/sathyam/media/post_attachments/6jZ2O7uEbf2cCND38zkb.jpg)
ഡല്‍ഹി: രാഷ്ട്രത്തിന് ഏതെങ്കിലും ഒരു മതത്തോട് മാത്രമായി കൂറ് പാടില്ലെന്നാണ് ഭരണഘടന അനുശാസിക്കുന്നതെന്ന് സുപ്രിംകോടതി ജഡ്ജി ബി.വി നാഗരത്ന. രാജ്യത്തെ ഭൂരിപക്ഷ മതത്തിന് പ്രത്യേകമായ മുൻഗണന നല്‍കരുതെന്ന് ഭരണഘടന അനുശാസിക്കുന്നുണ്ടെന്നും ജസ്റ്റിസ് നാഗരത്ന പറഞ്ഞു. 'കോണ്‍സ്റ്റിറ്റ്യൂഷണല്‍ ഐഡിയല്‍സ്' എന്ന പുസ്തകത്തിന്‍റെ പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു ജസ്റ്റിസ് നാഗരത്ന.
ഇന്ത്യൻ ഭരണഘടന പ്രകാരം മതേതരത്വം എന്നത് കൊണ്ട് അര്‍ഥമാക്കുന്നത് രാഷ്ട്രത്തിന് ഒരു മതത്തോട് മാത്രമായി പ്രതിപത്തിയില്ല എന്നാണെന്ന് ജസ്റ്റിസ് നാഗരത്ന പറഞ്ഞു. രാഷ്ട്രം എല്ലാ മതങ്ങളെയും ഒരുപോലെ ബഹുമാനിക്കുന്നു. മതത്തിനും ജാതിക്കുമതീതമായ രാജ്യമാണ് ഈ രാജ്യം സ്ഥാപിച്ചവരുടെ കാഴ്ചപ്പാടിലുണ്ടായിരുന്നത്.
നീതി, സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ വശങ്ങളെ അടിസ്ഥാനമാക്കി ഒരു പുതിയ സാമൂഹിക ക്രമം കൊണ്ടുവരാനാണ് അവര്‍ ലക്ഷ്യമിട്ടത്. ഭൂരിപക്ഷ മതത്തിന് മുൻഗണനാ പരിഗണന ലഭിക്കാത്ത, ന്യൂനപക്ഷങ്ങളുടെ മതപരമായ അവകാശങ്ങൾ ഉയർത്തിപ്പിടിക്കുന്ന മതേതരക്രമമാണ് ഭരണഘടന അനുശാസിക്കുന്നതെന്നും ജസ്റ്റിസ് നാഗരത്ന പറഞ്ഞു.
ആദർശപരമായ പൗരത്വം കൈവരിക്കുക എന്നതാണ് അടിസ്ഥാന കടമകളുടെ സത്ത. ഇത് പൗരന് രാഷ്ട്രത്തോടുള്ള കടമ മാത്രമല്ല. ഒരു പൗരന് മറ്റൊരു പൗരനോടുള്ള കടമയുമാണ്. ഇന്ത്യൻ ഭരണഘടനയുടെ മൂല്യങ്ങളെ നമ്മള്‍ വിലമതിക്കുകയും പ്രാവർത്തികമാക്കുകയും വേണം. പക്ഷെ വര്‍ഷങ്ങള്‍ കടന്നുപോകുമ്പോൾ കൈക്കൂലി, അഴിമതി, അനധികൃത സ്വത്ത് എന്നിവ ഇന്ത്യൻ സമൂഹത്തിൽ വേരൂന്നിയ ദിനചര്യയായി മാറിയിരിക്കുന്നു.
ചില വ്യക്തികളുടെ, പ്രത്യേകിച്ച് പൊതുജീവിതം നയിക്കുന്നവരുടെ അനധികൃത സ്വത്ത് സമ്പാദനം നമ്മുടെ സമൂഹത്തിൽ കളങ്കമായി കണക്കാക്കപ്പെടുന്നില്ല. കൈക്കൂലി വാങ്ങുന്ന ഉദ്യോഗസ്ഥരെ കുടുംബാംഗങ്ങൾ ഒരിക്കലും എതിർക്കാത്തത് എന്തുകൊണ്ടാണെന്നും ജസ്റ്റിസ് നാഗരത്ന ചോദിച്ചു.
ഭരണഘടനയുടെ ആമുഖത്തിൽ വിഭാവനം ചെയ്ത നാല് ആദർശങ്ങളിൽ ഏറ്റവും കുറച്ച് സമൂഹം മനസ്സിലാക്കിയത് സാഹോദര്യമാണെന്നും ജസ്റ്റിസ് നാഗരത്ന പറഞ്ഞു. മതപരവും ഭാഷാപരവും ഉള്‍പ്പെടെയുള്ള വ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും ജനാധിപത്യ മൂല്യങ്ങൾ ആഴത്തില്‍ വേരൂന്നാന്‍ സാഹോദര്യം സഹായിക്കുമെന്ന് പറഞ്ഞാണ് ജസ്റ്റിസ് നാഗരത്ന പ്രഭാഷണം അവസാനിപ്പിച്ചത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us