അസം, നാഗാലാന്‍ഡ്, ത്രിപുര എന്നീ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ രാജ്യസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ എല്ലാ സീറ്റുകളിലും വിജയിക്കാനാകുമെന്ന ആത്മവിശ്വാസത്തിലാണ് ബിജെപി. നിലവില്‍ അസമിലെ രണ്ട് സീറ്റുകള്‍ പ്രതിനിധീകരിക്കുന്നത് കോണ്‍ഗ്രസിന്റെ റിപുണ്‍ ബോറയും റാണി നാരയുമാണ്. സിപിഎമ്മിന്റെ ജര്‍ണ ദാസ് ത്രിപുരയെയും, എന്‍പിഎഫിന്റെ കെ.ജെ. കെന്യെ നാഗാലാന്‍ഡിനെയും പ്രതിനിധീകരിക്കുന്നു. ഇവരുടെ കാലാവധി ഏപ്രില്‍ രണ്ടിന് അവസാനിക്കും.
അസമിൽ, ഭരണകക്ഷിയായ ബി.ജെ.പി ഒരു രാജ്യസഭാ സീറ്റിലേക്ക് പബിത്ര മാർഗരിറ്റയെ സ്ഥാനാർത്ഥിയായി നാമനിർദ്ദേശം ചെയ്തു. ബിജെപിയുടെ സഖ്യകക്ഷിയായ യുണൈറ്റഡ് പീപ്പിൾസ് പാർട്ടി ലിബറൽ (യു.പി.പി.എൽ) തങ്ങളുടെ സീറ്റില്‍ റംഗ്‌വ്ര നർസാരിയെയും നാമനിര്‍ദ്ദേശം ചെയ്തു.
ചിരാംഗ്, ബക്‌സ, ഉദൽഗുരി, കൊക്രജാർ എന്നീ നാല് ജില്ലകൾ ഉൾപ്പെടുന്ന പടിഞ്ഞാറൻ അസമിൽ ശക്തമായ രാഷ്ട്രീയ അടിത്തറയുള്ള യുപിപിഎല്ലിന്റെ പ്രസിഡന്റാണ് നർസാരി. സിറ്റിംഗ് രാജ്യസഭാംഗവും മുൻ സംസ്ഥാന പാർട്ടി അധ്യക്ഷനുമായ റിപുൺ ബോറയെ മുഖ്യപ്രതിപക്ഷമായ കോൺഗ്രസ് നാമനിർദേശം ചെയ്തു.
കഴിഞ്ഞ വർഷത്തെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം വേർപിരിഞ്ഞ കോൺഗ്രസും ഓൾ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ടും (എഐയുഡിഎഫ്) രാജ്യസഭ തിരഞ്ഞെടുപ്പില്‍ വീണ്ടും ഒന്നിച്ചു. കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്നാണ് എഐയുഡിഎഫിന്റെ പ്രഖ്യാപനം.
126 അംഗ സഭയിൽ ഒരു സീറ്റിൽ വിജയിക്കാൻ 42 എംഎൽഎമാരുടെ പിന്തുണയാണ് കോണ്‍ഗ്രസിന് വേണ്ടത്. എഐയുഡിഎഫ് അംഗങ്ങളുടെ ഉള്‍പ്പെടെയുള്ള പിന്തുണയില്‍ ഇത് സാധ്യമാകുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ. എന്നാല്‍ നിരവധി പ്രതിപക്ഷ എംഎല്‍എമാര്‍ ബിജെപിയെ പിന്തുണയ്ക്കുമെന്നാണ് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയുടെ അവകാശവാദം.
നാഗാലാൻഡിൽ മഹിളാ മോർച്ച അധ്യക്ഷ എസ്. ഫാങ്‌നോൺ കൊന്യാക്കാണ് ബിജെപിയുടെ സ്ഥാനാര്‍ത്ഥി. കൊന്യാക്കിനെ പിന്തുണയ്ക്കുമെന്ന് എന്‍പിഎഫ്, എന്‍ഡിപിപി എന്നീ പാര്‍ട്ടികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ നാഗാലാന്‍ഡിലെ ആദ്യ വനിതാ രാജ്യസഭാംഗമായി ഫാങ്‌നോൺ കൊന്യാക്ക് മാറും.
1963-ൽ നാഗാലാൻഡിന് സംസ്ഥാന പദവി ലഭിച്ചതിനുശേഷം, വടക്കുകിഴക്കൻ സംസ്ഥാനത്തിന് ഒരു വനിതാ പാർലമെന്റേറിയൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ, 1977-ൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട റാനോ എം. ഷൈസ. സംസ്ഥാന നിയമസഭയിൽ ഇതുവരെ ഒരു വനിതാ എംഎൽഎ ഉണ്ടായിരുന്നില്ല.
ത്രിപുരയിൽ ബിജെപി സ്ഥാനാർത്ഥി പ്രൊഫ. (ഡോ.) മണിക് സാഹയുടെ വിജയം ഏറെക്കുറെ ഉറപ്പാണ്. എന്നിരുന്നാലും, രാജ്യസഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി സ്ഥാനാർത്ഥിയായി ത്രിപുര മുൻ ധനകാര്യ-വാർത്താവിതരണ മന്ത്രി ഭാനുലാൽ സാഹയെ സിപിഐ-എം നാമനിർദ്ദേശം ചെയ്തു.