/sathyam/media/post_attachments/FP994V6eobNPyY3ls4KF.jpg)
ന്യൂഡൽഹി: റോമില്‍ നടക്കാനിരിക്കുന്ന രാജ്യാന്തര സമാധാന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് അനുമതിയില്ല. മുഖ്യമന്ത്രി തലത്തില്‍ പങ്കെടുക്കേണ്ട പരിപാടിയല്ലെന്നു വ്യക്തമാക്കിയാണ് കേന്ദ്ര വിദേശകാര്യമന്ത്രാലയം അനുമതി നിഷേധിച്ചത്.
ജര്‍മന്‍ മുന്‍ ചാന്‍സലര്‍ ആഞ്ജല മെര്‍ക്കല്‍, പോപ് ഫ്രാന്‍സിസ്, ഇറ്റാലിയന്‍ പ്രധാനമന്ത്രി മാരിയോ ദരാഗി എന്നിവരാണ് പരിപാടിയില്‍ പങ്കെടുക്കുന്ന മറ്റുള്ളവര്‍. ലോകസമാധാനത്തില്‍ മദര്‍ തെരേസയുടെ സംഭാവനയെ അധികരിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്.
മമതാ ബാനര്‍ജിയോട് പ്രതിനിധികളുമായി വരരുതെന്ന് ഇറ്റാലിയന്‍ സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചിരുന്നു. തുടര്‍ന്നാണ് അവര്‍ വിദേശകാര്യ മന്ത്രാലയത്തോട് അനുമതി തേടിയത്. കേന്ദ്ര സര്‍ക്കാര്‍ നടപടിയെ തൃണമൂല്‍ കോണ്‍ഗ്രസ് വിമര്‍ശിച്ചു. സന്ദര്‍ശനം വിലക്കുന്നത് എന്തിനെന്നും ബംഗാളുമായി എന്താണ് പ്രശ്നമെന്നും പ്രധാനമന്ത്രി വ്യക്തമാക്കണമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
മമതയുടെ ചൈന സന്ദർശനം നേരത്തേ തടഞ്ഞ കേന്ദ്രം ഇപ്പോൾ ഇറ്റലി യാത്രയും മുടക്കിയെന്നു തൃണമൂൽ കോൺഗ്രസ് വക്താവ് ദേബാങ്ഷു ഭട്ടാചാര്യ ദേവ് ട്വിറ്ററിൽ കുറിച്ചു.