/sathyam/media/post_attachments/HmEnuyQM1e2UvPmFVWGI.jpg)
ഡൽഹി: ചന്ദ്രയാൻ 3-ന്റെ വിക്ഷേപണ തീയതി മാറ്റി നിശ്ചയിച്ചു. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, ജൂലൈ 14നാണ് ചന്ദ്രയാൻ 3 വിക്ഷേപിക്കുക. 14-ന് ഉച്ചയ്ക്ക് 2.30-നാണ് വിക്ഷേപണം.
നേരത്തെ ജൂലൈ 13-ന് വിക്ഷേപിക്കാനാണ് തീരുമാനിച്ചിരുന്നത്. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ പകൽസമയം കൂടുതൽ പ്രകാശമുള്ളപ്പോൾ പേടകം എത്തുന്നതിനായാണ് വിക്ഷേപണം മാറ്റി നിശ്ചയിച്ചത്.
റോക്കറ്റും അതിൽ ഘടിപ്പിച്ച ചന്ദ്രയാൻ 3 പേടകമായ പ്രൊപ്പൽഷൻ മൊഡ്യൂളും അതിലെ ലാൻഡറും, ലാൻഡറിനുള്ളിലെ റോവറും സതീഷ് ധവാൻ സ്പേസ്പോർട്ടിലേക്ക് ഇതിനോടകം മാറ്റിയിട്ടുണ്ട്.
ചന്ദ്രനിലെ ധാതു-ജലസാന്നിധ്യം, ചാന്ദ്ര ഭൂവിലെ ചലനങ്ങൾ, അന്തരീക്ഷം എന്നിവയുടെ വിവരങ്ങൾ ശേഖരിക്കാൻ നാസയുടെ ഉൾപ്പെടെയുള്ള ഉപകരണങ്ങളാണ് പേടകത്തിൽ ഘടിപ്പിച്ചിട്ടുള്ളത്.
ജൂലൈ 12 മുതൽ 14 വരെയാണ് വിക്ഷേപണ വിൻഡോയായി നിശ്ചയിച്ചിരുന്നത്. ഭൂമിയിലെ 15 ദിവസമാണ് ചന്ദ്രനിലെ ഒരു പകൽ. 15 ദിവസം രാത്രിയും ഉണ്ടാകും.
പകൽ സമയത്ത് ചന്ദ്രനിൽ പേടകം എത്തിയില്ലെങ്കിൽ പഠനങ്ങളെ ബാധിക്കാൻ സാധ്യതയുണ്ട്. ജൂലൈ 14ന് പേടകം പുറപ്പെട്ടാൽ ഓഗസ്റ്റ് 24ന് ഉച്ചയോടെ ചന്ദ്രനിൽ എത്തുമെന്നാണ് വിലയിരുത്തൽ.