ഡൽഹി: അറബിക്കടലിൽ രൂപം കൊണ്ട ബിപോർജോയ് ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക് അടുത്തതോടെ അടിയന്തര യോഗം വിളിച്ചുചേർത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുന്ന പശ്ചാത്തലത്തിൽ സ്ഥിതിഗതികൾ വിലയിരുത്തുന്നതിന്റെ ഭാഗമായാണ് അടിയന്തര യോഗം വിളിച്ചു ചേർത്തിട്ടുള്ളത്. നിലവിൽ, ചുഴലിക്കാറ്റിന്റെ സാന്നിധ്യത്തെ തുടർന്ന് ഗുജറാത്തിൽ ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്.
ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ സംസ്ഥാന എമർജൻസി ഓപ്പറേഷൻ സെന്റർ സന്ദർശിച്ചിട്ടുണ്ട്. കൂടാതെ, വീഡിയോ കോൺഫറൻസിംഗ് മുഖാന്തരം ദുരിതബാധിത പ്രദേശത്തെ എല്ലാ ഉദ്യോഗസ്ഥരുമായും അദ്ദേഹം ചർച്ചകൾ നടത്തി. ചീഫ് സെക്രട്ടറി രാജ്കുമാർ, ഡിജിപി വികാസ് സഹായി, റിലീഫ് കമ്മീഷണർ അലോക് പാണ്ഡെ തുടങ്ങിയവരും, ഊർജ്ജം, റവന്യൂ, റോഡ് ബിൽഡിംഗ് എന്നീ വകുപ്പുകളിലെ മേധാവികളും യോഗത്തിൽ പങ്കെടുത്തു.
ഗുജറാത്തിലെ സൗരാഷ്ട്ര, കച്ച് തീരങ്ങളിൽ നേരത്തെ യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചതെങ്കിലും, മഴയുടെ തീവ്രത കണക്കിലെടുത്ത് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജൂൺ 15 വ്യാഴാഴ്ചയോടെയാണ് ബിപോർജോയ് ചുഴലിക്കാറ്റ് ഗുജറാത്തിന്റെ കര തൊടാൻ സാധ്യത. ചുഴലിക്കാറ്റ് ആദ്യമെത്തുന്ന തീരപ്രദേശങ്ങളിൽ ജാഗ്രതാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.