മുന്‍ മാനേജരെ കൊലപ്പെടുത്തിയ കേസില്‍ ഗുര്‍മീത് റാം റഹീമിന് ജീവപര്യന്തം തടവ് ശിക്ഷ

New Update

publive-image

Advertisment

ചണ്ഡീഗഢ്: മുന്‍ മാനേജറെ കൊലപ്പെടുത്തിയ കേസില്‍ ദേരാ സച്ഛാ തലവന്‍ ഗുര്‍മീത് റാം റഹീം സിങ് ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് ജീവപര്യന്തം തടവ്. പഞ്ച്കുളയിലെ പ്രത്യേക സി.ബി.ഐ. കോടതിയാണ് ഗുര്‍മീത് അടക്കമുള്ള പ്രതികളെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. ജസ്ബിര്‍ സിങ്, സബ്ദില്‍ സിങ്, കൃഷ്ണന്‍ ലാല്‍, ഇന്ദേര്‍ സെയിന്‍ എന്നിവരാണ് ശിക്ഷിക്കപ്പെട്ട മറ്റുപ്രതികള്‍.

തടവ് ശിക്ഷയ്ക്കു പുറമേ ഗുർമീതിന് 31 ലക്ഷം രൂപ പിഴയും വിധിച്ചു. മറ്റ് പ്രതികൾക്ക് 50,000 രൂപ വീതവും പിഴ വിധിച്ചു. വിചാരണക്കിടെ ആറാം പ്രതി കഴിഞ്ഞ വര്‍ഷം മരിച്ചിരുന്നു. ഗുര്‍മീത് സ്ത്രീകളെ ചൂഷണം ചെയ്യുന്ന രീതികളെ കുറിച്ച് നേരത്തെ ഒരു കത്ത് പ്രചരിച്ചിരുന്നു. ഇതിന് പിന്നില്‍ രഞ്ജിത് ആണെന്ന് സംശയമുണ്ടായിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇയാളെ ഗുര്‍മീതും കൂട്ടാളികളും കൊലപ്പെടുത്തിയത്.

2002 ജൂലായ് രണ്ടിനാണ് ഹരിയാണയിലെ കുരുക്ഷേത്രയില്‍വെച്ച് രഞ്ജിത് സിങ് വെടിയേറ്റ് കൊല്ലപ്പെട്ടത്. 2003-ല്‍ കേസില്‍ സി.ബി.ഐ. അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു. തുടര്‍ന്ന് സി.ബി.ഐ. അന്വേഷണം നടത്തി 2007-ല്‍ പ്രതികള്‍ക്കെതിരേ കുറ്റപത്രം സമര്‍പ്പിച്ചു.

തന്റെ ഭക്തരായ രണ്ട് യുവതികളെ പീഡിപ്പിച്ച കേസില്‍ ഇരുപത് വര്‍ഷത്തെ തടവ് വിധിക്കപ്പെട്ട് 2017 മുതല്‍ ഗുര്‍മീത് റാം റഹീം റോഹ്താങ്കിലെ സുനാരിയ ജയില്‍ തടവിലാണ്. മാധ്യമപ്രവര്‍ത്തകനായ രാംചന്ദര്‍ ഛത്രപതിയെയും ഗുര്‍മീതും സംഘവും കൊലപ്പെടുത്തിയിരുന്നു. മാധ്യമപ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ ജീവപര്യന്തം തടവിനാണ് ഗുര്‍മീത് ശിക്ഷിക്കപ്പെട്ടത്.

2002 നവംബര്‍ രണ്ടിനാണ് മാധ്യമപ്രവര്‍ത്തകൻ ഛത്രപതിക്കെതിരെ ​ഗുർമീത് വെടിയുതിർത്തത്. സിർസയിലെ ദേരാ സച്ചാ ആസ്ഥാനത്ത് ഗുർമീത് എങ്ങനെയാണ് സ്ത്രീകളെ ലൈം​ഗീകമായി ചൂഷണം ചെയ്യുന്നതെന്ന് പൂരാ സച്ച് എന്ന തന്‍റെ പത്രത്തിലൂടെ ഛത്രപതി വെളിപ്പെടുത്തിയിരുന്നു. ഇതിനെതുടർന്നാണ് ഛത്രപതിയെ ​ഗുർമീത് വെടിവച്ചത്.

Advertisment