കേരളത്തിലേയ്ക്ക് മടങ്ങാൻ അനുമതിക്കണം ; മഅദനിയുടെ ഹര്‍ജി സുപ്രീം കോടതി അടുത്ത തിങ്കളാഴ്ച പരിഗണിക്കും

New Update

publive-image

Advertisment

ഡല്‍ഹി: കേരളത്തിലേക്ക് മടങ്ങാന്‍ അനുമതി തേടിയുള്ള അബ്ദുല്‍ നാസര്‍ മഅദനിയുടെ ഹര്‍ജി സുപ്രീം കോടതി ജൂലൈ 17ന് പരിഗണിക്കും. നാട്ടിലേക്ക് മടങ്ങാന്‍ അനുമതി വേണമെന്ന് മഅദനിയുടെ അഭിഭാഷകര്‍ കോടതിയില്‍ ഇന്നും ആവശ്യപ്പെട്ടു. മൂന്നു മാസത്തോളം കേരളത്തില്‍ കഴിയാന്‍ സുപ്രീം കോടതി ഇളവ് നല്‍കിയെങ്കിലും പിതാവിനെ കാണാന്‍ കഴിഞ്ഞില്ല.

മഅദനിക്ക് നാട്ടിലേക്ക് മടങ്ങാന്‍ കോടതി നല്‍കിയ അനുമതി നടപ്പാക്കാതെയിരിക്കാന്‍ വിചിത്രമായ നടപടികളാണ് കര്‍ണാടക സര്‍ക്കാര്‍ നടത്തിയതെന്ന് കപില്‍ സിബല്‍ സുപ്രീം കോടതിയില്‍ പറഞ്ഞു.

സുരക്ഷാ ചെലവിനായി കര്‍ണാടക സര്‍ക്കാര്‍ ആവശ്യപ്പെട്ടത് ഒരുകോടിയോളം രൂപയായിരുന്നു. തുക താങ്ങാന്‍ കഴിയാത്തതിനാല്‍ അവസാനം ഇക്കഴിഞ്ഞ 26 തീയതിയാണ് കേരളത്തിലേക്ക് പോയത്.

ഈ ദിവസങ്ങള്‍ ആശുപത്രിയില്‍ കഴിയേണ്ടി വന്നു. ജാമ്യവ്യവസ്ഥകള്‍ പാലിക്കേണ്ടതിനാല്‍ ആശുപത്രിയില്‍ നിന്നും നിര്‍ബന്ധപൂര്‍വ്വം ഡിസ്ചാര്‍ജ് വാങ്ങുകയായിരുന്നു. യാത്രമുടക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ വിചിത്രമായ നടപടികളാണ് സ്വീകരിച്ചതെന്ന് മഅദനിയ്ക്കായി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ കോടതിയെ അറിയിച്ചു.

കര്‍ണാടകയില്‍ ഭരണമാറ്റം ഉണ്ടായതിനാല്‍ പുതിയ അഭിഭാഷകനാണ് ഇന്ന് ഹാജരായത്. സര്‍ക്കാരിന്റെ നിലപാട് അറിയിക്കാനായി സമയം ചോദിച്ചതിനെ തുടര്‍ന്ന് ഹര്‍ജി അടുത്ത തിങ്കളാഴ്ചത്തേക്കു മാറ്റിയത്. മഅദനിയ്ക്കായി അഭിഭാഷകന്‍ ഹാരീസ് ബിരാനും ഹാജരായി.

നിലവില്‍ മഅദനിക്ക് ബെംഗളൂരുവില്‍ മാത്രമാണ് താമസിക്കാന്‍ അനുമതിയുള്ളത്. ഇതുമാറ്റി നാട്ടിലേക്ക് പോകാനുള്ള അനുമതിക്കാണ് സുപ്രീം കോടതിയില്‍ നേരത്തെ ഹര്‍ജി സമര്‍പ്പിച്ചിരുന്നത്. ഇക്കാര്യത്തില്‍ തിങ്കഴാഴ്ച്ച വാദം കേള്‍ക്കാമെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്.

വിഷയത്തില്‍ കര്‍ണാടക സര്‍ക്കാരിന്റെ ഭാഗം അറിയിക്കാനും കോടതി ആവശ്യപ്പെട്ടു. കര്‍ണാടക സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ വിഷയത്തില്‍ സമയം വേണമെന്ന് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് കേസ് തിങ്കളാഴ്ചയിലേക്ക് മാറ്റിയത്.

Advertisment