ഡല്‍ഹി: കോണ്‍ഗ്രസിന്റെ ചരിത്രത്തിലെ നാഴികകല്ലാകുകയാണ് ഉദയ്പൂര്‍ നവസങ്കല്‍പ് ചിന്തന്‍ ശിവിര്‍. സോണിയാ ഗാന്ധി അധികാരമേറ്റശേഷം ഇത് നാലാം തവണയാണ് ചിന്തന്‍ ശിവിര്‍ നടത്തുന്നത്. അധികാരത്തില്‍ നിന്നും മാറിനിന്ന ഇടവേളകളില്‍ തെറ്റു തിരുത്തി മുന്നോട്ട് കുതിക്കുക എന്നതിന് കരുത്തു പകരുന്നതാണ് ചിന്തന്‍ ശിവിറിനെ വേറിട്ടു നിര്‍ത്തുന്നത്.
ഇതിന്റെ സംഘാടന മികവില്‍ കേരളത്തിലെ കോണ്‍ഗ്രസിനും അഭിമാനിക്കാം. കോൺഗ്രസ് അധ്യക്ഷയുടെ നിർദേശങ്ങൾക്കനുസരിച്ചു എല്ലാത്തിനും ചുക്കാന്‍ പിടിച്ചതും മുമ്പോട്ടുകൊണ്ടുപോയതും കേരളത്തിൽ നിന്നുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിന്റെ നേതൃത്വത്തിലായിരുന്നു. ചിന്തന്‍ ശിവിറിന്റെ ഏകോപന ചുമതലയും കെസിക്കായിരുന്നു.
ഒരുവേള വിശ്രമമില്ലാതെയാണ് വേണുഗോപാലിന്റെ നേതൃതത്തില്‍ ഒരു ടീം ചിന്തന്‍ ശിവിറിനായി നേരത്തെ തന്നെ പ്രവർത്തനങ്ങൾ തുടങ്ങിയത്. വലിയ ആസൂത്രണത്തോടെ നടത്തിയ ആ സെഷന്റെ വിജയമാണ് ഏറെ പ്രതീക്ഷയോടെ രാജ്യം ഉറ്റുനോക്കുന്നത്.
ആഴ്ചകൾക്കു മുൻപേ തുടങ്ങിയ മുന്നൊരുക്കങ്ങൾക്ക് മുതിര്‍ന്ന നേതാക്കളായ അംബിക സോണിയും ജയറാം രമേശും,രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും എ ഐ സി സി ജനറല്‍ സെക്രട്ടറിമാരായ രണ്‍ദീപ് സുര്‍ജേവാലയും അജയ്മാക്കനും, അടങ്ങിയ മുതിര്‍ന്ന നേതൃനിര എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കി.
വിവിധ വിഷയങ്ങളില്‍ ആറു സമിതികളുടെ രൂപീകരണം, ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങളിലെ പ്രദേശ് കമ്മിറ്റികള്‍ക്കും മതിയായ പ്രാതിനിധ്യം, പി സി സി അധ്യക്ഷന്മാര്‍, കോണ്‍ഗ്രസ് നിയമസഭാ കക്ഷിനേതാക്കള്‍, എം പി മാര്‍, യുവജന-വിദ്യാര്‍ത്ഥി -മഹിളാ പ്രാതിനിധ്യം, എസ് സി, എസ് ടി, ഓ ബി സി, ന്യുനപക്ഷ പങ്കാളിത്തം തുടങ്ങി എല്ലാ വിഭാഗങ്ങള്‍ക്കും അര്‍ഹമായ പ്രാതിനിധ്യം ഉറപ്പാക്കാന്‍ ദേശീയ നേതൃത്വം പ്രത്യേക ശ്രദ്ധ പുലര്‍ത്തിയിരുന്നു.
