ലോകാരോഗ്യസംഘടനാ മേധാവിയെ 'തുളസിഭായ്' എന്ന് വിളിച്ച് നരേന്ദ്ര മോദി; ഇന്ത്യന്‍ പ്രധാനമന്ത്രി നല്‍കിയ പേര് സന്തോഷത്തോടെ സ്വീകരിച്ച് ലോകാരോഗ്യസംഘടനാ മേധാവി! കൂടാതെ ഗുജറാത്തിയില്‍ മറുപടിയും-വീഡിയോ വൈറല്‍

author-image
നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

Advertisment

ഗാന്ധിനഗര്‍: ലോകാരോഗ്യസംഘടനാ മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസിന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നല്‍കിയ 'പുതിയ പേര്' വൈറലാകുന്നു. 'തുളസി ഭായ്' എന്ന പേരിലാണ് ടെഡ്രോസ് അദാനോം ഗെബ്രിയേസസിനെ പ്രധാനമന്ത്രി വിശേഷിപ്പിച്ചത്.

മഹാത്മാഗാന്ധിയുടെ ജന്മസ്ഥലത്ത് ബുധനാഴ്ച നടന്ന ഗ്ലോബൽ ആയുഷ് & ഇന്നൊവേഷൻ ഉച്ചകോടിയിൽ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ലോകാരോഗ്യസംഘടനാ മേധാവി. തന്നെ ഒരു ഗുജറാത്തി പേരില്‍ വിളിക്കണമെന്ന ടെഡ്രോസ് അദാനോം ഗെബ്രിയേസസിന്റെ അഭ്യര്‍ത്ഥന സ്വീകരിച്ചുകൊണ്ടാണ് പ്രധാനമന്ത്രി തുളസി ഭായ് എന്ന പേര് അദ്ദേഹത്തിന് നല്‍കിയത്.

ആയുര്‍വേദത്തെക്കുറിച്ച് പ്രധാനമന്ത്രി പ്രസംഗിച്ചുകൊണ്ടിരിക്കെയാണ് ഈ സംഭവം നടന്നത്. ആയുര്‍വേദത്തില്‍ വളരെ പ്രാധാന്യം അര്‍ഹിക്കുന്ന ഒന്നാണ് തുളസി. ഇതും കൂടി കണക്കിലെടുത്താണ് പ്രധാനമന്ത്രി ടെഡ്രോസ് അദാനോം ഗെബ്രിയേസസിനെ തുളസി ഭായ് എന്ന് വിളിച്ചത്. പ്രധാനമന്ത്രിയുടെ വാക്കുകള്‍ ഇങ്ങനെ...

"ഇന്ന് നിങ്ങളുമായി ഒരു സന്തോഷവാര്‍ത്ത പങ്കിടാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ലോകാരോഗ്യസംഘടനയുടെ മേധാവി എന്റെ ഒരു നല്ല സുഹൃത്താണ്. ഇന്ന് താന്‍ ഈ നിലയില്‍ എത്തിയതിന് കാരണം, തന്നെ കുട്ടിക്കാലം മുതല്‍ പഠിപ്പിച്ച ഇന്ത്യന്‍ അധ്യാപകരാണെന്ന് അദ്ദേഹം എന്നെ കാണുമ്പോഴൊക്കെ പറയാറുണ്ട്. തന്റെ ജീവിതത്തില്‍ ഇന്ത്യന്‍ അധ്യാപകര്‍ക്ക് സുപ്രധാന പങ്കാണുള്ളതെന്നും, ഇന്ത്യയുമായി ബന്ധപ്പെട്ടിരിക്കുന്നതില്‍ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.

താന്‍ ഒരു യഥാര്‍ത്ഥ ഗുജറാത്തി (പക്കാ ഗുജറാത്തി) ആയെന്നും, ദയവായി ഒരു ഗുജറാത്തി പേര് നല്‍കണമെന്നുമാണ് അദ്ദേഹം ഇന്ന് എന്നോട് പറഞ്ഞത്. തനിക്കുവേണ്ടിയുള്ള ആ പേര് തീരുമാനിച്ചോയെന്ന് അദ്ദേഹം ഈ സ്‌റ്റേജില്‍ എന്നോട് ചോദിച്ചുകൊണ്ടിരുന്നു. അതുകൊണ്ട്, മഹാത്മാഗാന്ധിയുടെ ഈ പുണ്യഭൂമിയില്‍ ഒരു ഗുജറാത്തി എന്ന നിലയില്‍ അദ്ദേഹത്തിന് 'തുളസിഭായ്' എന്ന പേര് നല്‍കുന്നു.

യുവതലമുറ മറന്നുതുടങ്ങിയ ഒരു ചെടിയാണ് തുളസി. പക്ഷേ തലമുറകളായി, ഇന്ത്യയിലെ വീടുകളില്‍ തുളസി ചെടി വളര്‍ത്തുകയും, ആരാധിക്കുകയും ചെയ്യുന്ന ഒരു പാരമ്പര്യമുണ്ട്. ഇത് ഇന്ത്യയുടെ ആത്മീയ പൈതൃകത്തിലും പ്രധാനപ്പെട്ടതാണ്.

അതുകൊണ്ട്, ഗുജറാത്തിനോടുള്ള നിങ്ങളുടെ സ്‌നേഹവും, ഗുജറാത്തി ഭാഷയില്‍ സംസാരിക്കാനുള്ള താത്പര്യവും, ഇന്ത്യന്‍ അധ്യാപകരോടുള്ള ബഹുമാനവും കണക്കിലെടുക്കുമ്പോള്‍, നിങ്ങളെ 'തുളസിഭായ്' എന്ന് വിളിക്കുന്നതില്‍ പ്രത്യേക സന്തോഷം തോന്നുന്നു''-പ്രധാനമന്ത്രി പറഞ്ഞു. പിന്നീട് ഗുജറാത്തി ഭാഷയിലായിരുന്നു ലോകാരോഗ്യസംഘടന മേധാവിയുടെ മറുപടി.

Advertisment