ഉത്തരാഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പ് ; ആദ്യ ഘട്ട സ്ഥാനാർഥിപ്പട്ടിക പുറത്തിറക്കി കോൺഗ്രസ്

New Update

publive-image

ഉത്തരാഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള ആദ്യ ഘട്ട സ്ഥാനാർഥിപ്പട്ടിക പുറത്തിറക്കി കോൺഗ്രസ്. ആകെയുള്ള 70 സീറ്റുകളിൽ 53 സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെയാണ് പ്രഖ്യാപിച്ചത്. ഫെബ്രുവരി 14നാണ് ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പ് നടക്കുക. മാർച്ച് 10ന് വോട്ടെണ്ണൽ നടക്കും.

Advertisment

ഉത്തരാഖണ്ഡ് കോൺഗ്രസ് അധ്യക്ഷൻ ഗണേഷ് ഗോഡിയാൽ ശ്രീനഗറിൽ നിന്ന് മത്സരിക്കും. കഴിഞ്ഞ ഒക്ടോബറിൽ ബിജെപിയിൽ നിന്ന് കോൺഗ്രസിലെത്തിയ യശ്പാൽ ആര്യയും മകൻ സഞ്ജീവ് ആര്യയും യഥാക്രമം ബാജ്‌പൂർ, നൈനിറ്റാൾ മണ്ഡലങ്ങളിൽ നിന്ന് ജനവിധി തേടും.

59 മണ്ഡലങ്ങളിലേക്കുള്ള ബിജെപി സ്ഥാനാർഥികളെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി സിറ്റിങ് സീറ്റായ ഖട്ടിമ നിന്ന് തന്നെ ജനവിധി തേടും. ബിജെപി സംസ്ഥാന അധ്യക്ഷൻ മദൻ കൗശിക് ഹരിദ്വാർ മണ്ഡലത്തിൽ നിന്ന് മത്സരിക്കും. കോൺഗ്രസ് പുറത്താക്കിയതിന് പിന്നാലെ ബിജെപിയിലേക്ക് ചേക്കേറിയ സരിത ആര്യയാണ് നൈനിറ്റാൽ മണ്ഡലത്തിലെ സ്ഥാനാർത്ഥി.

ആദ്യഘട്ട സ്ഥാനാർഥി പട്ടികയിൽ 18 പേർ പുതുമുഖങ്ങളും, ആറു പേർ വനിതകളുമാണ്. ശേഷിക്കുന്ന 11 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥികൾക്കായി അവസാനഘട്ട ചർച്ചയിലാണ് ബിജെപി.

അതേസമയം, സംസ്ഥാനത്തെ മാറിയ രാഷ്ട്രീയ സാഹചര്യങ്ങൾ കണക്കിലെടുത്ത് മത്സരിക്കാനില്ലെന്ന്‌ ഉത്തരാഖണ്ഡ്‌ മുൻ മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത് ബിജെപി കേന്ദ്ര നേതൃത്വത്തെ അറിയിച്ചു. പ്രചാരണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ്‌ താൽപ്പര്യമെന്ന് വ്യക്തമാക്കി അധ്യക്ഷൻ ജെ പി നഡ്ഡയ്‌ക്ക്‌ കത്തയച്ചു. “സംസ്ഥാനത്ത് കാവൽ മാറ്റമുണ്ട്. പുഷ്‌കർ സിംഗ് ധാമിയിലൂടെ ഒരു യുവ നേതാവിനെ ലഭിച്ചു. മാറിയ രാഷ്ട്രീയ സാഹചര്യത്തിൽ, 2022 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടതില്ലെന്ന് കരുതുന്നു. എന്റെ വികാരങ്ങൾ ഞാൻ പാർട്ടിയെ നേരത്തെ അറിയിച്ചിരുന്നു. “- ത്രിവേന്ദ്ര സിംഗ് റാവത്ത് പറഞ്ഞു.

Advertisment