/sathyam/media/post_attachments/s4i7W2XwgDxY7sa1aDKu.jpg)
ഡൽഹി : ഒരു കാലത്ത് കേരളത്തിൽ കത്തിനിന്ന അന്യസംസ്ഥാന ലോട്ടറികളിലൂടെ ലോട്ടറി രാജാവ് എന്ന് പേരെടുത്ത സാന്റിയാഗോ മാർട്ടിൻ മുൻ ധനമന്ത്രി തോമസ് ഐസകിനെതിരേ നൽകിയ മാനനഷ്ടക്കേസ് വീണ്ടും വാർത്തകളിൽ നിറയുകയാണ്. 2019ൽ ധനമന്ത്രിയായിരിക്കെ ഐസക് നടത്തിയ പരാമർശത്തിനെതിരേയാണ് മാർട്ടിന്റെ കേസ്. സിക്കിം തലസ്ഥാനമായ ഗാങ്ടോക്ക് കോടതിയിലാണ് കേസ് ഫയൽ ചെയ്തത്. അതിനാൽ കേസിൽ ഹാജരാവാൻ ഐസക് സിക്കിമിൽ എത്തേണ്ടി വരും.
/sathyam/media/post_attachments/A07F1dk9gn2dcEuJpCai.jpg)
എഴുപത് വയസ് പിന്നിട്ട തനിക്ക് കേരളത്തിൽ നിന്ന് മൂവായിരത്തോളം കിലോമീറ്റർ അകലെയുള്ള ഗാങ്ടോക്കിലേക്ക് കേസ് നടത്താൻ പോകാൻ ശാരീരികമായി ബുദ്ധിമുട്ടുണ്ടെന്നു കാട്ടി കേസ് കേരളത്തിലേക്ക് മാറ്റാൻ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ് ഐസക്. തോമസ് ഐസകിന് അയച്ച വക്കീൽ നോട്ടീസിൽ 50 കോടി രൂപ മാനനഷ്ടമായി ആവശ്യപ്പെട്ടെങ്കിലും, ഗാങ്ടോക്ക് കോടതിയിൽ ഹർജി സമർപ്പിച്ചപ്പോൾ അഞ്ച് കോടിയാക്കി കുറയ്‌ക്കുകയായിരുന്നു. 2019ൽ ധനമന്ത്രിയായിരിക്കെ തോമസ് ഐസക് നടത്തിയ പരാമർശങ്ങൾ തനിക്ക് അപകീർത്തിയുണ്ടാക്കിയെന്ന് ആരോപിച്ചാണ് മാർട്ടിന്റെ കേസ്.
അതേസമയം, 2019ൽ താൻ മാർട്ടിനെതിരേ പരാമർശം നടത്തിയെന്നാണ് ആരോപണമെങ്കിലും മാർട്ടിൻ മാനനഷ്‌ടക്കേസ് ഫയൽ ചെയ്‌തത് 2023ലാണെന്നും പരാമർശങ്ങൾ പ്രസിദ്ധീകരിച്ച ദിനപത്രത്തെ എതിർകക്ഷിയാക്കിയില്ലെന്നും ഐസക് സുപ്രീംകോടതിയെ അറിയിച്ചു. ഇത്തരം കേസുകൾ സംഭവം നടന്ന് 2 വർഷത്തിനകമെങ്കിലും ഫയൽ ചെയ്യേണ്ടതായിരുന്നു. അതുണ്ടാകാത്തതിനാൽ കാലഹരണപ്പെട്ട ഹർജിയാണെന്നും ഐസക് ചൂണ്ടിക്കാട്ടുന്നു.
ഐസക് ധനമന്ത്രിയായിരിക്കെ നടത്തിയ പരാമർശത്തിന്റെ പേരിലാണ് കേസ് എന്നതിനാൽ കേസ് നടത്തുന്നത് സംസ്ഥാന സർക്കാരാണ്. അഡ്വ. ജി. പ്രകാശ് മുഖേനയാണ് ഐസക് സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചത്. കേസ് കേരളത്തിലേക്ക് മാറ്റണമെന്ന ഹർജിയിൽ കോടതി മറുപക്ഷത്തിന്റെ കൂടി വാദം കേട്ടശേഷം തീരുമാനമെടുക്കും.