ഉത്തരേന്ത്യയിൽ പേമാരി; ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും 16 മരണം, ഡൽഹിയിൽ വ്യാപക വെള്ളക്കെട്ട്; 40 വർഷത്തിനിടയിലെ വലിയ മഴ

New Update

publive-image

Advertisment

ഡൽഹി: കനത്ത മഴയെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിലും ഉരുൾപെട്ടലിലും ഉത്തരേന്ത്യയിൽ വ്യാപക നാശനഷ്ടം. ഡൽഹി, രാജസ്ഥാൻ, ഹരിയാന, ഉത്തരാഖണ്ഡ്‌, ഉത്തർപ്രദേശ്‌, ഹിമാചൽപ്രദേശ്‌, ജമ്മു കശ്‌മീർ, പഞ്ചാബ് എന്നിവിടങ്ങളിൽ രണ്ടു ദിവസമായി കനത്തമഴ തുടരുകയാണ്‌. മഴക്കെടുതിയിൽ ഇന്ന് 16 പേരാണ് ഇതുവരെ മരണപ്പെട്ടത്.

ഡൽഹിയിൽ നാലു പതിറ്റാണ്ടിനിടയിലെ വലിയ മഴയാണ്‌ (153 എംഎം) 24 മണിക്കൂറിനുള്ളിൽ പെയ്‌തത്‌. മുമ്പ്‌ 1982 ജൂലൈയിലാണ്‌ ഒറ്റദിവസം ഇത്രയും ശക്തമായ മഴ പെയ്‌തത്‌. ഡല്‍ഹിയിലെ റോഡുകളിലെ വെള്ളക്കെട്ട്‌ കാരണം ഗതാഗതം സ്‌തംഭിച്ചു. മരങ്ങൾ വ്യാപകമായി കടപുഴകി. വൈദ്യുതി തടസ്സപ്പെട്ടു.

ഞായറാഴ്ച ഹിമാചലിൽ അഞ്ചു പേരും രാജസ്ഥാനിൽ നാലു പേരും ജമ്മു കശ്‌മീരിൽ പൂഞ്ചിലെ മിന്നൽപ്രളയത്തിൽ രണ്ടു സൈനികരും ഉത്തർപ്രദേശിൽ ആറുവയസ്സുകാരിയും അമ്മയും ഉത്തരാഖണ്ഡിൽ മുതിർന്ന ദമ്പതികളും ഡൽഹിയിൽ ഒരാളും മരിച്ചു. പൂഞ്ചിൽ ജലാശയം മുറിച്ചുകടക്കുന്നതിനിടെ ഉണ്ടായ മിന്നൽപ്രളയത്തിലാണ്‌ നായിബ്‌ സുബേദാർ കുൽദീപ്‌ സിങ്, ലാൻസ്‌ നായിക്‌ തേലുറാം എന്നിവർ മരിച്ചത്‌.

പതിമൂന്ന്‌ മണ്ണിടിച്ചിലും ഒമ്പത്‌ മിന്നൽ പ്രളയവുമാണ്‌ 36 മണിക്കൂറിനുള്ളിൽ ഹിമാചലിൽ ഉണ്ടായത്‌. രവി, ബിയാസ്‌, സത്‌ലജ്‌, ചെനാബ്‌ തുടങ്ങി നദികളെല്ലാം കരകവിഞ്ഞു. കുളുവിൽ ബിയാസ്‌ നദിയോട്‌ ചേർന്നുള്ള ദേശീയപാതയുടെ ഒരുഭാഗം ഒഴുകിപ്പോയി.

പല മേഖലകളെയും ബന്ധിപ്പിക്കുന്ന പാലങ്ങൾ തകർന്നതിനാൽ ടൂറിസ്റ്റുകൾ ഉൾപ്പെടെ ഇരുനൂറിലധികം പേർ കുടുങ്ങി. സംസ്ഥാനത്ത് മഴക്കെടുതി മരണം ആകെ 48 ആയി. 362 കോടിയുടെ നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്തു.

Advertisment