/sathyam/media/post_attachments/vxL2O6sKk3PEgIBPuLyK.jpg)
ഭോപ്പാല്‍: മധ്യപ്രദേശിലെ പെഞ്ച് കടുവാ സങ്കേതത്തിലെ അമ്മക്കടുവ ‘കോളർവാലി’യ്ക്ക് അന്ത്യാജ്ഞലി നേര്‍ന്ന് വനം വകുപ്പും നാട്ടുകാരും. 17 വയസ്സായിരുന്നു കടുവയുടെ പ്രായം. 17 വയസ്സിനിടെ 29 കുഞ്ഞുങ്ങള്‍ക്കാണ് കോളർവാലി (ടി15) ജന്മം നല്‍കിയത്.
കഴിഞ്ഞ 11 വർഷത്തിനിടയിലാണ് ടി15 എന്നറിയപ്പെടുന്ന കടുവ 29 കുട്ടികൾക്ക് ജൻമം നൽകിയത്. എന്നാല്‍ പ്രദേശവാസികള്‍ക്ക് അവള്‍ 'മാതര'മായിരുന്നു. അമ്മ കടുവയുടെ സംസ്‌കാര ചടങ്ങുകൾ മധ്യപ്രദേശ് വനംവകുപ്പിന് കീഴിലുള്ള പെഞ്ച് ടൈഗർ റിസർവിന്‍റെ ട്വിറ്ററിലൂടെ പങ്കുവച്ചു.
കർമാഝിരി വനപരിധിയിൽ ശനിയാഴ്ച വൈകുന്നേരം 6.15ഓടെയാണ് കോളർവാലി മരണപ്പെട്ടതെന്ന് പെഞ്ച് കടുവാ സങ്കേതം വ്യക്തമാക്കി. പ്രായാധിക്യമാണ് മരണകാരണമെന്ന് അധികൃതർ വ്യക്തമാക്കി. ഒരു കടുവയുടെ ശരാശരി പ്രായം 12 വരെയാണ് എന്നാണ് വിദഗ്ധര്‍ പറയുന്നത്.
നിരവധി പേരാണ് സാമൂഹികമാധ്യമങ്ങളിലൂടെ അമ്മക്കടുവയുടെ വിയോഗത്തിലുള്ള വേദന പങ്കുവച്ചത്. പെഞ്ച് കടുവാ സങ്കേതം സന്ദർശിക്കുന്നവർക്കെല്ലാം കോളർവാലി എന്ന കടുവ സുപരിചിതയായിരുന്നു. പൂമാലകൾക്കൊണ്ടലങ്കരിച്ച് ചിതയൊരുക്കിയായിരുന്നു സംസ്ക്കാരം.