ഏറ്റവുമധികം പ്രതിനിധികൾ പങ്കെടുത്ത ചിന്തന്‍ ശിവിര്‍ എന്ന നിലയിലും, പങ്കെടുത്ത 400 ലധികം വരുന്ന പ്രതിനിധികളിൽ 50 ശതമാനത്തോളം പേരുടെ ശരാശരി പ്രായം 50 വയസ്സിൽ താഴെയാണെന്നതും ഉദയ്പുർ ശിവിറിൻെറ പ്രാധാന്യം ഇരട്ടിപ്പിക്കുന്നു.
ആകെ പ്രതിനിധികളിൽ സ്ത്രീ പ്രാതിനിധ്യവും ആനുപാതികമായി ഉറപ്പാക്കാൻ ദേശീയ നേതൃത്വം പ്രത്യേകം ശ്രദ്ധിച്ചു. 21 ശതമാനമാണ് സ്ത്രീ പ്രാതിനിധ്യം ഉണ്ടായിരുന്നത്. ചിന്തിക്കാൻ മാത്രമല്ല നടപടികൾക്ക് വേണ്ടിയാണ് ഉദയ്പൂർ ശിവിർ എന്നായിരുന്നു വേണുഗോപാലിന്റെ കാലകൂട്ടിയുള്ള പ്രഖ്യാപനവും.
വിവിധ സമിതികളുടെ കണ്‍വീനര്‍മാരായി അനുഭവ സമ്പത്തും പ്രവര്‍ത്തനപാരമ്പര്യവുമുള്ള മുതിര്‍ന്ന നേതാക്കളായ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, മുകുള്‍ വാസ്‌നിക്, പി. ചിദംബരം, സല്‍മാന്‍ ഖുര്‍ഷിദ്, ഭൂപീന്ദര്‍ ഹൂഡ എന്നിവരെ നിയോഗിച്ച ദേശീയ നേതൃത്വം യുവജന തൊഴില്‍ സമിതിയുടെ കണ്‍വീനറാക്കിയത് യുവനേതാവും പഞ്ചാബ് പി.സി.സി അദ്ധ്യക്ഷനുമായ അമരീന്ദര്‍ രാജാബ്രാറിനെയാണ് എന്നതും ശ്രദ്ധേയമായി.
ചിന്തന്‍ ശിവിറിന്റെ ആലോചനാ യോഗം മുതല്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഓരോ ഘട്ടത്തിലും സജീവമായി ഇടപെട്ടിരുന്നു.
ചിന്തന്‍ ശിവിര്‍ കോണ്‍ഗ്രസില്‍ പുരോഗമനപരമായ മാറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചതാണ് ചരിത്രം. 2003ലെ ഷിംല ചിന്തന്‍ ശിവിറിന് ശേഷം തൊട്ടടുത്തവര്‍ഷം നടന്ന പൊതുതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഐക്യപുരോഗമനസഖ്യം രാജ്യത്ത് അധികാരത്തിലെത്തി.
ഷിംലയിലെ ചര്‍ച്ചകളില്‍ രൂപം നല്‍കിയ നയപരിപാടികളും ആശയങ്ങളും ഫലപ്രദമായി നടപ്പിലാക്കിയതോടെ 2009 ല്‍ നടന്ന തെരഞ്ഞെടുപ്പിലും യു പി എ അധികാരം നിലനിര്‍ത്തി. അതെ മാതൃകയില്‍ തന്നെയായിരുന്നു മൂന്നു ദിവസത്തെ വിശദമായ ചര്‍ച്ചകള്‍ക്കൊടുവില്‍ ദൃഢതയുള്ള നിലപാടുകള്‍ സ്വീകരിച്ചുകൊണ്ട് ഉദയ്പൂര്‍ പ്രഖ്യാപനം പ്രവര്‍ത്തക സമിതി അംഗീകരിച്ചത്.
