71,000 രൂപയുടെ സ്‌കൂട്ടറിന് 15 ലക്ഷം രൂപയുടെ നമ്പര്‍ പ്ലേറ്റ്! ഫാന്‍സി നമ്പര്‍ സ്വന്തമാക്കാന്‍ ചണ്ഡീഗഡില്‍ പണമൊഴുക്കി ലേലത്തില്‍ പങ്കെടുത്തത് നിരവധി പേര്‍; ലേലത്തിലൂടെ രജിസ്‌ട്രേഷന്‍ അതോറിറ്റി നേടിയത് കോടികള്‍

author-image
നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

Advertisment

ചണ്ഡീഗഡ്: 71,000 രൂപയുടെ തന്റെ ഹോണ്ട ആക്ടിവ സ്‌കൂട്ടറിന് ഇഷ്ടപ്പെട്ട നമ്പര്‍ പ്ലേറ്റ് ലഭിക്കാന്‍ ചണ്ഡീഗഡ് സ്വദേശി ചെലവഴിച്ചത് 15 ലക്ഷം രൂപ.  അഡ്വെര്‍ടൈസിങ് പ്രൊഫഷണലായ ബ്രിജ് മോഹന്‍ (42) ആണ് ചണ്ഡീഗഡ് രജിസ്‌ട്രേഷന്‍ ആന്‍ഡ് ലൈസന്‍സിംഗ് അതോറിറ്റി അടുത്തിടെ നടത്തിയ ലേലത്തില്‍ ഫാന്‍സി നമ്പര്‍ പ്ലേറ്റ് വന്‍ തുകയ്ക്ക് സ്വന്തമാക്കിയത്. 'CH01-CJ-0001' എന്ന നമ്പര്‍ പ്ലേറ്റിനായി ഇയാള്‍ 15.44 ലക്ഷം രൂപയാണ് ലേലത്തില്‍ ചെലവഴിച്ചത്.

വന്‍ തുകയ്ക്ക് നമ്പര്‍ പ്ലേറ്റ് സ്വന്തമാക്കിയെങ്കിലും ഇത് സ്‌കൂട്ടറിനു വേണ്ടി സ്ഥിരമായി ഉപയോഗിക്കാന്‍ ബ്രിജ് മോഹന് പദ്ധതിയില്ല. ഭാവിയില്‍ കാര്‍ മേടിക്കുമ്പോള്‍ അതില്‍ ഈ നമ്പര്‍ പ്ലേറ്റ് ഉപയോഗിക്കുമെന്നും, തത്കാലത്തേക്ക് ഇത് സ്‌കൂട്ടറില്‍ വയ്ക്കുമെന്നും ഇയാള്‍ പറഞ്ഞു.

CH01-CJ എന്ന പുതിയ സീരിസിലുള്ള വിവിധ ഫാന്‍സി നമ്പറുകളുടെ ലേലം ഏപ്രില്‍ 14-16 തീയതികളിലാണ് നടന്നത്. 379 രജിസ്‌ട്രേഷന്‍ നമ്പറുകളുടെ ലേലം വഴി 1.5 കോടിയോളം രൂപ ലഭിച്ചതായി ചണ്ഡീഗഡ് ലൈസന്‍സിംഗ് അതോറിറ്റിയിലെ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ബ്രിജ് മോഹനാണ് ലേലത്തില്‍ ഏറ്റവും തുക ചെലവഴിച്ചത്. 50,000 രൂപയ്ക്ക് തുടങ്ങിയ ലേലമാണ് 15.44 ലക്ഷത്തിലെത്തിയത്. CH-01-CJ-002 എന്ന നമ്പര്‍ ലഭിക്കാന്‍ മറ്റൊരു വ്യക്തി 5.4 ലക്ഷം രൂപ ചെലവഴിച്ചതാണ് ലേലത്തിലെ രണ്ടാമത്തെ ഉയര്‍ന്ന തുക. CH-01-CJ-007 എന്ന നമ്പറിന് 4.4 ലക്ഷം രൂപയും, CH-01-CJ-003 എന്നതിന് 4.2 ലക്ഷം രൂപയും ഓരോ വ്യക്തികള്‍ ചെലവഴിച്ചു. 30,000 രൂപയിലായിരുന്നു ഈ നമ്പറുകള്‍ക്കുള്ള ലേലം തുടങ്ങിയത്.

2012-ലാണ് 0001 നമ്പര്‍ പ്ലേറ്റിനായുള്ള ഏറ്റവും ഉയര്‍ന്ന ലേലം നടന്നത്. അന്ന് ഒരു ബെന്‍സ് കാര്‍ ഉടമ CH-01-AP സീരീസിലുള്ള നമ്പറിനായി 26.05 ലക്ഷം രൂപ ചെലവഴിച്ചിരുന്നു.

Advertisment