Advertisment

പ്രണയവും ചരിത്രബോധവും ഒരുമിച്ചപ്പോള്‍ ഭാര്യയ്ക്കായി താജ്മഹലിന്റെ പകര്‍പ്പ് നിര്‍മ്മിച്ചു നല്‍കി മധ്യപ്രദേശിലെ വ്യവസായി; ഷാജഹാന്‍ താജ്മഹലൊരുക്കിയത് മുംതാസിന്റെ മരണശേഷമെങ്കില്‍, ആനന്ദ് പ്രകാശ് ചൗക്‌സി അതിന്റെ പകര്‍പ്പൊരുക്കിയത് ജീവിച്ചിരിക്കുന്ന ഭാര്യയുടെ സന്തോഷം കാണാന്‍

author-image
ജൂലി
New Update

publive-image

Advertisment

പ്രണയ സമ്മാനമായി തന്റെ ഭാര്യയ്ക്ക് താജ്മഹലിന്റെ പകര്‍പ്പ് നിര്‍മ്മിച്ചു നല്‍കി മധ്യപ്രദേശില്‍ നിന്നുള്ള ഒരു ഭര്‍ത്താവ്. ഷാജഹാന്‍ മുംതാസിനായി പ്രണയകുടീരമൊരുക്കിയത് മുംതാസിന്റെ മരണശേഷമായിരുന്നുവെങ്കില്‍ ഇവിടെ മധ്യപ്രദേശിലെ ബിസിനസ്സുകാരനായ ആനന്ദ് പ്രകാശ് ചൗക്സി തന്റെ സ്‌നേഹസൗധമരുക്കിയിരിക്കുന്നത് ഭാര്യ ജീവിച്ചിരിക്കുമ്പോള്‍ തന്നെയാണ്.

പതിനേഴാം നൂറ്റാണ്ടില്‍ തന്റെ പ്രിയപ്പെട്ട ഭാര്യ മുംതാസിന്റെ വേര്‍പാടില്‍ ഹൃദയം നൊന്താണ് മുഗള്‍ ചക്രവര്‍ത്തിയായ ഷാജഹാന്‍ സ്‌നേഹ സ്മാരകമായി താജ്മഹല്‍ നിര്‍മ്മിച്ചത്. ഇവിടെ ആനന്ദ് പ്രകാശ് ചൗക്സിയുടെ പ്രിയപ്പെട്ടയാള്‍ ജീവിച്ചിരിപ്പുണ്ട്. എന്നാല്‍ തന്റെ സ്‌നേഹമറിയിക്കാന്‍ പ്രീയ പത്‌നിക്കായി ഒരു സ്‌നേഹസൗധം നിര്‍മ്മിക്കുകയായിരുന്നു ചൗക്‌സി. അതിന് ലോകത്തിലെ സ്‌നേഹസ്മാരകത്തിന്റെ പകര്‍പ്പ് തന്നെ തിരഞ്ഞെടുത്തു.

publive-image

യഥാര്‍ത്ഥ താജ്മഹലിന്റെ മൂന്നിലൊന്ന് വലുപ്പത്തിലാണ് ചൗക്‌സി തന്റെ താജ്മഹല്‍ പതിപ്പ് നിര്‍മ്മിച്ചിരിക്കുന്നത്. 'എന്റെ ഭാര്യയുടെ ഒരേയൊരു ആവശ്യം ധ്യാനമുറിയായിരുന്നു. അവള്‍ ആത്മീയ കാര്യങ്ങളില്‍ കൂടുതല്‍ തല്‍പരയാണെന്ന് പറയുന്നു 52 കാരനായ വ്യവസായി ആനന്ദ് പ്രകാശ് ചൗക്‌സി. താനൊരുക്കിയ താജ്മഹല്‍ പതിപ്പിന്റെ താഴികക്കുടം വ്യത്യസ്തമായ അന്തരീക്ഷം സൃഷ്ടിക്കുന്നുവെന്നും ധാരാളം പോസിറ്റീവ് എനര്‍ജി ഉണ്ടെന്നും അവള്‍ പറയുമെന്നും അദ്ദേഹം പറഞ്ഞു.

'കാലത്തിന്റെ കവിളിലെ കണ്ണുനീര്‍ തുള്ളി' എന്ന് എഴുത്തുകാരന്‍ രവീന്ദ്രനാഥ് ടാഗോര്‍ യഥാര്‍ത്ഥ താജ്മഹലിനെ വിശോഷിപ്പിച്ചത്. എന്നാല്‍ പ്രണയവും ചരിത്രബോധവും ഒരുമിച്ചു ചേര്‍ന്നപ്പോള്‍ പിറവികൊണ്ട ഈ പുതിയ താജ്മഹലില്‍ കണ്ണുനീരിനിടമില്ല. ഷാജഹാന്റെ താജ്മഹല്‍ ഡല്‍ഹിക്ക് തെക്ക് ആഗ്രയിലാണ്. ചൗക്‌സിയുടെ പുതിയ പകര്‍പ്പ് 800 കിലോമീറ്റര്‍ (500 മൈല്‍) അകലെ ബുര്‍ഹാന്‍പൂരിലാണ്.

publive-image

ചൗക്സിയുടെ കഥയില്‍ ദുരന്തങ്ങളൊന്നുമില്ല, പുതിയ വീട് പണിയാന്‍ അദ്ദേഹത്തിന് മൂന്ന് വര്‍ഷമെടുത്തു. മക്രാനയില്‍ നിന്നുള്ള മാര്‍ബിള്‍ തന്നെയാണ് താജ്മഹല്‍ പകര്‍പ്പ് പണിയാനും ഉപയോഗിച്ചിരിക്കുന്നത്. നിര്‍മ്മാണത്തിന് 15 ദശലക്ഷം രൂപ (200,000 ഡോളര്‍) ചിലവായി. പ്രധാന താഴികക്കുടത്തിന് മുകളില്‍ ഒരു ഇന്ത്യന്‍ പതാക സ്ഥാപിക്കാനും ചുറ്റുമുള്ള നാല് മിനാരങ്ങളില്‍ ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ മതങ്ങളില്‍ നിന്നുള്ള ചിഹ്നങ്ങള്‍ ചേര്‍ക്കാനും ചൗക്സി പദ്ധതിയിടുന്നു.

സമാധാനത്തിന്റെയും മതസൗഹാര്‍ദ്ദത്തിന്റെയും സന്ദേശം പ്രചരിപ്പിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. സ്‌നേഹം വിദ്വേഷമകറ്റി ജീവിതത്തിലെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കുന്നു, താജ്മഹല്‍ അതിന്റെ പ്രതീകമാണ്.' ചൗക്‌സി പറയുന്നു.

Advertisment