ബാലസോര്‍ ട്രെയിൻ ദുരന്തം ; സിഗ്നല്‍ സംവിധാനത്തില്‍ പ്രശ്‌നം ; കോറമണ്ഡല്‍ എക്‌സ്പ്രസിന് അപകടം ഒഴിവാക്കാനുള്ള സമയം ലഭിച്ചില്ല

New Update

publive-image

ഡല്‍ഹി: ബാലസോര്‍ ട്രെയിന്‍ ദുരന്തത്തില്‍ സിഗ്നല്‍ സംവിധാനങ്ങളില്‍ പ്രശ്‌നമുണ്ടായിട്ടുണ്ടെന്ന് റെയില്‍വെയുടെ പ്രാഥമിക നിഗമനം. 'പ്രാഥമിക കണ്ടെത്തലുകള്‍ അനുസരിച്ച് സിഗ്നലിങിന് പ്രശ്‌നമുണ്ടായിരുന്നു. റെയില്‍വെ സേഫ്റ്റി കമ്മീഷണറുടെ സമ്പൂര്‍ണ റിപ്പോര്‍ട്ടിന് വേണ്ടി കാത്തിരിക്കുകയാണ്. കോറമണ്ഡല്‍ എക്‌സ്പ്രസ് മാത്രമാണ് പാളം തെറ്റിയത്.

Advertisment

അപകടം നടന്ന സമയത്ത് ട്രെയിനിന്റെ വേഗം 128 കിലോമീറ്റര്‍ ആയിരുന്നു'- റെയില്‍വെ ബോര്‍ഡ് അംഗം ജയ വര്‍മ സിന്‍ഹ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. ലൂപ് ലൈനില്‍ നിര്‍ത്തിയിട്ടിരുന്ന ഇരുമ്പയിര് കയറ്റിയ ഗുഡ്‌സ് ട്രെയിനിലാണ് കോറമണ്ഡല്‍ എക്‌സ്പ്രസ് വന്നിടിച്ചത്. ട്രെയിന്‍ അതിവേഗത്തില്‍ ആയിരുന്നതിനാല്‍ അപകടം ഒഴിവാക്കാന്‍ ആവശ്യമായ സമയം ലഭിച്ചില്ല.

കോറമണ്ഡല്‍ എക്‌സ്പ്രസിന്റെ കോച്ചുകള്‍ മൂന്നാമത്തെ പാളത്തിലേക്ക് തെറിച്ചു വീണു. ഇതാണ് അപകടത്തിന്റെ വ്യാപ്തി കൂടാന്‍ കാരണം. കോറമണ്ഡല്‍ എക്‌സപ്രസിന്റെ ബോഗികള്‍ യശ്വന്ത്പുര്‍ എക്‌സ്പ്രസിന്റെ അവസാനത്തെ രണ്ട് ബോഗികളിലാണ് ഇടിച്ചത്. ഈ സമയം യശ്വന്ത്പുര്‍ എക്‌സ്പ്രസിന്റെ വേഗന 126 കിലോമീറ്റര്‍ ആയിരുന്നു.- ജയ വ്യക്തമാക്കി.

അതേസമയം, ബാലസോര്‍ ട്രെയിന്‍ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 275 ആണെന്ന് ഒഡീഷ സര്‍ക്കാര്‍ വ്യക്തമാക്കി. ചില മാധ്യമങ്ങള്‍ മരണസംഖ്യ 288 ആണെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്നും ഇത് ശരിയല്ലെന്നും ഒഡീഷ ചീഫ് സെക്രട്ടറി പ്രദീപ് ജെന പറഞ്ഞു. ചില മൃതദേഹങ്ങള്‍ രണ്ടുതവണ എണ്ണിയിട്ടുണ്ടെന്നും ഇതാണ് ആശയക്കുഴപ്പം സൃഷ്ടിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.മരിച്ചവരില്‍ 88 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്.

1,175പേരെയാണ് പരിക്കേറ്റ് വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്. ഇതില്‍ 793 പേരെ ഡിസ്ചാര്‍ജ് ചെയ്തു. മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ ഡിഎന്‍എ പരിശോധന നടത്തുന്നുണ്ട്. നിരവധി മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ സാധിക്കാത്ത നിലയിലാണെന്നും അദ്ദേഹം വ്യക്തമാക്കി.

Advertisment