/sathyam/media/post_attachments/f87xG7LzEhzKERN3uKi7.jpg)
ഡൽഹി: യമുനാ നദി കരകവിഞ്ഞൊഴുകുന്ന സാഹചര്യത്തിൽ ഡൽഹിയിൽ വെള്ളപ്പൊക്ക മുന്നറിയിപ്പ് നൽകി സർക്കാർ. നിലവിൽ, ഹത്നികുണ്ട് ബാരേജിൽ നിന്ന് ഹരിയാന ഒരു ലക്ഷം ക്യുസെക്സ് വെള്ളം യമുനാ നദിയിലേക്ക് തുറന്നുവിട്ടിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ജാഗ്രത നിർദ്ദേശം നൽകിയിരിക്കുന്നത്.
സാധാരണയായി ബാരേജിൽ നിന്നും 352 ക്യുസെക്സ് വെള്ളമാണ് ഒഴുകുന്നത്. എന്നാൽ, ഒരു ലക്ഷം ക്യുസെക്സ് വെള്ളം എത്തുന്നതോടെ നദികൾ കവിഞ്ഞൊഴുകിയേക്കും. അതേസമയം, ബാരേജിൽ നിന്നുള്ള വെള്ളം ഡൽഹിയിൽ എത്താൻ രണ്ടോ മൂന്നോ ദിവസം എടുക്കുന്നതാണ്.
അപകട സാധ്യതയുള്ള പ്രദേശങ്ങളിൽ ജാഗ്രത പാലിക്കാനും, ആവശ്യമായ നടപടികൾ സ്വീകരിക്കാനും സർക്കാർ അധികൃതർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. നിലവിൽ, വെള്ളപ്പൊക്ക സാധ്യത കണക്കിലെടുത്ത് സെൻട്രൽ കൺട്രോൾ റൂം ഉൾപ്പെടെ 16 കൺട്രോൾ റൂമുകളാണ് സ്ഥാപിച്ചിരിക്കുന്നത്.
കേന്ദ്ര ജല കമ്മീഷന്റെ നിരീക്ഷണ പോർട്ടലിലെ വിവരങ്ങൾ അനുസരിച്ച്, ചൊവ്വാഴ്ച രാവിലെ 11 മണിയോടെ ജലനിരപ്പ് 205.5 മീറ്ററായി ഉയരാൻ സാധ്യതയുണ്ട്. ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ കഴിഞ്ഞ രണ്ട് ദിവസമായി കനത്ത മഴയാണ് അനുഭവപ്പെടുന്നത്.