/sathyam/media/post_attachments/MeVOjIavxqRKtnMKhOny.jpg)
ജയ്പുര്‍: ഭര്‍തൃമാതാവില്‍ നിന്നും ഉപദ്രവം നേരിടേണ്ടിവരുന്ന മരുമക്കളെ കുറിച്ച് നിരവധി വാര്‍ത്തകള്‍ പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ ഇതില്‍ നിന്നും ഏറെ വ്യത്യസ്തമായ ഒരു വാര്‍ത്തയാണ് രാജസ്ഥാനില്‍ നിന്നും പുറത്തുവരുന്നത്. വിധവയായെ മരുമകളെ പഠിപ്പിച്ച് ഉദ്യോഗസ്ഥയാക്കി ഇവിടെ ഒരു ഭര്‍തൃമാതാവ്. അവിടെയും കൊണ്ടും തീര്‍ന്നില്ല, മരുമകളെ സ്വന്തം മകളെ പോലെ സ്‌നേഹിച്ച ഈ അമ്മ വീണ്ടും വിവാഹം കഴിപ്പിക്കുകയും ചെയ്തു.
രാജസ്ഥാനിലെ സികാറിലാണ് സംഭവം നടന്നത്. സ്‌കൂള്‍ അധ്യാപികയായ കമലാ ദേവിയാണ് വാര്‍ത്തകളില്‍ നിറയുന്നത്. 2016-ലാണ് ഇവരുടെ ഇളയമകന്‍ ശുഭം സുനിതയെ വിവാഹം കഴിക്കുന്നത്. തുടര്‍ന്ന് എംബിബിഎസ് പഠനത്തിനായി കിര്‍ഗിസ്ഥാനിലേക്ക് പോയ ശുഭം ആ വര്‍ഷം നവംബറില്‍ മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് മരിച്ചു.
വിധവയായ മരുമകള്‍ സുനിതയെ കമലാദേവി ചേര്‍ത്തുപിടിച്ചു. സ്വന്തം മകളെ പോലെ മരുമകളെ സ്‌നേഹിച്ച കമലാ ദേവി സുനിതയെ നിര്‍ബന്ധിച്ച് പഠിക്കാന്‍ അയച്ചു. ബിരുദാനന്തര ബിരുദവും ബിഎഡും പൂര്‍ത്തിയാക്കിയ സുനിതയ്ക്ക് തുടര്‍ന്ന് ഒരു സ്‌കൂളില്‍ അധ്യാപികയായി ജോലി ലഭിച്ചു.
തുടര്‍ന്ന് സുനിതയെ വിവാഹം കഴിപ്പിച്ച് അയക്കാനുള്ള ശ്രമത്തിലായിരുന്നു കമലാ ദേവി. ഒടുവില്‍ ഭോപ്പാലില്‍ സിഎജി ഓഡിറ്ററായ മുകേഷുമായി സുനിതയുടെ വിവാഹം നടത്തി.
കടുത്ത സ്ത്രീധന വിരോധികൂടിയാണ് കമലാ ദേവി. മകന്‍ ശുഭം സുനിതയെ വിവാഹം കഴിച്ചപ്പോള്‍ ഇവര്‍ സ്ത്രീധനം വാങ്ങിയിരുന്നില്ല. മുകേഷുമായുള്ള സുനിതയുടെ വിവാഹം നടത്തിയപ്പോഴും ഇവര്‍ സ്ത്രീധനം വാഗ്ദാനം ചെയ്യാതെ മാതൃകയായി.