Advertisment

രോഹിതാഷ് ബോര്‍ഡര്‍ ഔട്ട്‌പോസ്റ്റ് സന്ദര്‍ശിച്ച് അമിത് ഷാ; ജവാന്‍മാര്‍ക്കുള്ള ക്ഷേമ പദ്ധതി വിപുലീകരിക്കുമെന്ന് പ്രഖ്യാപനം; ഷായുടെ രാജസ്ഥാന്‍ സന്ദര്‍ശനം സംസ്ഥാന ബിജെപിയിലെ ചേരിപ്പോര് ശക്തിപ്പെടുന്നതിനിടെ

New Update

publive-image

Advertisment

ജയ്‌സാല്‍മീര്‍: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാജസ്ഥാനിലെ ജയ്‌സാൽമീറിലെ രോഹിതാഷ് ഇന്ത്യ-പാകിസ്ഥാൻ അതിർത്തി ഔട്ട്‌പോസ്റ്റ് സന്ദർശിച്ചു. ബിഎസ്എഫ് ഉദ്യോഗസ്ഥരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. മേഖലയില്‍ ബിഎസ്എഫ് നടത്തുന്ന രാത്രികാല പട്രോളിംഗ് അമിത് ഷാ നിരീക്ഷിക്കും.

രാജ്യത്തിന്റെ അതിര്‍ത്തി കാക്കുന്ന സൈനികരില്‍ തങ്ങള്‍ക്ക് വിശ്വാസമുണ്ടെന്നും, ഇന്ത്യയിലെ 130 കോടി ജനങ്ങള്‍ക്കും സമാധാനമായി ഉറങ്ങാന്‍ കഴിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആയുഷ്മാൻ ഭാരത് പദ്ധതി സിഎപിഎഫിലേക്ക് നീട്ടുമെന്നും അമിത് ഷാ പ്രഖ്യാപിച്ചു.

"എല്ലാ സിഎപിഎഫ് ജവാൻമാർക്കും അവരുടെ കുടുംബങ്ങൾക്കും പ്രത്യേക ആയുഷ്മാൻ കാർഡ് നൽകുമെന്ന് രാജ്യത്തിന്റെ പ്രധാനമന്ത്രി നരേന്ദ്ര മോദി വലിയ തീരുമാനമെടുത്തിട്ടുണ്ട്. അതുവഴി അവർക്കും അവരുടെ കുടുംബത്തിനും ആശുപത്രികളിൽ ചികിത്സ ലഭിക്കും," അദ്ദേഹം പറഞ്ഞു. ബിഎസ്എഫ് ജവാന്‍മാര്‍ക്കൊപ്പം ആഭ്യന്തരമന്ത്രി അത്താഴം കഴിച്ചു.

രാജസ്ഥാൻ ബിജെപിയിലെ ചേരിപ്പോരിനിടെ ഷായുടെ സന്ദർശനം?

ബിജെപി സംസ്ഥാന ഘടകത്തിലെ വിഭാഗീയത വലിയ വാർത്തയാകുന്നതിനിടെയാണ് ആഭ്യന്തരമന്ത്രിയുടെ രാജസ്ഥാൻ സന്ദർശനം. മുൻ മുഖ്യമന്ത്രി വസുന്ധര രാജെയും ബിജെപി രാജസ്ഥാൻ അധ്യക്ഷൻ സതീഷ് പുനിയയും തമ്മിൽ തര്‍ക്കമുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ഞായറാഴ്ച ഷാ ജയ്പൂർ സന്ദർശിച്ച് പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യും. രാജെയും പുനിയയും തമ്മിലുള്ള അഭിപ്രായവ്യത്യാസം പരിഹരിക്കാന്‍ ഷായുടെ ഭാഗത്തുനിന്ന് ഇടപെടലുണ്ടാകുമെന്നാണ് വിവരം.

Advertisment