കൊൽക്കത്ത: കരുത്തനായ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ശ്രമിച്ചിട്ട് നടക്കാത്തതാണ് ബംഗാളിലെ മലയാളിയായ ഗവർണർ ഡോ. സി.വി ആനന്ദബോസ് നടത്തിയെടുത്തത്. നിയമനത്തിൽ ക്രമക്കേടുള്ള കേരളത്തിലെ യൂണിവേഴ്സിറ്റികളിലെ വൈസ്ചാൻസലർമാരെ പിരിച്ചുവിടാൻ നോട്ടീസ് നൽകിയെങ്കിലും തുടർ നടപടികളെടുക്കാൻ കഴിയാതെ കേരള ഗവർണർ പരാജയപ്പെട്ടു.
പക്ഷേ, പശ്ചിമ ബംഗാളിലെ 11 സർക്കാർ സർവകലാശാലകളിൽ താത്കാലിക വൈസ് ചാൻസലർമാരെ നിയമിച്ച ചാൻസലർ കൂടിയായ ഗവർണർ ആനന്ദബോസ് കരുത്തയായ മുഖ്യമന്ത്രി മമതാ ബാർജിയെ ഞെട്ടിച്ചു.
താത്കാലിക വിസിമാരെ നിയമിച്ച സി.വി.ആനന്ദബോസിന്റെ ഉത്തരവ് നിയമവിരുദ്ധമല്ലെന്ന് കൊൽക്കത്ത ഹൈക്കോടതി വിധിച്ചതോടെ ബംഗാൾ രാജ്ഭവൻ വീണ്ടും ശ്രദ്ധാകേന്ദ്രമായി. ഇത്തരം നിയമനങ്ങൾ നടത്തുന്നതിന് മുമ്പ് ഉന്നത വിദ്യാഭ്യാസ വകുപ്പിൻെറ അഭിപ്രായം തേടാത്തതിനാൽ ഉത്തരവ് നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച റിട്ട്ഹർജിയാണ് ചീഫ് ജസ്റ്റിസ് ടി.എസ് ശിവജ്ഞാനവും ജസ്റ്റിസ് അജയകുമാർ ഗുപ്തയും ഉൾപ്പെട്ട ഡിവിഷൻ ബഞ്ച് തള്ളിയത്.ഹർജിയിലെ പൊതുതാൽപ്പര്യം എന്താണെന്ന് കോടതി ചോദിച്ചു.
നേരത്തെ ചാൻസലർ പാസാക്കിയ ഉത്തരവുകളോട് എതിർപ്പ് പ്രകടിപ്പിക്കാത്ത സർക്കാർ ഹർജിക്കാരൻ്റെ വാദത്തെ പൂർണമായും പിന്തുണക്കുക വഴി ഹർജിക്കാരന്റെ ഷൂസിലേക്ക് കാലെടുത്ത് വച്ചതായി കോടതി പറഞ്ഞു. ചാൻസലർ പ്രഖ്യാപിച്ച ഉത്തരവുകളെ പരോക്ഷമായി വെല്ലുവിളിക്കാനുള്ള ഉപകരണമായി ഹർജിക്കാരനെ ഉപയോഗിച്ചതായി ഹൈക്കോടതി പറഞ്ഞു.
ഏതാനും ആഴ്ചകൾക്ക് മുമ്പ് ഗവർണർ 11 സർവകലാശാലകളിൽ ഇടക്കാല വി സിമാരെ നിയമിച്ചിരുന്നു. നിയമനങ്ങളെ സർക്കാർ എതിർത്തു. വി.സിമാരോട് ചുമതലയേൽക്കരുതെന്നും ആവശ്യപ്പെട്ടു. അക്കാദമിക് വിദഗ്ദ്ധരെ വി.സിമാരാക്കിയാൽ ശമ്പളം ആരു നൽകുമെന്ന സർക്കാരിന്റെ ആശങ്കക്ക് അത് സർക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് ഗവർണർ മറുപടി നൽകിയിരുന്നു.
സിലിഗുരിയിലെ നോർത്ത് ബംഗാൾ സർവകലാശാലയിൽ 10 വൈസ് ചാൻസലർമാരുമായി ഗവർണർ കൂടിക്കാഴ്ച നടത്തി. സംസ്ഥാന സർക്കാരിന്റെ പിന്തുണയോടെ പശ്ചിമ ബംഗാളിനെ രാജ്യത്തെ വിദ്യാഭ്യാസ തലസ്ഥാനമാക്കാൻ സർവകലാശാലകൾ ശ്രമിക്കണമെന്ന് ഡോ.ആനന്ദബോസ് പറഞ്ഞു. ബംഗാളിലെ സർവകലാശാലകളെ രാജ്യത്തെ ഏറ്റവും മികച്ച വിദ്യാഭ്യാസ കേന്ദ്രമാക്കാനാണ് താൻ ശ്രമിക്കുന്നതെന്നും ഗവർണർ പറഞ്ഞു.
സിലിഗുരി നോർത്ത് ബംഗാൾ സർവകലാശാലയിലെത്തിയ ഗവർണറുടെ വാഹനവ്യൂഹം തൃണമൂൽ കോൺഗ്രസിന്റെ വിദ്യാർത്ഥി വിഭാഗമായ തൃണമൂൽ ഛത്ര പരിഷത്ത് പ്രവർത്തകർ കരിങ്കൊടി കാണിച്ചിരുന്നു. ജനാധിപത്യത്തിൽ പ്രതിഷേധിക്കാനുള്ള അവകാശത്തെ താൻ ചോദ്യം ചെയ്യുന്നില്ലെന്നും യോഗം കഴിഞ്ഞ് തീർച്ചയായും താൻ തിരികെ പോകും എന്നാണ് ഗവർണർ പുഞ്ചിരിയോടെ മറുപടി പറഞ്ഞത്.
അക്രമത്തോടും അഴിമതിയോടും സീറോ ടോളറൻസ് നയം ഗവർണർ പ്രഖ്യാപിച്ചു. ഇതിനായി റിട്ട. ചീഫ് ജസ്റ്റിസ് ചെയർമാനായ ഒരു കമ്മിറ്റി രൂപീകരിക്കുമെന്ന് ഗവർണർ വ്യക്തമാക്കിയതോടെ സർക്കാർ പ്രതിരോധത്തിലായി. എന്നാൽ രാജ്ഭവന്റെ ഇടപെടലുകൾക്ക് മാധ്യമങ്ങളുടെയും ജനങ്ങളുടെയും പിന്തുണ വർധിക്കുകയാണ്.