/sathyam/media/post_attachments/thp1f9o081vdsV73WuQx.jpg)
അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ പരാർമശത്തിലുള്ള മാനനഷ്ടക്കേസിൽ രാഹുൽ ഗാന്ധിക്ക് ലഭിച്ച അയോഗ്യത തുടരും. അയോഗ്യത നീക്കണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി നൽകിയ അപ്പീൽ ഗുജറാത്ത് ഹൈക്കോടതി തള്ളി.
അപകീർത്തിക്കേസിൽ രാഹുൽ ഗാന്ധിക്ക് സൂറത്ത് ചീഫ് മജിസ്ട്രേട്ട് കോടതി രണ്ടു വർഷത്തെ തടവ് ശിക്ഷ വിധിച്ചിരുന്നു. തുടർന്ന് രാഹുൽ ഗാന്ധിയെ ലോക്സഭയിൽ നിന്ന് അയോഗ്യനാക്കിയിരുന്നു.
ശിക്ഷാ വിധി സ്റ്റേ ചെയ്യാത്ത സാഹചര്യത്തിൽ രാഹുലിന്റെ എംപി സ്ഥാനത്തിനുള്ള അയോഗ്യത തുടരുകയായിരുന്നു. ശിക്ഷാ വിധിക്കെതിരെ രാഹുൽ നൽകിയ അപ്പീലിൽ സൂറത്ത് സെഷൻസ് കോടതി നേരത്തേ ജാമ്യകാലാവധി നീട്ടി നൽകിയിരുന്നു.
അപകീർത്തിക്കേസിൽ സെഷൻസ് കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന രാഹുൽ ഗാന്ധിയുടെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. രാഹുൽ സ്ഥിരമായി തെറ്റ് ആവർത്തിക്കുന്നതായി കോടതി ചൂണ്ടിക്കാട്ടി.
രാഹുലിനെതിരെ സമാനമായ പരാതികൾ വേറെയുമുണ്ട്. പത്തോളം കേസുകളും നിലവിലുണ്ട്. ഈ കേസിൽ സൂറത്ത് കോടതിയുടെ വിധി ഉചിതമാണെന്നും ഇടപെടേണ്ടതില്ലെന്നും ഹൈക്കോടതി വിലയിരുത്തി.
ജസ്റ്റിസ് ഹേമന്ത് പ്രഛകാണ് വിധി പറഞ്ഞത്. സ്റ്റേ അനുവദിക്കാൻ വിസമ്മതിച്ചതോടെ രാഹുലിന്റെ അയോഗ്യത തുടരും. ഇതോടെ ഇനി സുപ്രീം കോടതിയെ സമീപിക്കുകയെന്നതാണ് രാഹുലിന് മുന്നിലുള്ള പോംവഴി.