ ഒത്തുകൂടിയിരിക്കുന്നു. പ്രതിപക്ഷ നേതാക്കളോട് എനിക്ക് പറയാനുള്ളത്, നിങ്ങളുടെ ഐക്യം എന്നത് ഏറെക്കുറെ അസാധ്യമായ സംഗതിയാണ്. അങ്ങനെ ഐക്യം സാധ്യമായാൽ 2024ൽ നിങ്ങൾ ജനങ്ങളുടെ മുന്നിൽ വരണം. മൂന്നൂറ് സീറ്റുകളുമായി മോദിയുടെ വിജയമാണ് സംഭവിക്കാൻ പോകുന്നത്.'
'രാഹുൽ എല്ലാത്തിനേയും വിമർശിക്കുകയാണ്. അതു ശീലമാണ്. 370ാം അനുച്ഛേദം റദ്ദാക്കിയത്, രാമക്ഷേത്ര നിർമാണം, മുത്തലാഖ് എല്ലാത്തിനേയും അദ്ദേഹം വിമർശിക്കുന്നു. രാഹുൽ പ്രധാനമന്ത്രി സ്ഥാനാർഥിയായി മോദിക്കെതിരെ 2024ൽ മത്സരിച്ചേക്കാം. പക്ഷേ ജനത്തിനറിയാം ആരെയാണ് തെരഞ്ഞടുക്കേണ്ടത് എന്നു. വീണ്ടും മോദി പ്രധാനമന്ത്രി ആയാൽ ഏറ്റവും സുരക്ഷിതമായ ഇടമായി ജമ്മു കശ്മീരിനെ മാറ്റും'- അമിത് ഷാ വ്യക്തമാക്കി.