സംഘടനാപരമായ ദൗര്‍ബല്യങ്ങള്‍ പരിഹരിക്കുന്നതില്‍ ശ്രദ്ധയൂന്നി നടന്ന ചര്‍ച്ചകളില്‍ പ്രവര്‍ത്തകവികാരം മുന്‍നിര്‍ത്തിയുള്ള തീരുമാനങ്ങള്‍ക്കും തെരഞ്ഞെടുപ്പുവിജയങ്ങള്‍ ലക്ഷ്യമാക്കിയുള്ള നടപടികള്‍ക്കും ഊന്നല്‍നല്‍കുന്നതില്‍ ദേശീയ നേതൃത്വം പ്രത്യേകം ശ്രദ്ധനല്‍കിയിരുന്നു.
കോണ്‍ഗ്രസിന്റെ എല്ലാ സമിതികളിലും യുവജനങ്ങള്‍ക്ക് അമ്പത് ശതമാനം പ്രാതിനിധ്യം നല്‍കണമെന്നതാണ് ചിന്തന്‍ ശിവിറില്‍ എടുത്ത പ്രധാന തീരുമാനം. ഇതിന് പുറമെ ഒരു നേതാവിന് ഒരു പദവി മാത്രമെ ഇനിമുതലുണ്ടാകൂ. എന്നാല്‍ അഞ്ച് വര്‍ഷമെങ്കിലും പ്രവര്‍ത്തിച്ച് പരിചയമുള്ളയാളാണ് കുടുബത്തിലെ രണ്ടാമത്തേയോ മൂന്നാമത്തേയോ ആളെങ്കില്‍ അവര്‍ക്ക് മത്സരിക്കാം.
90 - 120 ദിവസങ്ങള്‍ക്കിടെ എല്ലാ മണ്ഡലം കമ്മിറ്റികളും ബ്ലോക്ക് കമ്മിറ്റികളും രൂപീകരിക്കും. ഡിസിസികളേയും പിസിസികളുടേയും പ്രവര്‍ത്തനം നിരീക്ഷിക്കാന്‍ പ്രത്യേക സമിതിയും ഉണ്ടാകും. എല്ലാ വര്‍ഷവും എഐസിസി, പിസിസി യോഗങ്ങള്‍ നടത്താനും തീരുമാനമുണ്ട്.
രാജ്യത്തെ ഒരുമിപ്പിക്കുക എന്ന മുദ്രാവാക്യം ഉയര്‍ത്തിക്കൊണ്ട് കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ കോണ്‍ഗ്രസ് പദയാത്ര സംഘടിപ്പിക്കും. മഹാത്മാ ഗാന്ധിയുടെ ജന്മദിനമായ ഒക്ടോബര്‍ രണ്ടിന് ജാഥ ആരംഭിക്കും. രാഹുല്‍ ഗാന്ധി തന്നെയാകും പദയാത്ര നടത്തുക.
എന്താണ് കോണ്‍ഗ്രസ്? എന്താണ് കോണ്‍ഗ്രസിന്റെ രീതി? എന്താണ് കോണ്‍ഗ്രസിന്റെ ആശയം എന്നു പഠിപ്പിക്കുന്നതിന് വേണ്ടി കോണ്‍ഗ്രസ് ദേശീയ തലത്തില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കും.
ദേശീയതലത്തില്‍ തെരഞ്ഞെടുപ്പ് സമിതി രൂപീകരിക്കും. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഈ സമിതിയാകും തീരുമാനമെടുക്കുക. പ്രവര്‍ത്തക സമിതിയിലുള്ള പ്രധാനപ്പെട്ട നേതാക്കള്‍ ചേര്‍ന്ന് കോണ്‍ഗ്രസ് അധ്യക്ഷനെ ഉപദേശിക്കുന്നതിന് വേണ്ടി ഒരു ഉപദേശക സമിതി, ദേശീയ തലത്തിലും സംസ്ഥാന തലങ്ങളിലും രാഷ്ട്രീകാര്യ സമിതി എന്നിവയും നിലവില്‍ വരും.