/sathyam/media/post_attachments/3cqLrwEA7mpMiumCvjTh.jpg)
ഛത്തീസ്ഗഢ്: ഛത്തീസ്ഗഢില്‍ റോഡരികിൽ നിർത്തിയിട്ടിരുന്ന ട്രക്കിന് പിന്നിൽ ബസ് ഇടിച്ച് മൂന്ന് മരണം. പരിക്കേറ്റവരില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്. ബെൽതാര ഗ്രാമത്തിന് സമീപമാണ് അപകടം.
40 ഓളം യാത്രക്കാരുമായി അംബികാപൂരിൽ നിന്ന് റായ്പൂരിലേക്ക് പോവുകയായിരുന്ന ബസ് റോഡരികിൽ നിർത്തിയിട്ടിരുന്ന ട്രക്കിൽ ഇടിക്കുകയായിരുന്നു. ഛത്തിസ്ഗഢിലെ ബിലാസ്പൂർ ജില്ലയിൽ ആണ് സംഭവം.
റായ്പൂരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പൊതു റാലിയിലേക്ക് ആളുകളെ കൊണ്ടുപോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. അപകടത്തില്‍ ആറ് പേർക്ക് പരിക്കേറ്റിട്ടുണ്ട്.
കനത്ത മഴയെത്തുടർന്ന് നിർത്തിയിട്ടിരുന്ന ട്രക്ക് ബസ് ഡ്രൈവർക്ക് വ്യക്തമായി കാണാൻ കഴിയാത്തതാണ് അപകടത്തിന് കാരണമായതെന്ന് ബിലാസ്പൂർ പൊലീസ് സൂപ്രണ്ട് സന്തോഷ് സിംഗ് പറഞ്ഞു.
സൂരജ്പൂർ ജില്ല സ്വദേശികളായ സാജൻ (30), രുക്ദേവ് (45), ബൽറാംപൂർ ജില്ലയിൽ താമസിക്കുന്ന ബസ് ഡ്രൈവർ അക്രം റാസ (28) എന്നിവരാണ് മരിച്ചത്. സൂരജ്പൂരിലെ ബിജെപിയുടെ ലട്ടോറി യൂണിറ്റ് മണ്ഡലം പ്രസിഡന്റായ ലിലു ഗുപ്ത, സൂരജ്പൂരിലെ പാർട്ടിയുടെ മണ്ഡൽ ജനറൽ സെക്രട്ടറി വിഷംഭർ യാദവ് എന്നിവരുടെ നില ഗുരുതരമാണെന്നും ഇവരെ ബിലാസ്പൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയതായും പൊലീസ് സൂപ്രണ്ട് വ്യക്തമാക്കി.
സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. അപകടത്തിൽ മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ ദുഃഖം രേഖപ്പെടുത്തുകയും മരിച്ചവരുടെ കുടുംബത്തിന് 4 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിക്കുകയും ചെയ്തു. റായ്പൂരിലെ സയൻസ് കോളജ് ഗ്രൗണ്ടിലാണ് പ്രധാനമന്ത്രിയുടെ റാലി നടക്കുന്നത്.